General (Page 797)

തിരുവനന്തപുരം: ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി സർവീസ് വെട്ടിച്ചുരുക്കിയ നടപടിയിൽ റിപ്പോർട്ട് തേടി ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ന് തന്നെ സിഎംഡി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഗതാഗത മന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. ശനിയാഴ്ച്ച സംസ്ഥാനത്ത് 25 ശതമാനം ഓർഡിനറി ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് 500 ഓളം സർവീസുകൾ റദ്ദാക്കിയിരുന്നു.

ഡീസലിന് പണമില്ലാത്ത സാഹചര്യത്തിലാണ് സർവീസുകൾ വെട്ടിച്ചുരുക്കിയത്. ഓർഡിനറി സർവീസുകൾക്കാണ് വെള്ളി, ശനി ഞായർ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

വെള്ളിയാഴ്ച്ച 50 ശതമാനവും ശനിയാഴ്ച 25 ശതമാനവും സർവീസുകൾ മാത്രമാണ് നടത്തിയത്. ഞായറാഴ്ച ഓർഡിനറി സർവീസുകൾ പൂർണമായും ഒഴിവാക്കും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ തുടർന്ന് ഡീസൽ ലഭ്യത കുറഞ്ഞതും മോശം കാലാവസ്ഥയിൽ വരുമാനം കുറഞ്ഞതുമാണ് സർവീസുകൾ വെട്ടിച്ചുരുക്കാൻ ഉത്തരവിടാൻ കാരണം. വരുമാനം കുറഞ്ഞ സർവീസുകളാണ് ഒഴിവാക്കിയത്.

കറാച്ചി: പാകിസ്താനിൽ ഇനി വരാനിരിക്കുന്നത് ഏറ്റവും മോശം ദിനങ്ങളായിരിക്കുമെന്ന് വ്യക്തമാക്കി ധനമന്ത്രി മിഫ്താഹ് ഇസ്മായിൽ. പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി ആസന്നമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മൂന്ന് മാസം സർക്കാർ ഇറക്കുമതി നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാകിസ്താൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നടന്ന പരിപാടിയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പാകിസ്താൻ സാമ്പത്തിക രംഗം അമിതമായ വിലക്കയറ്റം, വ്യാപാരക്കമ്മി, ധനക്കമ്മി, പൊതുകടം എന്നിവ മൂലം പ്രതിസന്ധിയിലാണ്. മുൻപ് അധികാരത്തിലിരുന്ന സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ പേരിൽ ഈ സർക്കാറും പ്രധാനമന്ത്രി ശഹബാസ് ഷെരീഫും ബുദ്ധിമുട്ടുകയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. വിദേശ നാണ്യ ശേഖരത്തിന്റെ പ്രതിസന്ധിയുള്ളതിനാൽ അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതിയിൽ യാതൊരു വർധനവും അനുവദിക്കില്ല. ഈ സാഹചര്യത്തിൽ വകസനവും വളർച്ചയും സാധ്യതയില്ല. ഇറക്കുമതി തടയുന്നത് വളർച്ചയെ ബാധിക്കുമെന്നറിയാമെന്നും പക്ഷേ ഇതല്ലാതെ മറ്റുമാർഗമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

1,600 ബില്യൺ ഡോളറായിരുന്നു ഇമ്രാൻ ഖാന്റെ സർക്കാരിന് മുൻപ് രാജ്യത്തിന്റെ ധനക്കമ്മി. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടെ ഇമ്രാൻ ഖാന്റെ ഭരണകാലത്ത് ധനക്കമ്മി 3,500 ബില്യൺ ഡോളറായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യലിന് വിളിപ്പിച്ചാൽ എംപിമാർ ഹാജരാകണമെന്ന് വ്യക്തമാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നാഷണൽ ഹെറാൾഡ് കേസിൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ശരിയായില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഉപരാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയത്.

കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശിവസേന എംപി സഞ്ജയ് റാവുത്ത്, പശ്ചിമ ബംഗാൾ മുൻമന്ത്രി പാർത്ഥ ചാറ്റർജി തുടങ്ങിയവരെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. എന്നാൽ, ജനപ്രതിനിധി എന്ന നിലയിലെ സവിശേഷ അധികാരം ബാധകമാകില്ലെന്ന് ഖാർഗെയുടെ പരാമർശത്തിന് മറുപടിയായി രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു റൂളിങ് നൽകി. സിവിൽ കേസുകളിൽ മാത്രമാണ് എംപിയുടെ സവിശേഷ അധികാരം ലഭിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെഷൻ നടക്കുകയാണെങ്കിലും അല്ലെങ്കിലും ക്രിമിനൽ കേസുകളിൽ ഏജൻസികളുടെ സമൻസ് ഒഴിവാക്കാൻ എംപിമാർക്ക് കഴിയില്ല. നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, നിയമത്തെയും നിയമ നടപടികളെയും മാനിക്കേണ്ടത് കടമയാണെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: പാരസെറ്റമോൾ ഗുളികയായ ഡോളോ 650 വൻതോതിൽ കുറിച്ച് നൽകാനായി മരുന്ന് കമ്പനി ഡോക്ടർമാർക്ക് വൻ തുക കൈക്കൂലി നൽകിയതായി കണ്ടെത്തൽ. ആയിരം കോടി രൂപയാണ് മരുന്ന് കമ്പനി ഡോക്ടർമാർക്ക് വേണ്ടി നൽകിയത്.

ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്സ് കമ്പനിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇക്കാര്യം വ്യക്തമായത്. ഇവിടെ നിന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ പരിശോധിക്കാനാണ് കമ്പനിയിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഇതിനിടെയാണ് മരുന്ന് നിർദേശിക്കാൻ ഡോക്ടർമാർക്ക് പണം നൽകിയത് വ്യക്തമാക്കുന്ന തെളിവുകൾ കണ്ടെത്തിയത്.

ആയിരം കോടിയോളം രൂപയ്ക്ക് പുറമെ ഡോക്ടർമാർക്ക് വിദേശയാത്ര അടക്കമുള്ള പാക്കേജുകളും കമ്പനി അനുവദിച്ചിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞു. അതേസമയം, ആരോപണവിധേയരായ ഡോക്ടർമാരുടെ പേരുകൾ ഉൾപ്പെടുന്ന രേഖകൾ ആദായ നികുതി വകുപ്പ് ദേശീയ മെഡിക്കൽ കമ്മിഷന് കൈമാറും. അതിന് ശേഷമാകും ഇവരുടെ പേരുകൾ ആരോഗ്യ മന്ത്രാലയത്തിന് കൈമാറുക.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ഓഗസ്റ്റ് അഞ്ചിന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത് അയോദ്ധ്യയിലെ രാമക്ഷേത്രത്തെ എതിർക്കുന്നതിന്റെ ഭാഗമായാണെന്ന് അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രത്തിന് ശിലാന്യാസം നടത്തിയ ആഗസ്റ്റ് അഞ്ച് തന്നെ കോൺഗ്രസ് പ്രതിഷേധത്തിനായി തിരഞ്ഞെടുത്തുവെന്നും കറുത്ത വസ്ത്രം ധരിച്ചത് അവരുടെ പ്രീണന രാഷ്ട്രീയത്തിന് ഉദാഹരണമാണെന്നും അദ്ദേഹം വിമർശിച്ചു.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും മകൻ രാഹുൽ ഗാന്ധിയ്ക്കും നാഷണൽ ഹെറാൾഡ് കേസ് അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ സമൻസ് അയച്ചിട്ടില്ലെങ്കിലും കോൺഗ്രസ് വെള്ളിയാഴ്ചയും പ്രതിഷേധം നടത്തിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെയാണ് ഓഗസ്റ്റ് അഞ്ചിന് കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തിയത്. മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തക സമിതി അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. രാജ്യത്ത് പെട്രോളിനും ഡീസലിനും അവശ്യസാധനങ്ങൾക്കും വൻവിലക്കയറ്റം ഉണ്ടായിട്ടും അതു പാർലമെന്റിൽ ചർച്ച ചെയ്യാൻ ഇതുവരെ തയ്യാറാകാതെ ജനശ്രദ്ധ തിരിച്ചുവിടാൻ സർക്കാർ നടത്തുന്ന നീക്കം ഭയാനകമാണെന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചത്. അതിനാലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചതെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: വീണ്ടും സംസ്ഥാന സർക്കാരിനെതിരെ പോര് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള വി സി നിയമനത്തിനായി സർവ്വകലാശാല നോമിനിയെ ഒഴിച്ചിട്ട് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. വി സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരാനുള്ള ഓർഡിനൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് സ്വന്തം നോമിനിയെ വെച്ച് ഗവർണർ ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം.

സർക്കാരിന് താൽപ്പര്യമുള്ള വ്യക്തിയെ വൈസ് ചാൻസലറാക്കാനായി സെർച്ച് കമ്മിറ്റിയിൽ ഗവർണർക്കുള്ള അധികാരം കവർന്നുള്ള ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ നടപടി അന്തിമഘട്ടത്തിലാണ്. നിയമവകുപ്പ് പരിഗണിച്ച് അടുത്ത മന്ത്രിസഭാ യോഗം ഓർഡിനൻസ് ഇറക്കാനിരിക്കെയാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായത്.

കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയാണ് ഗവർണറുടെ നോമിനി. കർണ്ണാടകയിലെ കേന്ദ്ര സർവ്വകലാശാല വിസി പ്രൊ ബട്ടു സത്യനാരായണയാണ് യുജിസി നോമിനി. സർവ്വകലാശാലയുടെ നോമിനിയെ ഒഴിച്ചിട്ടാണ് ഗവർണർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഓർഡിനൻസ് ഇറങ്ങും വരെ കാത്തിരിക്കാനായിരുന്നു സർക്കാരിന്റെയും സർവ്വകലാശാലയുടേയും നീക്കം. അതിനിടെയാണ് സർക്കാരിനെ വെട്ടിലാക്കി ഗവർണർ നീക്കം നടത്തിയത്. ഗവർണറുടെ ഉത്തരവ് മറികടക്കുന്ന കാര്യം സർക്കാരിന് പ്രയാസമാണ്.

ന്യൂഡൽഹി: ഏഴ് സ്‌കുളൂകൾക്ക് കൂടി സൈനിക സ്‌കൂൾ സൊസൈറ്റി അംഗീകാരം ലഭിച്ചു. പങ്കാളിത്ത രീതിയിൽ രാജ്യത്ത് നൂറ് സൈനിക സ്‌കൂളുകൾ സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഏഴ് സൈനിക സ്‌കൂളുകൾക്ക് കൂടി അംഗീകാരം ലഭിച്ചത്. കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സീനിയർ സെക്കണ്ടറി സ്‌കൂൾ കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഇടം നേടി. ആന്ധ്രപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഹരിയാന, കർണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഓരോ സ്‌കൂളുകളും രണ്ടാം പട്ടികയിൽ ഇടം പിടിച്ചു.

ഈ ഏഴ് സ്‌കൂളുകളിലും സൈനിക് സ്‌കൂൾ പാറ്റേണിലെ അഡ്മിഷൻ ഉടൻ ആരംഭിക്കും.അക്കാദമിക് സെഷൻ 2022 ഓഗസ്ത് അവസാനത്തോടെ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. സൈനിക സ്‌കൂൾ സൊസൈറ്റി ആദ്യ പട്ടികയിൽ അംഗീകാരം നൽകിയ 12 സ്‌കൂളുകളുമായി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.

ഇതിൽ 10 സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ പ്രവേശനം പൂർത്തിയാക്കുകയും ഒൻപത് സ്‌കൂളുകളിലെ അക്കാദമിക് സെഷൻ ഓഗസ്ത് ഒന്നു മുതൽ ആരംഭിക്കുകയും ചെയ്തു. അടുത്ത അക്കാദമിക് സെഷനിലായിരിക്കും മറ്റ് രണ്ട് സ്‌കൂളുകളിലെയും ക്ലാസുകൾ ആരംഭിക്കുന്നത്.

എറണാകുളം: കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ നൽകാത്ത വിഷയത്തിൽ ഇടപെടലുമായി ഹൈക്കോടതി. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പെൻഷൻ ഈ മാസം 25 നകം നൽകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. മറ്റ് മാസത്തെ പെൻഷനുകൾ ആദ്യ ആഴ്ച്ചയിൽ നൽകണമെന്നും കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം, കാട്ടാക്കടയിൽ വിരമിച്ച കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോടതി ദുഃഖം പ്രകടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയോട് വിവരങ്ങൾ തേടുകയും ചെയ്തു. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പെൻഷൻ ദുരിതത്തിലാണ് പെൻഷൻകാർ. നിരവധി പേരാണ് പെൻഷൻ മുടങ്ങിയത് മൂലം ജീവിതം പ്രതിസന്ധിയിലായി ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

സഹകരണ ബാങ്കുകളുമായിട്ടുള്ള ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത് വൈകുന്നതാണ് പെൻഷനുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്.

ന്യൂഡൽഹി: അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്ത റോഡുകളിൽ നിന്ന് ടോൾ പ്ലാസകൾ ഒഴിവാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ടോൾ പ്ലാസ ഒഴിവാക്കി റോഡ് ഉപയോക്താക്കൾക്ക് നീണ്ട ക്യൂവിൽ നിന്ന് ആശ്വാസം നൽകുന്ന സംവിധാനത്തിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫാസ്ടാഗുകൾ വഴിയുള്ള ടോൾ പിരിവ് രീതി റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന് ലാഭകരമായിരിക്കെ, ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിന് കൂടുതൽ കാര്യക്ഷമമായ ടോൾ പിരിവ് വഴികൾ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ടോൾ പ്ലാസകളിലെ നീണ്ട ക്യൂവിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്ത് ടോൾ പ്ലാസകൾ നിർത്തലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം പോലെയുള്ള പുതിയ ഓപ്ഷനുകളിൽ റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം പ്രവർത്തിക്കുകയാണ്. ഇതുവഴി യാത്രക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അവന്റെ / അവളുടെ കാറിൽ സ്ഥാപിച്ചിരിക്കുന്ന GPS വഴി ടോൾ തുക ഡെബിറ്റ് ചെയ്യും. ടോൾ പിരിവിനായി വഴിയാത്രക്കാരന്റെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വായിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനം പിന്തുടരുന്നതിനുള്ള ഒരു ബദൽ രീതിയെ കുറിച്ചും അദ്ദേഹം വിശദമാക്കി.

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 14 അർദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. നിയമസഭ സ്പീക്കർക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് ഇതുസംബന്ധിച്ച് കത്ത് നൽകുകയും ചെയ്തു.

സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ദീപ്ത സ്മരണ പുതുക്കുന്നതിനും മതേതര ജനാധിപത്യ മൂല്യങ്ങൾ ഉൾപ്പടെയുള്ള ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുന്നതിനുമായി ഒന്നിച്ച് പോരാടുമെന്ന പ്രമേയം നിയമസഭ പാസാക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. ഓഗസ്റ്റ് 14 അർദ്ധ രാത്രിയിൽ സഭ സമ്മേളിക്കുന്നതിന് അസൗകര്യമുണ്ടെങ്കിൽ മറ്റൊരു ദിവസം കേരള നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം 75-ാം വാർഷികത്തിന്റെ ഭാഗമായി ചേരണമെന്നും അദ്ദേഹം കത്തിൽ പറയുന്നു.

അതേസമയം, സ്വാതന്ത്ര്യത്തിന്റെ 25-ാം വാർഷികമായ 1972 ഓഗസ്റ്റ് 14 ന് രാത്രി ഗവർണറുടെ സാന്നിദ്ധ്യത്തിൽ കേരള നിയമസഭ പ്രത്യേക സമ്മേളനം ചേർന്നതിനെ കുറിച്ചും 40-ാം വാർഷികത്തിന്റെ ഭാഗമായി 1987 ഓഗസ്റ്റ് 13 ന് പ്രത്യേക സിറ്റിംഗ് നടത്തിയതിനെ കുറിച്ചും അദ്ദേഹം കത്തിൽ പരാമർശിക്കുന്നുണ്ട്.