പാരീസിൽ ഇന്ത്യൻ വിദ്യാർഥികൾ താമസിച്ചിരുന്ന വീടിന് തീപിടിച്ചു; പാസ്പോർട്ട് കത്തിനശിച്ചു

ന്യൂഡൽഹി: പാരീസിൽ ഇന്ത്യൻ വിദ്യാർഥികൾ വാടകയ്ക്കു താമസിച്ചിരുന്ന വീടിന് തീപിടിച്ചു. മലയാളികൾ ഉൾപ്പെടെ താമസിച്ചിരുന്ന വീടിനാണ് തീപിടിച്ചത്. വീട്ടിലുണ്ടായിരുന്ന ഉത്തരേന്ത്യൻ വിദ്യാർഥികളിൽ ഒരാൾക്ക് നിസ്സാര പരുക്കേൽക്കുകയും ചെയ്തു. മലയാളി വിദ്യാർഥികൾ ഉൾപ്പെടെ ബാക്കിയുള്ളവരെല്ലാം സുരക്ഷിതരാണെന്നാണ് പുറത്തു വരുന്ന വിവരം.

തീപിടുത്തത്തിൽ നിരവധി വിദ്യാർഥികളുടെ വിദ്യാഭ്യാസ രേഖകളും പാസ്‌പോർട്ടും കത്തിനശിച്ചു. മാനേജ്‌മെന്റ്, എൻജിനീയറിങ് പഠനത്തിന് എത്തിയ 8 മലയാളികൾ ഉൾപ്പെടെ 27 വിദ്യാർഥികളാണ് വീട്ടിൽ താമസിച്ചിരുന്നത്. മുറികളിൽ തീപടർന്നശേഷമാണ് വിദ്യാർത്ഥികൾ അറിഞ്ഞത്. റഫ്രിജറേറ്ററിലെ ഷോർട്ട് സർക്യൂട്ട് മൂലമാണു തീപിടിത്തമുണ്ടായതെന്ന് വിദ്യാർഥികൾ പറയുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വീടിന്റെ ഉടമസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തീപിടുത്തത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് താമസ സ്ഥലത്ത് നിന്നും മാറേണ്ടി വന്നു. ഈ വിദ്യാർഥികൾക്ക് ഇന്ത്യൻ എംബസി വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ഹോട്ടലുകളിൽ താമസമൊരുക്കി നൽകി. പിന്നീട് ഇവരെ വിവിധ വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. താൽക്കാലിക താമസത്തിന് ഒരുമാസത്തേക്ക് സൗകര്യമൊരുക്കിയതായി സർവ മലയാളി ഫ്രാൻസിന്റെ പ്രസിഡന്റ് ജിത്തു ജനാർദനൻ അറിയിച്ചു.