ഡോളോ 650 വൻതോതിൽ കുറിച്ച് നൽകാനായി മരുന്ന് കമ്പനി ഡോക്ടർമാർക്ക് നൽകിയത് ആയിരം കോടി; രേഖകൾ കണ്ടെടുത്ത് ആദായ നികുതി വകുപ്പ്

ന്യൂഡൽഹി: പാരസെറ്റമോൾ ഗുളികയായ ഡോളോ 650 വൻതോതിൽ കുറിച്ച് നൽകാനായി മരുന്ന് കമ്പനി ഡോക്ടർമാർക്ക് വൻ തുക കൈക്കൂലി നൽകിയതായി കണ്ടെത്തൽ. ആയിരം കോടി രൂപയാണ് മരുന്ന് കമ്പനി ഡോക്ടർമാർക്ക് വേണ്ടി നൽകിയത്.

ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്സ് കമ്പനിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇക്കാര്യം വ്യക്തമായത്. ഇവിടെ നിന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ പരിശോധിക്കാനാണ് കമ്പനിയിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഇതിനിടെയാണ് മരുന്ന് നിർദേശിക്കാൻ ഡോക്ടർമാർക്ക് പണം നൽകിയത് വ്യക്തമാക്കുന്ന തെളിവുകൾ കണ്ടെത്തിയത്.

ആയിരം കോടിയോളം രൂപയ്ക്ക് പുറമെ ഡോക്ടർമാർക്ക് വിദേശയാത്ര അടക്കമുള്ള പാക്കേജുകളും കമ്പനി അനുവദിച്ചിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞു. അതേസമയം, ആരോപണവിധേയരായ ഡോക്ടർമാരുടെ പേരുകൾ ഉൾപ്പെടുന്ന രേഖകൾ ആദായ നികുതി വകുപ്പ് ദേശീയ മെഡിക്കൽ കമ്മിഷന് കൈമാറും. അതിന് ശേഷമാകും ഇവരുടെ പേരുകൾ ആരോഗ്യ മന്ത്രാലയത്തിന് കൈമാറുക.