ക്രിമിനൽ കേസുകളിൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യലിന് വിളിപ്പിച്ചാൽ എംപിമാർ ഹാജരാകണം; ഉപരാഷ്ട്രപതി

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യലിന് വിളിപ്പിച്ചാൽ എംപിമാർ ഹാജരാകണമെന്ന് വ്യക്തമാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നാഷണൽ ഹെറാൾഡ് കേസിൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ശരിയായില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഉപരാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയത്.

കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശിവസേന എംപി സഞ്ജയ് റാവുത്ത്, പശ്ചിമ ബംഗാൾ മുൻമന്ത്രി പാർത്ഥ ചാറ്റർജി തുടങ്ങിയവരെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. എന്നാൽ, ജനപ്രതിനിധി എന്ന നിലയിലെ സവിശേഷ അധികാരം ബാധകമാകില്ലെന്ന് ഖാർഗെയുടെ പരാമർശത്തിന് മറുപടിയായി രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു റൂളിങ് നൽകി. സിവിൽ കേസുകളിൽ മാത്രമാണ് എംപിയുടെ സവിശേഷ അധികാരം ലഭിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെഷൻ നടക്കുകയാണെങ്കിലും അല്ലെങ്കിലും ക്രിമിനൽ കേസുകളിൽ ഏജൻസികളുടെ സമൻസ് ഒഴിവാക്കാൻ എംപിമാർക്ക് കഴിയില്ല. നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, നിയമത്തെയും നിയമ നടപടികളെയും മാനിക്കേണ്ടത് കടമയാണെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.