കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ ഓഗസ്റ്റ് 15 നകം പെൻഷൻ നൽകണം; നിർദ്ദേശം നൽകി ഹൈക്കോടതി

എറണാകുളം: കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ നൽകാത്ത വിഷയത്തിൽ ഇടപെടലുമായി ഹൈക്കോടതി. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പെൻഷൻ ഈ മാസം 25 നകം നൽകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. മറ്റ് മാസത്തെ പെൻഷനുകൾ ആദ്യ ആഴ്ച്ചയിൽ നൽകണമെന്നും കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം, കാട്ടാക്കടയിൽ വിരമിച്ച കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോടതി ദുഃഖം പ്രകടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയോട് വിവരങ്ങൾ തേടുകയും ചെയ്തു. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പെൻഷൻ ദുരിതത്തിലാണ് പെൻഷൻകാർ. നിരവധി പേരാണ് പെൻഷൻ മുടങ്ങിയത് മൂലം ജീവിതം പ്രതിസന്ധിയിലായി ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

സഹകരണ ബാങ്കുകളുമായിട്ടുള്ള ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത് വൈകുന്നതാണ് പെൻഷനുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്.