ഓഗസ്റ്റ് 14 അർദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കണം; മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 14 അർദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. നിയമസഭ സ്പീക്കർക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് ഇതുസംബന്ധിച്ച് കത്ത് നൽകുകയും ചെയ്തു.

സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ദീപ്ത സ്മരണ പുതുക്കുന്നതിനും മതേതര ജനാധിപത്യ മൂല്യങ്ങൾ ഉൾപ്പടെയുള്ള ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുന്നതിനുമായി ഒന്നിച്ച് പോരാടുമെന്ന പ്രമേയം നിയമസഭ പാസാക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. ഓഗസ്റ്റ് 14 അർദ്ധ രാത്രിയിൽ സഭ സമ്മേളിക്കുന്നതിന് അസൗകര്യമുണ്ടെങ്കിൽ മറ്റൊരു ദിവസം കേരള നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം 75-ാം വാർഷികത്തിന്റെ ഭാഗമായി ചേരണമെന്നും അദ്ദേഹം കത്തിൽ പറയുന്നു.

അതേസമയം, സ്വാതന്ത്ര്യത്തിന്റെ 25-ാം വാർഷികമായ 1972 ഓഗസ്റ്റ് 14 ന് രാത്രി ഗവർണറുടെ സാന്നിദ്ധ്യത്തിൽ കേരള നിയമസഭ പ്രത്യേക സമ്മേളനം ചേർന്നതിനെ കുറിച്ചും 40-ാം വാർഷികത്തിന്റെ ഭാഗമായി 1987 ഓഗസ്റ്റ് 13 ന് പ്രത്യേക സിറ്റിംഗ് നടത്തിയതിനെ കുറിച്ചും അദ്ദേഹം കത്തിൽ പരാമർശിക്കുന്നുണ്ട്.