മാതൃകാപരം; അപൂര്‍വരോഗം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ച് കേരളം

തിരുവനന്തപുരം: അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികൾക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. 6 വയസ് വരെയുള്ള കുട്ടികൾക്ക് നൽകിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്. ആദ്യ ഘട്ടത്തിൽ 10 കുട്ടികൾക്കാണ് വിലകൂടിയ മരുന്ന് നൽകിയത്.

ഇതുവരെ 57 കുട്ടികൾക്കാണ് മരുന്ന് നൽകിയത്. 12 വയസ് വരെ ചികിത്സ ഉയർത്തുമ്പോൾ 23 കുട്ടികൾക്കും കൂടി മരുന്ന് നൽകുന്നതാണ്. നവകേരള സദസ്സിനിടെ എസ്.എം.എ. ബാധിതയും കോഴിക്കോട് സ്വദേശിയുമായ സിയ മെഹ്റിൻ തന്റെ അനുഭവം പങ്കുവയ്ക്കുന്നതിനിടേയാണ് അപൂർവ രോഗത്തിനുള്ള മരുന്ന് വിതരണം 6 വയസിന് മുകളിലുള്ള കുട്ടികൾക്കും ലഭ്യമാക്കിയാൽ സഹായകരമാണെന്ന ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

നട്ടെല്ലിന്റെ വളവ് പരിഹരിക്കുന്നതിനുള്ള സൗജന്യ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് സിയാ മെഹ്റിനിലാണ്. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ബഹു. മുഖ്യമന്ത്രി പ്രഭാത യോഗത്തിൽ തന്നെ പറഞ്ഞിരുന്നു. തുടർന്നാണ് സർക്കാർ തലത്തിൽ ചർച്ച ചെയ്ത് 6 വയസിന് മുകളിലുള്ള കുട്ടികൾക്കും സൗജന്യ മരുന്ന് നൽകാൻ കഴിഞ്ഞ മാസം തീരുമാനമെടുത്തതെന്ന് വീണാ ജോർജ് കൂട്ടിച്ചേർത്തു.