കോവളം – ബേക്കൽ ജലപാതയിൽ ടൂറിസം, വാണിജ്യ പദ്ധതികൾ നടപ്പിലാക്കൽ; സാദ്ധ്യതാപഠനം പുരോഗമിക്കുന്നു

കൊച്ചി: കോവളം – ബേക്കൽ ( കാസർകോട് ) ജലപാതയിൽ ടൂറിസം, വാണിജ്യ പദ്ധതികൾ നടപ്പിലാക്കാനുള്ള സാദ്ധ്യതാപഠനം പുരോഗമിക്കുന്നു. മലബാർ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാനാണ് അധികൃതരുടെ തീരുമാനം. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി) നടപ്പാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

കൊല്ലം – കോട്ടപ്പുറം ദേശീയ ജലപാത ഉൾപ്പെടെ വെസ്റ്റ്‌കോസ്റ്റ് കനാലുമായി ബന്ധിപ്പിച്ചാണ് പദ്ധതികൾ. ജലപാത 13 ഭാഗങ്ങളായി തിരിച്ചാണ് സാദ്ധ്യതാ പഠനം. രണ്ടിടത്തെ പഠനം പൂർത്തിയായി. നാലിടത്ത് പഠനം അവസാനഘട്ടത്തിലാണ്. കോവളം- ബേക്കൽ ജലപാത വികസിപ്പിക്കുന്നത് കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും (സിയാൽ) ചേർന്ന് രൂപീകരിച്ച കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) കമ്പനിയാണ്.

ഡി.പി.ആർ തയ്യാറാക്കുന്നത് ക്വിൽ നിയോഗിച്ച ഏജൻസികളാണ്. ജലകേളികൾ ഉൾപ്പെടെ ടൂറിസം പദ്ധതികൾ, മത്സ്യസംസ്‌കരണ കേന്ദ്രങ്ങൾ, ഭക്ഷ്യസംരംഭങ്ങൾ തുടങ്ങിയവ ആവിഷ്‌കരിക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.