International (Page 221)

ഡെറാഡൂണ്‍: ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും വനനശീകരണത്തിനെതിരായ ചിപ്‌കോ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ സുന്ദര്‍ലാല്‍ ബഹുഗുണ കൊവിഡ് ബാധിച്ച് അന്തരിച്ചു. 94 വയസായിരുന്നു.കൊവിഡ് പോസിറ്റീവായ ബഹുഗുണ, പത്തുദിവസമായി ഋഷികേശ് എയിംസില്‍ തീവ്രപരിചരണത്തിലായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് 2009ല്‍ സുന്ദര്‍ലാല്‍ ബഹുഗുണയെ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.ചിപ്‌കോ പ്രസ്ഥാനത്തിന് (ചിപ്‌കോ ആന്ദോളന്‍) നേതൃത്വം നല്‍കി. വനങ്ങള്‍ സംരക്ഷിക്കാന്‍ സ്ത്രീകളെ കൂട്ടമായി അണിനിരത്തിയായിരുന്നു സമരം.1927 ജനുവരി 9ന് ഉത്തരാഖണ്ഡിലെ തെഹ്രിക്കടുത്ത മറോദ ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം തൊട്ടുകൂടായ്മയ്‌ക്കെതിരെ പോരാടി. പിന്നീട് സ്ത്രീകളെ സംഘടിപ്പിച്ച് മദ്യവിരുദ്ധ സമരങ്ങള്‍ സംഘടിപ്പിച്ചു. ഗാന്ധിയന്‍ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി. ചിപ്‌കോ പ്രസ്ഥാനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വനനശീകരണം, വലിയ അണക്കെട്ടുകള്‍, ഖനനം തുടങ്ങിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു.1981ല്‍ രാജ്യം പദ്മശ്രീ നല്‍കിയെങ്കിലും നിരസിച്ചിരുന്നു.വിമല ബഹുഗുണയാണ് ഭാര്യ.മൂന്നു മക്കളുണ്ട്.

വാഷിംങ്ടണ്‍: ഇതുവരെ ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി അമേരിക്കന്‍ ഡോളറിന്‍റെ സഹായം നല്‍കിയിട്ടുണ്ടെന്ന് അമേരിക്ക. ഇന്ത്യയിലെ കൊവിഡ് സ്ഥിതിഗതികള്‍ പരിഗണിച്ച് ഇത്തരം സഹായങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ തന്നെയാണ് അമേരിക്കയിലെ ബൈഡന്‍ സര്‍ക്കാര്‍ തീരുമാനമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനകം ആറു വിമാനങ്ങള്‍ സഹായങ്ങളുമായി അയച്ചുകഴിഞ്ഞു. ഇതില്‍ ആരോഗ്യ ഉപകരണങ്ങള്‍, മെഡിക്കല്‍ ഓക്സിജന്‍, മാസ്കുകള്‍, ടെസ്റ്റ്കിറ്റുകള്‍, മരുന്നുകള്‍ ഇവ ഉള്‍പ്പെടുന്നു – വൈറ്റ് ഹൗസ് അറിയിച്ചു.

വൈറ്റ് ഹൌസാണ് ബുധനാഴ്ച ഈ കാര്യം വ്യക്തമാക്കിയത്, ഇതിന് പുറമേ ഇതിന് പുറമേ 8 കോടി വാക്സിനുകള്‍ ഉടന്‍ വിവിധ ലോക രാജ്യങ്ങള്‍ക്ക് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ ഗവണ്‍മെന്‍റ് അറിയിക്കുന്നു.ഇതിന് പുറമേയാണ് വിവിധ ലോക രാജ്യങ്ങള്‍ക്കായി 8 കോടി ഡോസ് വാക്സിനുകള്‍ നല്‍കാനുള്ള നീക്കവും അമേരിക്കയില്‍ നടക്കുന്നത്. ഇതില്‍ 6 കോടി വാക്സിന്‍ ആസ്ട്ര സെനിക്ക വാക്സിനായിരിക്കും. ബാക്കി 2 കോടി വാക്സിനുകള്‍ ഇന്ത്യ അംഗീകരിച്ച മറ്റ് വിദേശ വാക്സിനുകളായിരിക്കും നല്‍കുക.

ഇവയുടെ വിതരണം എങ്ങനെ വേണം എന്നതില്‍ അമേരിക്കയിലെ ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.ഇതുവരെ അമേരിക്കന്‍ സര്‍ക്കാര്‍, ഫെഡറല്‍ സര്‍ക്കാറുകള്‍, അമേരിക്കന്‍ കമ്പനികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ നിന്നായി ഇന്ത്യയുടൊ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി അമേരിക്കന്‍ ഡോളര്‍ നല്‍കിയിട്ടുണ്ട്, വൈറ്റ് ഹൗസില്‍ ബുധനാഴ്ച നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പാസ്കി അറിയിച്ചു.

ഗാസ: ഇസ്രയേൽ-ഹമാസ് പോരാട്ടം വെടിനിർത്തലിലേക്കെന്ന് സൂചന. ലെബനനിലെ അൽ മയദീൻ ടി‌വിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഹമാസ് നേതാവ് മൂസ അബു മർസോക് ഈ സൂചന നൽകിയത്.
ഇസ്രയേൽ ആക്രമണത്തിന്റെ തീവ്രത കുറയ്‌ക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. മുൻപ് ഐക്യരാഷ്‌ട്രസഭയുടെ മദ്ധ്യേഷ്യയിലെ സമാധാനദൂതൻ ടോർ വെനെസ്‌ലാൻഡ് ഹമാസ് നേതാവ് ഇസ്‌മായിൽ ഹനിയയെ ഖത്തറിൽ വച്ച് കണ്ട് ചർച്ച നടത്തിയിട്ടും ഇരുവിഭാഗവും പോരാട്ടം തുടരുകയായിരുന്നു.
സംഘർഷം തുടങ്ങിയ ശേഷം ഇതുവരെ 228 പാലസ്‌തീനികൾ കൊല്ലപ്പെട്ടെന്ന് പാലസ്‌തീൻ ആരോഗ്യകേന്ദ്ര അധികാരികൾ അറിയിച്ചു. തങ്ങളുടെ ഭാഗത്ത് 12 പേർ മരിച്ചതായി ഇസ്രയേലും പറയുന്നു.

കൊളംബോ: ശ്രീലങ്കയില്‍ ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് കോവിഡ് സാഹചര്യത്തില്‍ ഉപേക്ഷിച്ചു. പാകിസ്ഥാനില്‍ നടത്താനിരുന്ന ടൂര്‍ണമെന്റാണ് ശ്രീലങ്കയിലേക്ക് മാറ്റിയത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് ഒരു വര്‍ഷത്തേക്ക് നീട്ടി വച്ചത്. 2023 ലോകകപ്പുവരെ ടീമുകള്‍ക്ക് ദീര്‍്ഘമായ ഒഴിവില്ലാത്തതിനാല്‍ ടൂര്‍ണമെന്റ് ഉപേക്ഷിക്കുകയായിരുന്നു.

കൊവിഡ് കാലത്ത് മാനവികതയുടെ സന്ദേശം പ്രചരിപ്പിച്ച ‘100 ദശലക്ഷം ഭക്ഷണപ്പൊതികൾ’ എന്ന പദ്ധതി വൻ വിജയം. 10 ദിവസം കൊണ്ട് 199 കോടി രൂപയിലേറെയാണ് പദ്ധതിയിലേക്ക് ഒഴുകിയത്. ദിവസങ്ങൾ പിന്നിട്ടപ്പോൾ നൂറുകണക്കിനാളുകൾ വീണ്ടും ക്യാംപെയ്ൻെറ ഭാഗമായി മാറി. ബിസിനസുകാരും കലാകാരൻമാരും സെലിബ്രിറ്റികളുമെല്ലാം പദ്ധതിയുടെ ഭാഗമായി. 12 ഫൂഡ് ബാങ്കുകളുമായി സഹകരിച്ചായിരുന്നു ഭക്ഷണ വിതരണം. യുഎൻ വേൾഡ് ഫൂഡ് പ്രോഗാമിൻെറ പിന്തുണയോടെയായിരുന്നു ഇത്.

റമദാൻ മാസത്തോടനുബന്ധിച്ച് കോവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങൾക്കും വ്യക്തികൾക്കും സഹായഹസ്തം നൽകാൻ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. പദ്ധതിയിലേയ്ക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഉൾപ്പെടെ നിരവധി പേര്‍ സംഭാവന നൽകിയിരുന്നു. രണ്ട് കോടി രൂപയാണ് യൂസഫലി ക്യാംപെയ്ൻെറ തുടക്കത്തിൽ സംഭാവന ചെയ്തത്.

ഇതിലൂടെ പത്തു ലക്ഷം പേർക്ക് ഭക്ഷണപ്പൊതികൾ നൽകാനായി.അവികസിത രാജ്യങ്ങളിൽ ഇപ്പോഴും ഭക്ഷണ വിതരണം തുടരുന്നുണ്ട്.ഏകദേശം 1,85,000 പേര്‍ പദ്ധതിയിലേക്ക് ചെറുതും വലുതുമായ സംഭാവനകൾ നൽകി. ഇന്ത്യ, സുഡാൻ, ലെബനൻ, ജോര്‍ദാൻ, പാക്കിസ്ഥാൻ, ഉഗാണ്ട, ബംഗ്ലാദേശ്, പാലസ്തീൻ തുടങ്ങി 30 ഓളം രാജ്യങ്ങളിൽ പദ്ധതി പ്രകാരമുള്ള സഹായമെത്തിയതായി ആണ് റിപ്പോര്‍ട്ടുകൾ.

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതി പ്രഖ്യാപിച്ചത്. മിഡിൽ ഈസ്റ്റിൽ മദ്ധ്യ ഏഷ്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഒക്കെ ഈ കൊവിഡ് കാലത്ത് പദ്ധതി പ്രകാരം ഭക്ഷണപ്പൊതികൾ എത്തുന്നു.

ചെറുതോണി: ഹമാസിന്റെ റോക്കറ്റ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട കീരിത്തോട്‌ സ്വദേശി സൗമ്യയുടെ കുടുംബത്തിന്‌ ഇസ്രയേല്‍ സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം വാഗ്‌ദാനം ചെയ്‌ത്‌ പ്രസിഡന്റ്‌ റൂവിന്‍ റിവലിന്‍. സൗമ്യ മരിച്ച സ്‌ഥലം കാണണമെന്ന ആഗ്രഹം സന്തോഷ്‌ പ്രകടിപ്പിച്ചപ്പോള്‍, അതിനാവശ്യമായ എല്ലാ സഹായങ്ങളും ഇസ്രയേല്‍ സര്‍ക്കാര്‍ ചെയ്യുമെന്നു പ്രസിഡന്റ്‌ ഉറപ്പുനല്‍കിയതായി സൗമ്യയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇസ്രയേലില്‍ സൗമ്യ കൊല്ലപ്പെട്ടതു മുതല്‍ സംസ്‌കാര ശുശ്രൂഷ വരെയുള്ള എല്ലാ കാര്യങ്ങളും ഇസ്രയേല്‍ സര്‍ക്കാര്‍ നേരിട്ട്‌ ഒരു കുറവും കൂടാതെ നടത്തിയിരുന്നു.

പറഞ്ഞതിലും മൂന്നു ദിവസം മുമ്പു ചാര്‍ട്ടേഡ്‌ വിമാനത്തില്‍ ഇസ്രയേല്‍ സര്‍ക്കാരിന്റെ ചെലവിലാണ്‌ സൗമ്യയുടെ മൃതദേഹം സ്വദേശത്തെത്തിച്ചത്‌. ജോനാഥന്‍ സട്‌ക സംസ്‌കാരദിവസം സൗമ്യയുടെ വസതിയിലെത്തിയിരുന്നു. സന്തോഷിനെയും മകന്‍ അഡോണിനെയും മറ്റ്‌ കുടുംബാംഗങ്ങളെയും പ്രസിഡന്റ്‌ അനുശോചനം അറിയിച്ചു. സൗമ്യയെ ഇസ്രയേലിന്റെ മാലാഖയെന്നു വിശേഷിപ്പിച്ചായിരുന്നു അദ്ദേഹം സര്‍ക്കാരിന്റെ ആദരവു പ്രകടമാക്കിയത്‌.

സൗമ്യയുടെ ഒറ്റമുറി വീടില്‍ കടന്നുചെന്നു സന്തോഷിന്റെയും അഡോണിന്റെയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന കോണ്‍സല്‍ ജനറല്‍, ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാകയടങ്ങിയ ബാഡ്‌ജ്‌ അഡോണിനെ അണിയിച്ച്‌ കുടുംബത്തെ ചേര്‍ത്തുപിടിക്കുമെന്ന സന്ദേശം നല്‍കിയായിരുന്നു മടങ്ങിയത്‌.

സൗമ്യയുടെ ഭര്‍ത്താവ്‌ സന്തോഷിനെ വീഡിയോ കോള്‍ വഴിയാണ്‌ അദ്ദേഹം അനുശോചനവും ഇസ്രയേല്‍ സര്‍ക്കാരിന്റെ പിന്തുണയും അറിയിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നോടെയാണ്‌ ഇസ്രയേലിന്റെ ഇന്ത്യന്‍ സതേണ്‍ കോണ്‍സുലേറ്റ്‌ ജനറല്‍ ജോനാഥന്‍ സട്‌ക വഴി സന്തോഷുമായി പ്രസിഡന്റ്‌ സംസാരിച്ചത്‌. കോണ്‍സുലേറ്റ്‌ ഓഫീസിലെ മലയാളി ഉദ്യോഗസ്‌ഥര്‍ ഇരുവരുടെയും സംഭാഷണം തര്‍ജമ ചെയ്‌തു.

ജറുസലേം: ഹമാസ് ഭീകരരുടെ ആക്രമണവും ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണവും കൊണ്ട് കലുഷിതമാണ് ഇസ്രയേൽ. ഗാസയില്‍ തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ലാമിക ജിഹാദ് ഭീകര സംഘടനയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഹുസം അബു ഹര്‍ബീദിനെ വധിച്ചു. കഴിഞ്ഞയാഴ്ച ഇസ്രയേലിലെ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആന്റി ടാങ്ക് മിസൈല്‍ ആക്രമണത്തിനു നേതൃത്വം നൽകിയ തലവനാണ് അബു ഹര്‍ബീദ്.

15 വര്‍ഷമായി ഇസ്രയേലി സൈനികര്‍ക്കും പൗരന്മാര്‍ക്കുമെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കി വരികയായിരുന്നു ഇയാളെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.എന്നാൽ അബുവിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച്‌ ഇസ്ലാമിക് ജിഹാദ് സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് കാറിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പലസ്തീന്‍കാര്‍ മരിച്ചതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു

ജെറുസലേം: കൊറോണയ്‌ക്കെതിരെ പോരാടുന്ന ഇന്ത്യയ്ക്ക് ഇസ്രായേലിന്റെ കൈത്താങ്ങ്. മെഡിക്കല്‍ ഓക്‌സിജന്‍ അടക്കമുള്ള സാധനങ്ങളുമായാണ് ഇസ്രയേലില്‍് നിന്നുള്ള വിമാനം ഇന്ത്യയില്‍ ഇറങ്ങിയത്. ഇസ്രയേലിന്റെ ഉറ്റ സുഹൃത്തായ രാജ്യത്തോടൊപ്പം നില്‌ക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ഇന്ത്യയിലെ ഇസ്രായേല്‍് അംബാസഡര്‍ഡോ. റോണ്‍ മാല്‍ക്ക പറഞ്ഞു. ഇസ്രായേല്‍ ആരോഗ്യ ഉപകരണങ്ങള്‍ വിതരണം ചെയ്തതിന്റെ മൂന്നാം ഘട്ടമാണിത്. വൈദ്യസഹായവുമായുള്ള രണ്ടാമത്തെ വിമാനം മെയ് ആറിന് എത്തിയിരുന്നു. ഇന്ത്യ ഇസ്രായേലിന്റെ അടുത്ത സുഹൃത്താണെന്നും ഭീകരര്‍ ഞങ്ങള്‍ക്കെതിരെ യുദ്ധം നടത്തുന്ന പ്രതികൂലമായ ഈ സാഹചര്യത്തിലും ഞങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ പ്രശ്‌നങ്ങളില്‍ പരസ്പരം ആശ്രയിക്കാറുണ്ടെന്നും അടിയന്തര ഘട്ടങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കാറുണ്ടെന്നും ആ ദൗത്യമാണ് തങ്ങള്‍ നിറവേറ്റുന്നതെന്നും ഇസ്രയേല്‍ അറിയിച്ചു.

വാഷിങ്ടണ്‍ : ഇസ്രായേലിനോടുള്ള ബൈഡന്റെ അനുകൂല സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ മുസ്ലിം സംഘടനകള്‍. ബൈഡന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ജോ ബൈഡന്‍ വെര്‍ച്വലായി സംഘടിപ്പിച്ച ഈദ് വിരുന്ന് അമേരിക്കയിലെ മുസ്ലിം സംഘടനകള്‍ ബഹിഷ്‌കരിച്ചു. നിരപരാധികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണത്തെ ബൈഡന്റെ ഭരണകൂടം സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുമ്പോള്‍് അദ്ദേഹവുമൊത്ത് ഈദ് ആഘോഷിക്കാനാകില്ല-കൗണ്‍്‌സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഹാദ് അവദ് പറഞ്ഞു.അതേസമയം, വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രായേലും ഹമാസും ആവര്‍ത്തിച്ചതോടെ യുഎന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റിരുന്നു.രക്ഷാ സമിതി വെര്‍ച്വല്‍ യോഗംതീരുമാനമാകാതെ പിരിഞ്ഞു.അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നാണ് ഐക്യരാഷ്ട്രസ സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടത്.

സഹപ്രവര്‍ത്തകയുമായുള്ള അതിരുവിട്ട ബന്ധങ്ങളാണ് ബില്‍ ഗേറ്റ്‌സിന്റെ മൈക്രോസോഫ്റ്റില്‍ നിന്നുള്ള രാജിക്ക് കാരണമായതെന്ന് റിപ്പോര്‍ട്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നാണ് കഴിഞ്ഞ വര്‍ഷം സ്ഥാനമൊഴിയുമ്പോള്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞത്. എന്നാല്‍ അതിനപ്പുറത്തുള്ള കാരണങ്ങളായിരുന്നു രാജിയിലേക്ക് നയിച്ചതെന്ന സൂചനകളാണ് ഈ വിവാദത്തോടെ പുറത്തുവരുന്നത്.മൈക്രോസോഫ്റ്റ് ബോര്‍ഡിന്റെ അന്വേഷണം പൂര്‍ത്തിയാകും മുൻപ് തന്നെ ബില്‍ഗേറ്റ്‌സ് മൈക്രോസോഫ്റ്റില്‍ നിന്നു രാജിവച്ചിരുന്നു. പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മൈക്രോസോഫ്റ്റ് ഉന്നതാധികാര സമിതിയില്‍ ബില്‍ഗേറ്റ്‌സ് തുടരുന്നതിനെ മൈക്രോസോഫ്റ്റ് ബോര്‍ഡ് എതിര്‍ത്തിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇതാണ് ബില്‍ ഗേറ്റ്‌സിന്റെ മൈക്രോസോഫ്റ്റില്‍ നിന്നുള്ള രാജിക്ക് കാരണമായതെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു.വിവാദ വിഷയത്തില്‍ 2019ല്‍ തന്നെ മൈക്രോസോഫ്റ്റ് അന്വേഷണം ആരംഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. തനിക്ക് ബില്‍ഗേറ്റ്‌സുമായി വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന മൈക്രോസോഫ്റ്റ് എൻജിനീയറുടെ കത്താണ് വിവാദത്തിനും തുടര്‍ന്ന് ഔദ്യോഗിക അന്വേഷണത്തിനും കാരണമായത്. മൈക്രോസോഫ്റ്റിനു പുറത്തുനിന്നുള്ള അന്വേഷണ ഏജന്‍സിയാണ് വിഷയം അന്വേഷിച്ചത്.

അന്വേഷണകാലയളവില്‍ ആരോപണം ഉന്നയിച്ച ജീവനക്കാരിക്ക് വേണ്ട പിന്തുണ മൈക്രോസോഫ്റ്റ് നല്‍കിയിരുന്നുവെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്തയിലുണ്ട്.മെയ് മൂന്നിനാണ് ബില്‍ ഗേറ്റ്‌സുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനായി മെലിന്‍ഡ അപേക്ഷ നല്‍കിയത്. ‘തിരിച്ചെടുക്കാനാവാത്തവിധം തകര്‍ന്നുപോയി’ എന്നാണ് വിവാഹ മോചന അപേക്ഷയില്‍ മെലിന്‍ഡ പറഞ്ഞിരുന്നത്. അതേസമയം എന്താണ് ബന്ധം വേര്‍പ്പെടുത്താനുള്ള കാരണമെന്ന് കൃത്യമായി അപേക്ഷയില്‍ പറഞ്ഞിരുന്നുമില്ല. കൗമാരക്കാരികളായ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ഉന്നതര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്ത് കുപ്രസിദ്ധനായ ജെഫ്രി എപ്‌സ്റ്റെയിനുമായുള്ള ബില്‍ ഗേറ്റ്‌സിന്റെ ബന്ധമടക്കം വിവാഹമോചനത്തിന് കാരണമായെന്ന നിലയില്‍ നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒരുകാലത്ത് ലോകത്തെ ഏറ്റവും സമ്പന്നനായിരുന്ന ബില്‍ ഗേറ്റ്‌സ് ഇപ്പോള്‍ ലോകസമ്പന്നരുടെ പട്ടികയില്‍ നാലാമതുണ്ട്. ഏതാണ്ട് 100 ബില്യണ്‍ ഡോളറാണ് (ഏതാണ്ട് 7.32 ലക്ഷം കോടി രൂപ) ബില്‍ ഗേറ്റ്‌സിന്റെ സമ്പാദ്യമായി കണക്കാക്കുന്നത്. ‘തന്റെ ജീവനക്കാരുമായി ചോദ്യം ചെയ്യപ്പെടേണ്ട വിധത്തിലുള്ള ബന്ധമാണ്’ ബില്‍ ഗേറ്റ്‌സ് പുലര്‍ത്തിയിരുന്നതെന്ന് നേരത്തെ ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ടു ചെയ്തിരുന്നു. മൈക്രോസോഫ്റ്റിലേയും ബില്‍ ആൻഡ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷനിലേയും വനിതാ സഹപ്രവര്‍ത്തകരുമായി വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ ബില്‍ ഗേറ്റ്‌സ് ഇഷ്ടപ്പെട്ടിരുന്നുവെന്ന് ബില്‍ ഗേറ്റ്‌സുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയില്‍ പറഞ്ഞിരുന്നു.