General (Page 1,277)

യാങ്കൂൺ: മ്യാൻമറിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ സൈന്യത്തിന്റെ ക്രൂരത. മ്യാൻമറിലെ കയായിൽ സ്ത്രീകളും കുട്ടികളുമടക്കം മുപ്പത് പേരെ സൈന്യം വെടിവച്ചുകൊന്നുവെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ കത്തിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രൂസോ നഗരത്തിന് സമീപമുള്ള മോ സോ ഗ്രാമത്തിലാണ് സംഭവം. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി കരേന്നി മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. പട്ടാളത്തിന്റെ ആക്രമണത്തിൽ കൊലപ്പെട്ടവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയതായും സംഘടന അറിയിച്ചു.

ഗ്രാമത്തിലെ പ്രതിപക്ഷ സായുധ സേനയിൽ നിന്നുമെത്തിയ ആയുധമേന്തിയ തീവ്രവാദികളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മ്യാൻമർ സൈന്യത്തിന്റെ പ്രതികരണം. പട്ടാളം ആവശ്യപ്പെട്ടപ്പോൾ ഇവർ വാഹനം നിർത്തിയില്ലെന്നും ഇവർ പറയുന്നു. എന്നാൽ കൊല്ലപ്പെട്ടവർ തങ്ങളുടെ അംഗങ്ങൾ അല്ലെന്നും സംഘർഷത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച സാധാരണ പൗരൻമാരായിരുന്നുവെന്നും പട്ടാളഭരണത്തെ എതിർക്കുന്ന പൗരസേനകളിൽ ഒന്നായ കരേന്നി നാഷണൽ ഡിഫൻസ് ഫോഴ്‌സ് വ്യക്തമാക്കി.

ബംഗളൂരു: കർണാടകയിലും രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. ഡിസംബർ 28 മുതൽ പത്ത് ദിവസത്തേക്കാണ് രാത്രികാല കർഫ്യു. രാത്രി പത്ത് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു. പുതുവത്സരാഘോഷങ്ങൾക്കായി എല്ലാ പൊതുയോഗങ്ങളും നിരോധിക്കാനും കർണാടക സർക്കാർ നിർദ്ദേശിച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് രാത്രി 10 മണിയ്ക്ക് ശേഷമുള്ള എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കും. ഹോട്ടലുകളിലും പബ്ബുകളിലും റസ്റ്റോറന്റുകളിലും 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. പൊതുഗതാഗത സേവനങ്ങളുടെയും ചരക്കുകളുടെയും നീക്കത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകില്ല. അടുത്ത 10 ദിവസത്തെ സ്ഥിതിഗതികളെ അടിസ്ഥാനമാക്കി, അധിക നിയന്ത്രണങ്ങൾ ആവശ്യമാണോ എന്ന് സർക്കാർ അവലോകനം ചെയ്യുമെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. ചൊവ്വാഴ്ച്ച മുതൽ വിവാഹങ്ങൾ, മീറ്റിംഗുകൾ, സമ്മേളനങ്ങൾ തുടങ്ങി എല്ലാ ഒത്തുചേരലുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 300 ആയി പരിമിതപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

മഹാരാഷ്ട്രയോടും കേരള സംസ്ഥാനത്തോടും ചേർന്നുള്ള എല്ലാ അതിർത്തി ജില്ലകളിലും പോലീസ് പട്രോളിംഗും നിരീക്ഷണവും ശക്തമാക്കും. രാത്രി പത്ത് മണിക്ക് ശേഷമുള്ള വ്യക്തികളുടെ സഞ്ചാരം കർശനമായി നിരോധിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത യാത്രകൾക്ക് വിലക്ക് ബാധകമാകില്ല.

ആശുപത്രി ജീവനക്കാർ, രോഗികൾ, മാദ്ധ്യമപ്രവർത്തകർ മറ്റ് അടിയന്തര സേവനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കില്ല. രാത്രിയിൽ പ്രവർത്തനം ആവശ്യമുള്ള വ്യവസായങ്ങളിലെയും കമ്പനികളിലെയും ജീവനക്കാർക്കും സഞ്ചാര വിലക്ക് ഏർപ്പെടുത്തില്ല. ടെലികോം, ഇന്റർനെറ്റ് സേവന ദാതാക്കളുടെ ജീവനക്കാർക്കും വാഹനങ്ങൾക്കും, ഐടി, ഐടിഇഎസ് കമ്പനികളിലെ ജീവനക്കാർ എന്നിവരുടെ നീക്കത്തിന് വിലക്കില്ല. എല്ലാത്തരം ചരക്കുകളുടെയും നീക്കം, സാധനങ്ങളുടെ ഹോം ഡെലിവറി, ഇകൊമേഴ്സ് കമ്പനികളുടെ പ്രവർത്തനങ്ങൾ നടത്താൻ അനുവാദമുണ്ട്. മാർഗനിർദേശങ്ങൾ അനുസരിച്ച് ബസുകൾ, ട്രെയിനുകൾ, മെട്രോ, വിമാന യാത്രകൾ എന്നിവയും നടത്താം.

veena

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂർ, കണ്ണൂർ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവർ യുകെ 3, യുഎഇ 2, അയർലാൻഡ് 2, സ്പെയിൻ 1, കാനഡ 1, ഖത്തർ 1, നെതർലാൻഡ് 1 എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവർ യുകെ 1, ഖാന 1, ഖത്തർ 1 എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. തൃശൂരിലുള്ളയാൾ യുഎഇയിൽ നിന്നും കണ്ണൂരിലുള്ളയാൾ ഷാർജയിൽ നിന്നും എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

യുകെയിൽ നിന്നുമെത്തിയ 23, 44, 23 വയസുകാർ, യുഎഇ നിന്നുമെത്തിയ 28, 24 വയസുകാർ, അയർലാൻഡിൽ നിന്നുമെത്തിയ 37 വയസുകാരി, 8 വയസുകാരി, സ്പെയിനിൽ നിന്നുമെത്തിയ 23 വയസുകാരൻ, കാനഡയിൽ നിന്നുമെത്തിയ 30 വയസുകാരൻ, ഖത്തറിൽ നിന്നുമെത്തിയ 37 വയസുകാരൻ, നെതർലാൻഡിൽ നിന്നുമെത്തിയ 26 വയസുകാരൻ, എന്നിവർക്കാണ് എറണാകുളത്ത് ഒമിക്രോൺ സ്ഥീരീകരിച്ചത്. യുകെയിൽ നിന്നുമെത്തിയ 26 വയസുകാരി, ഖാനയിൽ നിന്നുമെത്തിയ 55 വയസുകാരൻ, ഖത്തറിൽ നിന്നുമെത്തിയ 53 വയസുകാരൻ, സമ്പർക്കത്തിലൂടെ 58 വയസുകാരി, 65 വയസുകാരൻ, 34 വയസുകാരൻ എന്നിവർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥീരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

യുഎഇയിൽ നിന്നും തൃശൂരിലെത്തിയ 28 വയസുകാരൻ, ഷാർജയിൽ നിന്നും കണ്ണൂരിലെത്തിയ 49 വയസുകാരൻ എന്നിവർക്കുമാണ് രോഗം സ്ഥീരീകരിച്ചത്. സംസ്ഥാനത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. എല്ലാവരും ശരിയായവിധം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്സിൻ എടുക്കാത്തവർ ഉടൻ തന്നെ വാക്സിൻ എടുക്കേണ്ടതാണ്. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുന്നവർ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എറണാകുളം: കിഴക്കമ്പലം അതിക്രമത്തിൽ അന്വേഷണം നടത്താൻ പോലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചു. പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള പത്തൊമ്പതംഗ അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. രണ്ട് ഇൻസ്‌പെക്ടർമാരും ഏഴ് സബ് ഇൻസ്‌പെക്ടർമാരും അന്വേഷണ സംഘത്തിലുണ്ട്. സംഭവത്തിൽ 156 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച്ച രാത്രിയാണ് കിഴക്കമ്പലത്ത് അതിക്രമം നടന്നത്. കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലായിരുന്നു സംഭവം. കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഈ സംഘത്തിലെ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ക്യാംപിലുണ്ടായിരുന്ന മറ്റൊരു വിഭാഗം എല്ലാവരും ഉറങ്ങുന്ന സമയത്ത് കാരൾ നടത്തുന്നതിനെ എതിർത്തതോടെ ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടായി. പിന്നീട് ഈ തർക്കം രൂക്ഷമാകുകയും സ്ഥിതിഗതികൾ വഷളാകുകയും ചെയ്തു. തുടർന്ന് നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു.

എന്നാൽ സംഭവ സ്ഥലത്തേക്കെത്തിയ ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചു വിട്ടു. നാട്ടുകാരാണ് പോലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകൾ വഴി രക്ഷപ്പെടാൻ സഹായിച്ചത്. പൊലീസ് പിന്മാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ അക്രമിക്കുകയും ഒരു വാഹനം പൂർണമായി കത്തിക്കുകയും ചെയ്തു. രണ്ട് വാഹനങ്ങൾ അടിച്ച് തകർത്തിട്ടുമുണ്ട്. പരിക്കേറ്റ പോലീസുകാർ ഇപ്പോൾ ചികിത്സയിലാണ്.

ആലപ്പുഴ: ആലപ്പുഴയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊലപാതകം വ്യക്തമായ ആസൂത്രണത്തോടെയാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. കൊലപാതകം രണ്ട് മാസം മുൻപാണ് ആസൂത്രണം ചെയ്തതെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ചേർത്തല പട്ടണക്കാട് കൊല്ലപ്പെട്ട പ്രവർത്തകന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ഷാനെ കൊന്നതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്യാനായി രണ്ടു മാസം മുൻപ് തന്നെ രഹസ്യ യോഗം ചേർന്നിരുന്നു. ഡിസംബർ 15 നും യോഗം ചേർന്നുിരുന്നുവെന്നും കൊലപാതകത്തിനായി ഏഴ് പേരെ നിയോഗിച്ചിരുന്നു. ചില നേതാക്കൾക്ക് ഇക്കാര്യം അറിയാമെന്നുമാണ് റിപ്പോർട്ടിലുണ്ട്.

ഷാനിനെ കൊലപ്പെടുത്തിയ ശേഷം രണ്ട് സംഘങ്ങളായി കൊലയാളികൾ രക്ഷപ്പെട്ടു. രക്ഷപെടാൻ നേതാക്കളുടെ സഹായവും ലഭിച്ചിരുന്നു. 16 പ്രതികളാണ് ആകെ പ്രതിപട്ടികയിലുള്ളതെന്നും പോലീസ് അറിയിച്ചു.

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യണമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന തന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. ജനുവരി 10 മുതൽ രാജ്യത്തെ മുൻനിര ആരോഗ്യ പ്രവർത്തകർക്കും 60 കഴിഞ്ഞ ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബൂസ്റ്റർ ഡോസ് നൽകണമെന്ന തന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചുവെന്നും ഇത് ശരിയായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിനുകളുടെയും ബൂസ്റ്ററുകളുടെയും സുരക്ഷ രാജ്യത്തെ ജനങ്ങളിലേക്കെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബർ 22 നാണ് രാഹുൽഗാന്ധി ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. നമ്മുടെ ജനസംഖ്യയിൽ ഭൂരിഭാഗവും ഇപ്പോഴും വാക്സിനേഷൻ എടുത്തിട്ടില്ല. ഇന്ത്യൻ സർക്കാർ എപ്പോഴാണ് ബൂസ്റ്റർ ഷോട്ടുകൾ ആരംഭിക്കുകയെന്ന് അദ്ദേഹം ട്വിറ്ററിലൂടെചോദിച്ചിരുന്നു.

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായതായി റിപ്പോർട്ട്. കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായതെന്നാണ് വിവരം.

ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ എസ്ഡിപിഐ പ്രവർത്തകൻ ബംഗളൂരുവിൽ നിന്നാണ് പിടിയിലായത്. കേസിൽ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഈ തെരച്ചിലിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. ബൈക്കിലെത്തിയ 12 അംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായതെന്നാണ് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. കേരളത്തിന് പുറത്തുള്ള എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ അന്വേഷണം തുടരുകയാണ്.

ആലപ്പുഴയിലെ ഇരട്ടക്കൊലപാകങ്ങളിൽ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ മിക്ക പ്രതികളും പിടിയിലായി കഴിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരെ റിമാൻഡ് ചെയ്യും. ഇവരെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും തെളിവെടുപ്പ് നടത്തുക.

ശ്രീനഗർ:ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നാബി ആസാദ്. കഴിഞ്ഞ രണ്ടര വർഷമായി ജമ്മു കശ്മീരിൽ വികസന മുരടിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലും ഭേദം രാജഭരണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിൽ ആറു മാസം കൂടുമ്പോൾ തലസ്ഥാനം മാറ്റുന്ന ദർബാർ മൂവ് എന്ന സമ്പ്രദായത്തെ താൻ പിന്തുണയ്ക്കുന്നു. രാജഭരണത്തിൽ തുടങ്ങിവച്ച ഈ സമ്പ്രദായം കശ്മീരിന്റെയും ജമ്മുവിന്റെയും വികസനത്തിന് വലിയ പങ്കുവഹിച്ചിട്ടുള്ളതാണ്. നിലവിലെ സർക്കാരിനെക്കാളും നന്നായി ജമ്മു-കശ്മീർ ഭരിച്ചത് ഏകാധിപതികളെന്ന് ചരിത്രം വിളിച്ച രാജാക്കൻമാരാണൈന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദർബാർ മൂവ്, ഭൂമിയുടെയും ജോലിയുടെയും സംരക്ഷണം. ജമ്മു കശ്മീരിലെ ബിസിനസ്, വികസനം, കൃഷി തുടങ്ങി എല്ലാ കാര്യങ്ങളിലും ഇപ്പോൾ പ്രതിസന്ധിയാണ്. ദാരിദ്രത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കർഷകർ. ഇതിനായി കേന്ദ്രത്തിന്റെ വിവാദ നിയമങ്ങൾക്കെതിരെ പോരാടിയ 22 കർഷക സംഘടനകളുടെ നേതൃത്വത്തിൽ പാർട്ടി രൂപീകരിച്ചു. സംയുക്ത സമാജ് മോർച്ച എന്നാണ് പാർട്ടിയുടെ പേര്.

ബൽബീർ സിങ് രജേവാൾ സംയുക്ത സമാജ് മോർച്ചയെ നയിക്കുമെന്നാണ് വിവരം. 117 സീറ്റിലും കർഷകർ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നാണ് സംയുക്ത കിസാൻ മോർച്ച ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംയുക്ത കിസാൻ മോർച്ചയുടെ പേര് എവിടെയും ഉപയോഗിക്കാൻ പാടില്ലെന്നും നേതാക്കൾ അറിയിച്ചു.

ഇതിനു പിന്നാലെയാണ് 22 കർഷക സംഘടനകൾ ചേർന്ന് പാർട്ടി രൂപീകരിച്ചിരിക്കുന്നത്. പോരാട്ടം ജയിക്കാൻ കഴിയുമെങ്കിൽ തെരഞ്ഞെടുപ്പിൽ ജയിക്കാനും സാധിക്കുമെന്ന് ബികെയു നേതാവ് ഹർമീത് സിങ് കഡ്യാൻ അറിയിച്ചു. ജനങ്ങളുടെ താത്പര്യമാണ് സംയുക്ത സമാജ് മോർച്ച അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോണിനെ നേരിടാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വാക്‌സിനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്റെയും വിജയമാണ്. പ്രതിസന്ധി ഘട്ടത്തിൽ രാജ്യം ഒന്നിച്ച് നിന്നുവെന്നും പുതുവർഷത്തിൽ കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിനെയും വരുൺ സിംഗിനെയും അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു. അസാദ്ധ്യമായത് ചെയ്ത് കാണിച്ച ധീരസൈനികനായിരുന്നു വരുൺ സിംഗെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഭാരതമാതാവിന്റെ മഹിമ വാനോളം ഉയർത്താൻ എന്നും വീരന്മാർ പ്രയത്നിക്കുകയാണ്. അവർ നമ്മെ നിരവധി കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. വരുണിന്റെ ജീവിതവും നമുക്ക് ഒരു പാഠപുസ്തകമാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.