International (Page 222)

ഗാസ: വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ആവര്‍ത്തിച്ചതോടെ ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. മുഴുവന്‍ സൈന്യത്തെയും ഉപയോഗിച്ച് പാലസ്തീനില്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സമാധാന നീക്കം നടത്തിയെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് തന്നെയാണ് നിലപാട്.ഇന്നലെ മാത്രം ഗാസയില്‍ 16 സ്ത്രീകളും 10 കുട്ടികളും അടക്കം 42പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഗാസയില് മരണസംഖ്യ 197 ആയി.

ഗാസ/ജറുസലേം: ഒരാഴ്ചയായി തുടരുന്ന വ്യോമാക്രമണത്തിനും റോക്കറ്റ് ആക്രമണത്തിനും പിന്നാലെ ഗാസയിലെ ഉന്നത ഹമാസ് നേതാവിന്റെ വീടിനു നേരെ ബോംബാക്രമണം നടത്തി ഇസ്രായേല്‍ സൈന്യം.സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഹിഡായ് സില്‍ബെര്‍മാന്‍ ഇസ്രായേല്‍ ആര്‍മി റേഡിയോയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. യെഹിയേ സിന്‍വാറിന്റെ ദക്ഷിണ ഗാസാ സ്ട്രിപ്പിലെ ഖാന്‍ യൂനിസ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന വീടിനുനേരെയാണ് സൈന്യം ആക്രമണം നടത്തിയത്. യെഹിയേ ഒഴിവില്‍ കഴിയാന്‍ സാദ്ധ്യത കല്‍പ്പിക്കുന്ന താവളമാണിത്.

ഇതുവരെ ഇരുപത് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ഇസ്ലാമിക് ജിഹാദ് മിലിട്ടന്റ് ഗ്രൂപ്പും അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് അതിലും കൂടുതലാണെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഗാസയില്‍ തിങ്കളാഴ്ച ആക്രമണങ്ങള്‍ ആരംഭിച്ചതിനു ശേഷം 41 കുട്ടികളടക്കം 148 പേര്‍ കൊല്ലപ്പെട്ടുവെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു. അതേസമയം രണ്ട് കുട്ടികളടക്കം 10 പേര്‍ മരിച്ചതായി ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ജറൂസലം: അൽ ജസീറ, അസോസിയേറ്റഡ്​ പ്രസ്​ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന ഗസ്സയിലെ ബഹുനില ​കെട്ടിടം ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ തകർത്തു. കെട്ടിടം നാമാവശേഷമാക്കിയതായി ‘അൽജസീറ’ റി​പ്പോർട്ട്​ ചെയ്​തു. കെട്ടിടത്തിൽ നിരവധി അപ്പാർട്ടുമെന്‍റുകളും മറ്റ് ഓഫിസുകളും ഉണ്ടായിരുന്നു. ഇവിടെ ഏതാനും കുടുംബങ്ങളും താമസിച്ചിരുന്നു.ആക്രമണത്തിൽ ആളപായമുണ്ടോയെന്നത്​ വ്യക്തമല്ല.

രൂക്ഷമായ വ്യോമാക്രമണത്തിൽ കെട്ടിടം നിലംപതിച്ച്​ പൊടിയും അവശിഷ്ടങ്ങളും പ്രദേശത്ത്​ പരന്നു. ആക്രമണത്തിന്​ ഒരു മണിക്കൂർ മുമ്പ് കെട്ടിടത്തിലെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ‘അൽ ജസീറ’ റിപ്പോർട്ട്​ ചെയ്യുന്നു. അതിനിടെ, ഇസ്രായേൽ തിങ്കളാഴ്ച തുടങ്ങിയ നരനായാട്ടിൽ ഇതുവരെ 39 കുട്ടികളും 22 സ്ത്രീകളും ഉൾപ്പെടെ 140 പേർ കൊല്ലപ്പെട്ടു. ഹമാസിന്‍റെ തിരിച്ചടിയിൽ മലയാളി ഉൾപ്പെടെ എട്ട് പേർ ഇസ്രായേലിൽ കൊല്ലപ്പെട്ടു.

ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തിലെ 10 സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയിൽ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരവും അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പിലെ(യുഎഫ്സി) പ്രമുഖനുമായ കോണര്‍ മഗ്രഗോർ ഒന്നാം സ്ഥാനത്ത്. അവസാന 12 മാസത്തെ താരങ്ങളുടെ പ്രതിഫലത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പ്രതിഫലം പറ്റുന്ന 10 കായിക താരങ്ങളുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടത്.

32 വയസ്സ്കാരനായ മഗ്രഗോർ ഒന്നാം സ്ഥാനത്തേക്ക് എത്തിയപ്പോൾ മറികടന്നത് ഫുട്ബോൾ ലോകത്തെ രാജാക്കന്മാരായ മെസ്സിയേയും റൊണാൾഡോയേയുമാണ്. ഏകദേശം 180 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ 12 മാസത്ത സമ്പാദ്യം. കളത്തിനകത്തെ പ്രതിഫല കണക്കുകള്‍ മാത്രമാണിത്. മെയ് 1, 2020 മുതല്‍ മെയ് 1, 2021 വരെ താരങ്ങള്‍ക്ക് ലഭിച്ച സമ്മാനത്തുകയടക്കം ഇതില്‍ ഉള്‍പ്പെടും.തൻ്റെ കരിയറിൽ ആദ്യമായാണ് താരം ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തുന്നത്.

ഫോബ്സ് പട്ടികയിൽ പതിവുകാരനല്ലാത്ത മഗ്രഗോർ 2020ൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് ഗോദയിൽ ഇറങ്ങിയതെങ്കിലും ആ മൽസരത്തിലെ അവിസ്മരണീയ ജയത്തിന് ശേഷം 22 മില്യന്‍ ഡോളറാണ് താരത്തിന് നേടാനായത്. ഡൊണാൾഡ് സേറോണിനെതിരെ കഴിഞ്ഞ ജനുവരിയിൽ നേടിയ വിജയം താരത്തിൻ്റെ കഴിഞ്ഞ വർഷത്തെ ഏക മത്സരവുമായിരുന്നു.

ചൊവ്വയില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തി ചൈന. ടിയാന്‍വെന്‍ 1 ദൗത്യത്തിന്റെ ഭാഗമായ ഴുറോങ് റോവര്‍ ചൊവ്വയില്‍ സുരക്ഷിതമായി ഇറക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമുദ്രം ആയിരുന്നുന്നെന്ന് അനുമാനിക്കുന്ന ഉട്ടോപ്യ പ്ലാനീഷ്യയില്‍ ആണ് ചൈന പര്യവേഷണ വാഹനം ഇറക്കിയത്. ചൈനയില്‍ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യം എന്ന അപൂര്‍വ നേട്ടവും ഇതോടെ ചൈനയ്ക്ക് സ്വന്തം.

2020 ജൂലൈ 23ന് വെന്‍ചാങ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച ദൗത്യം 2021 ഫെബ്രുവരയില്‍ തന്നെ ചൊവ്വ ഭ്രമണപഥത്തില്‍ എത്തിയിരുന്നു. മൂന്ന് മാസത്തെ ദൗത്യ കാലാവധി ആണ് റോവറിന് നല്‍കിയിരിക്കുന്നത്.

oxygen

ബീജിംഗ്: കൊവിഡ് രോഗികൾക്ക് വളരെ അത്യാവശ്യമായ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ഓക്‌സിജൻ കോൺസൺട്രേ‌റ്റുകൾക്കും മറ്റ് ചികിത്സാ സഹായ ഉപകരണങ്ങൾക്കും കുത്തനെ വിലകൂട്ടി. രാജ്യത്ത് ഇത്തരം ഉപകരണങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുമ്പോൾ തന്നെയാണ് പുതുതായി വാങ്ങുന്ന ഉപകരണങ്ങൾക്ക് ചൈന വിലകൂടുതൽ വാങ്ങുന്നത്.എന്നാൽ ഇന്ത്യയിലെ ആവശ്യങ്ങൾക്കായി ഇന്ത്യൻ കമ്പനികൾ വലിയ തോതിൽ സമ്മർദ്ദം ചെലുത്തുന്നതിനാൽ തങ്ങൾക്ക് യൂറോപ്പിൽ നിന്നും അസംസ്‌കൃത വസ്‌തുക്കൾ വലിയ തോതിൽ ഇറക്കുമതി ചെയ്യേണ്ടി വരുന്നതുകൊണ്ടാണ് വില കൂടുന്നതെന്നാണ് ചൈന പറയുന്ന ന്യായം.

ചൈനയിൽ നിന്നുള‌ള മെഡിക്കൽ സഹായങ്ങൾക്ക് വലിയ വില ഈടാക്കുന്നതും അവ എത്തിക്കുന്ന ഫ്ളൈ‌റ്റുകളുടെ താമസത്തെ കുറിച്ചുമായിരുന്നു പ്രിയങ്കാ ചൗഹാൻ വിമർശിച്ചത്. ഇതിന് മറുപടിയായി വിലക്കയറ്റത്തെ ന്യായീകരിച്ചും വിമാനങ്ങളുടെ താമസം പരിഹരിക്കാമെന്ന വാഗ്ദാനം നൽകിയുമാണ് ചൈന വിവാദത്തിൽ നിന്നും രക്ഷ നേടിയത്.

വിവിധ ചൈനീസ് കമ്പനികൾക്ക് 70,000ത്തോളം ഓക്‌സിജൻ കോൺസൻട്രേ‌റ്റുകളുടെ ഓർഡർ വന്നതായും ഇവ പരമാവധി വേഗത്തിൽ നൽകുമെന്നും ചൈന അറിയിച്ചു. ഇവയ്‌ക്ക് പുറമേ വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെയും ആവശ്യം ഇന്ത്യയിൽ നിന്നുണ്ടെന്ന് ഹുവ ചുൻയിംഗ് പറഞ്ഞു. ഇത്തരത്തിൽ 10 ടണോളം ഇതുവരെ ഇന്ത്യയ്‌ക്ക് കൈമാറി. 20 ടണോളം ഉടനടി ഇന്ത്യയ്‌ക്ക് കൈമാറുമെന്നുമാണ് ചൈനയുടെ വാഗ്‌ദാനം.മാത്രമല്ല ലോകരാജ്യങ്ങളിൽ ഇന്ത്യയെ സഹായിക്കാൻ ആദ്യം മുന്നോട്ട് വന്നത് തങ്ങളാണെന്നും ചൈന അഭിപ്രായപ്പെടുന്നു.

ലണ്ടന്‍ : ബ്രിട്ടനില്‍ മുന്‍നിശ്ചയിച്ച പ്രകാരമുള്ള ലോക്ഡൗണ്‍ ഇളവുകളുണ്ടാകില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പുതിയ ഇന്ത്യന്‍ കോവിഡ് വകഭേദത്തിന്റെ സാന്നിധ്യം ബ്രിട്ടനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. ഡൗണിംങ് സ്ട്രീറ്റില്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 21ന് അനുവദിക്കാനിരിക്കുന്ന കൂടുതല്‍ ഇളവുകള്‍ സാധ്യമാകുമോ എന്നത് പറയാനാകില്ലെന്നാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ബ്രിട്ടനില്‍ ഇന്ത്യന്‍ കോവിഡ് വേരിയന്റിന്റെ വ്യാപനം ഇരട്ടിയായി വര്‍ധിച്ച സാഹചര്യത്തില്‍ മറ്റു രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും രണ്ടാം ഡോസ് വാക്‌സീന്‍ നല്‍കുന്നതിനുള്ള സമയപരിധി 12 ആഴ്ചയില്‍നിന്നും എട്ടാഴ്ചയായി കുറച്ചു. 17 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. രോഗികളായത് 2,193 പേരും.

ജനീവ : ഇന്ത്യയിലെ കോവിഡ് വ്യാപനം ഏറെ വ്യാകുലപ്പെടുത്തുന്നുവെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇന്ത്യയിലെ കോവിഡ് സാഹചര്യം നേരിടാന്‍ ഡബ്ല്യൂഎച്ച്ഒയും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനകം ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റേര്‍സ്, മൊബൈല്‍ ഫീല്‍ഡ് ഹോസ്പിറ്റല്‍ ടെന്റുകള്‍, മാസ്‌ക് തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചുവെന്നും നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളും മരണ നിരക്കും ഉയര്‍ന്ന അളവില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസത്തെ മീഡിയാ ബ്രീഫിങ്ങില്‍ ടെഡ്രോസ് അദാനോം പറഞ്ഞു.നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, കൊളംബിയ, തായ്‌ലന്റ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകളുയരുന്നുണ്ട്.
അതേസമയം ഇന്ത്യയില്‍ കോവിഡ് രോഗ മുക്തരായവരുടെ എണ്ണം രണ്ട് കോടി കടന്നു. 2,00,79,599 പേരാണ് രോഗമുക്തി നേടിയത്. 83.50% ആണ് ദേശിയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,44,776 പേര്‍ രോഗ മുക്തരായി. കഴിഞ്ഞ നാല് ദിവസങ്ങളില്‍, മൂന്ന് ദിവസവും രോഗമുക്തി നേടിയവരുടെ എണ്ണം പുതിയ രോഗബാധിതരേക്കാള്‍ കൂടുതലായിരുന്നു. രാജ്യത്ത് വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകളുടെ ആകെ എണ്ണം 18 കോടിയോട് അടുക്കുന്നു.മൂന്നാംഘട്ട വാക്‌സിനേഷന്‍ യജ്ഞം പുരോഗമിക്കുകയാണ്.

ലണ്ടന്‍: മലയാളി താരം സഞ്ജു സാംസണ് പ്രശംസയുമായി ഹര്‍ഷ ഭോഗ്‌ലെ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് പണ്ഡിതര്‍.സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഒരു ടീമെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ സഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഞാന്‍ നല്ല രീതിയില്‍ ആസ്വദിച്ചിരുന്നുവെന്ന് ബട്‌ലര്‍ വ്യക്തമാക്കി. രാജസ്ഥാനുമായി ലൈവില്‍ സംസാരിക്കുകയായിരുന്നു ബട്‌ലര്‍. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറുടെ വാക്കുകള്‍… ”വ്യക്തി എന്ന നിലയില്‍ ക്യാപ്റ്റന്‍സി സഞ്ജുവിനെ ഒട്ടും മാറ്റിയിരുന്നില്ല.

സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പൈടാതെ ഫ്രീയായി കളിക്കുന്ന താരമാണ് സഞ്ജു. ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു എല്ലാവരിലേക്കും ഒരു പോസിറ്റീവ് എനര്‍ജി നല്‍കാന്‍ സാധിച്ചിരുന്നു. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ നിരവധി കാര്യങ്ങള്‍ സഞ്ജു പഠിച്ചിട്ടുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ പക്വതയേറിയ ചില ഇന്നിങ്‌സ് സഞ്ജു കളിച്ചു. സഞ്ജുവിന്റെ കീഴില്‍ കളിക്കുന്നത് ഞാനും ആസ്വദിച്ചിരുന്നു.” ബട്‌ലര്‍ പറഞ്ഞുനിര്‍ത്തി. ഏഴ് മത്സരങ്ങളാണ് രാജസ്ഥാന്‍ ഐപിഎല്ലില്‍ കളിച്ചത്. സഞ്ജുവാണ് രാജസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. ഒന്നാകെ ഏറ്റവും റണ്‍സ് നേടിയ താരങ്ങളില്‍ അഞ്ചാമതാണ് സഞ്ജു. ഇത്രയും മത്സരങ്ങില്‍ 277 റണ്‍സാണ് സഞ്ജു നേടിയത്.

ജറുസലേം: റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യയ്ക്ക് ആദരവുമായി ഇസ്രയേല്‍. പലസ്തീന്‍ തീവ്രവാദികള്‍ക്കെതിരെയാ ആക്രമണത്തിനുപയോഗിക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് സൗമ്യയുടെ പേര് നല്‍കിയാണ് ഇസ്രയേല്‍ സര്‍ക്കാര്‍ സൗമ്യയ്ക്ക് ആദരം അര്‍പ്പിച്ചിരിക്കുന്നത്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന സൗമ്യയുടെ അടുത്ത ബന്ധുവായ ഷെര്‍്‌ളിയാണ് ഇക്കാര്യം അറിയിച്ചത്.

ഈ മാസം പതിനെട്ടിന് സൗമ്യയുടെ ഭൗതികശരീരം കേരളത്തില്‍ എത്തിക്കും. സൗമ്യ സന്തോഷിന്റെ കുടുംബത്തെ ഇസ്രയേലി അധികൃതര്‍ സംരക്ഷിക്കുമെന്ന് ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ലീന്‍ അറിയിച്ചിരുന്നു. ചൊവ്വാഴ്ചയാണ് 31-കാരിയായ സൗമ്യ സന്തോഷ് അഷ്‌കെലോണില്‍് കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നനിടെയായിരുന്നു താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍് റോക്കറ്റ് പതിച്ചത്.