ഇന്ത്യ-ചൈന നാലാം ഘട്ട കമാന്‍ഡര്‍ തല ചര്‍ച്ച ലഡാക്കിലെ ആരംഭിച്ചു.

ചര്‍ച്ച ലഡാക്കിലെ

ഇന്ത്യ-ചൈന നാലാം ഘട്ട കമാന്‍ഡര്‍ തല ചര്‍ച്ച കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ ബോര്‍ഡര്‍ പോസ്റ്റില്‍ ആരംഭിച്ചു. കഴിഞ്ഞ മാസം 30 നാണ് ഇതേ വേദിയില്‍ വച്ച് മൂന്നാം ഘട്ട ചര്‍ച്ച നടന്നത്. യഥാര്‍ത്ഥ അതിര്‍ത്തി രേഖയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള രണ്ടാം പാദ ചര്‍ച്ചകളായിരിക്കും ഇന്ന് നടക്കുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ ഈ മാസം അഞ്ചിന് നടന്ന സംഭാഷണത്തിന് ശേഷമുള്ള ചര്‍ച്ചയാണ് ഇന്നത്തേത്. മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് കഴിഞ്ഞ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഗല്‍വാന്‍ താഴ്‌വര, ഗോഗ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം രണ്ട് കിലോമീറ്ററോളം പിന്‍മാറിയിരുന്നു. ഇന്ത്യന്‍ സൈന്യവും ഈ പ്രദേശങ്ങളില്‍ നിന്ന് പിന്നോട്ട് പോയിരുന്നു. അതിര്‍ത്തിയിലെ ഫിംഗര്‍ ഫോറില്‍ നിന്നും പാങ്‌ഗോങ് സോ, ഡീപസാംഗ് പ്രദേശം എന്നിവിടങ്ങളില്‍ നിന്നും പൂര്‍ണ്ണമായി സൈന്യത്തെ പിന്‍വലിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഇന്നത്തെ ചര്‍ച്ചയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.