General (Page 796)

മോസ്‌കോ: ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി പുതിയ പ്രഖ്യാപനങ്ങൾ നടത്തി റഷ്യ. ജനസംഖ്യയിൽ ഇടിവ് നേരിടുന്നതിനെ തുടർന്നാണ് ജനിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പുതിയ പദ്ധതി പ്രഖ്യാപനം നടത്തിയത്.

1944ൽ കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന ഒരു പദ്ധതിയാണ് പുടിൻ ഇതിനായി പുനരുജ്ജീവിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. പത്തോ അതിലധികമോ കുട്ടികളുള്ള സ്ത്രീകൾക്ക് ‘മദർ ഹീറോയിൻ’ അവാർഡ് നൽകുമെന്നാണ് പ്രസിഡന്റ് പ്രഖ്യാപിച്ചത്.

രാജ്യത്തെ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി ദമ്പതികൾക്ക് സാമ്പത്തിക സഹായവും സാമൂഹിക അംഗീകാരവുമാണ് ഇതുവഴി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ജോസഫ് സ്റ്റാലിൻ സോവിയറ്റ് യൂണിയൻ കാലഘട്ടത്തിൽ ഈ പദവി നൽകുകയും ഏകദേശം 400,000 പൗരന്മാർക്ക് മെഡൽ നൽകുകയും ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ അവാർഡിന് അർഹരാകുന്ന റഷ്യൻ പൗരന്മാർക്ക് അവരുടെ പത്താമത്തെ കുട്ടിക്ക് ഒരു വയസ്സ് തികയുമ്പോൾ ഒരു മില്യൺ റൂബിൾസ് (ഏകദശം 13,16,114 ലക്ഷം രൂപ) ആണ് ഒറ്റത്തവണയായി ലഭിക്കുക. എന്നാൽ മറ്റ് ഒമ്പത് കുട്ടികളും ജീവനോടെ ഉണ്ടായിരിക്കണമെന്നാണ് നിബന്ധന.

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ സ്വീകരിച്ച ‘പ്രൊനാറ്റലിസ്റ്റ്’ (കുട്ടികൾ ഉണ്ടാകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന നയം) നയത്തിന്റെ ഭാഗമായാണ് സ്റ്റാലിൻ കാലഘട്ടത്തിൽ ഈ അവാർഡ് ആരംഭിച്ചതെന്ന് ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിലെ സ്‌കൂൾ ഓഫ് സ്ലാവോണിക് ആൻഡ് ഈസ്റ്റ് യൂറോപ്യൻ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർ ക്രിസ്റ്റിൻ റോത്ത്-ഐ അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ന്യൂഡൽഹി: വടക്കേ ഇന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ. 39 പേരാണ് മഴക്കെടുതിയിൽപ്പെട്ട് ഇതുവരെ മരിച്ചത്. ഹിമാചൽ പ്രദേശിൽ മാത്രം 23 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഗംഗാ,യമുനാ, തമസാ നദികൾ കനത്ത മഴയിൽ കരകവിഞ്ഞൊഴുകി. ഉത്തരേന്ത്യയിൽ അടുത്ത അഞ്ച് ദിവസംകൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, ഒഡീഷ, ജമ്മുകശ്മീർ എന്നിവിടങ്ങളിലാണ് ഏറ്റവും അധിക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹിമാചൽ പ്രദേശിൽ സംസ്ഥാന വ്യാപകമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 30 ഇടങ്ങൾ അപകട മേഖലകളായും പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 232 കോടി രൂപ സംസ്ഥാന സർക്കാർ അടിയന്തരമായി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം, ഒഡീഷയിൽ ഡാം തുറന്നു വിട്ടതിനെ തുടർന്ന് ജാർഖണ്ഡിലെ ജംഷാദ്പൂർ മേഖലയിൽ വെള്ളം കയറി. വെള്ളം ഉയരുകയാണെങ്കിൽ ആളുകളെ ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ജമ്മു കശ്മീരിലെ രജൗരിയിൽ ദർഹലി നദി തീരത്ത് മിന്നൽ പ്രളയസാഹചര്യമാണ്. തീരവാസികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രാജസ്ഥാൻ,ഛത്തിസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായമഴ പെയ്യുന്നുണ്ട്.

ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യുദ്ധമല്ല മറിച്ച് ചർച്ചകളാണ് മാർഗമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. മേഖലയിലെ സമാധാനം കശ്മീർ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയാണ് ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള താത്പര്യത്തെ കുറിച്ച് പാക് പ്രധാനമന്ത്രി പരാമർശിച്ചത്.

പാകിസ്താൻ ആഗ്രഹിക്കുന്നത് മേഖലയിൽ സമാധാന അന്തരീക്ഷം സ്ഥാപിക്കുകയെന്നതാണ്. പരമ്പരാഗതമായി പാകിസ്താൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഘടനാപരമായ പ്രശ്നങ്ങളും ദശകങ്ങളായി രാഷ്ട്രീയ അസ്ഥിരതകളുമാണെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്താൻ രൂപം കൊണ്ട ശേഷമുള്ള ആദ്യ ദശകങ്ങളിലെ കാര്യം പരിശോധിച്ചാൽ സാമ്പത്തിക മേഖലയിൽ ഉൾപ്പെടെ രാജ്യം മുന്നോട്ട് കുതിച്ചിരുന്നുവെന്നും അത് കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികളുടെ ഫലമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി സി ക്രിമിനാലാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര കോൺഗ്രസ് വേദിയിൽ കായികമായി തന്നെ നേരിടാൻ വൈസ് ചാൻസിലർ ഒത്താശ ചെയ്തു. പാർട്ടി കേഡറിനെ പോലെ പെരുമാറുന്ന വൈസ് ചാൻസിലർക്കെതിരായ നിയമ നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം വിശദമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2019 ൽ കണ്ണൂർ സർവ്വകാലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിലെ സംഭവവുമായി ബന്ധപ്പെട്ടാണ് ഗവർണറുടെ പരാമർശം.

പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവർണർക്കെതിരെ അന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്റെ പ്രസംഗത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്ന് ഗവർണർ ആരോപിക്കുന്നു. കണ്ണൂർ വിസി ഇതിന് എല്ലാ ഒത്താശയും ചെയ്തിരുന്നു. തന്റെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി. ഡൽഹി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രപതിക്കോ ഗവർണ്ണർക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാൽ സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്താനോ, താൻ നിർദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം മരവിപ്പിച്ചതിന് പിന്നാലെ സിപിഎം നടത്തിയ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണ്ണറുടെ നടപടിയെ അദ്ദേഹം സ്വാഗതം ചെയതു. വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവർണ്ണറെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണ്ണർ പദവിയുടെ അന്തസ്സ് ഉയർത്തിപിടിക്കുന്ന നടപടിയാണിത്. സർവകലാശാലകളുടെ വിശ്വാസ്യത തകർത്ത ക്ഷുദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണ്ണർ ഒറ്റക്കാവില്ല. കേരളീയ സമൂഹത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. എൽഡിഎഫ് ഭരണത്തിലെ കഴിഞ്ഞ മൂന്ന് വർഷത്തെ ബന്ധുനിയമനങ്ങൾ അന്വേഷിക്കാനാണ് തീരുമാനമെങ്കിലും കഴിഞ്ഞ ആറുവർഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവർണ്ണർ തയ്യാറാകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

കണ്ണൂർ, കേരള, കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിൽ ഇക്കാലയളവിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് അർഹതയും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളെ മറികടന്ന് സിപിഎമ്മിന് വേണ്ടി നിരവധി ക്രമക്കേടുകളാണ് നടത്തിയത്. സിപിഎം നടത്തിയ സ്വജനപക്ഷപാത നിയമനങ്ങൾക്കെല്ലാം വിസിമാരുടെ പിന്തുണയും ഉണ്ടായിരുന്നു.സിപിഎം നടത്തുന്ന വഴിവിട്ട നിയമനങ്ങൾക്ക് കുടപിടിക്കുന്ന വിസിമാരെ എല്ലാ ഭരണസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പുനഃർനിയമനം വരെ നൽകി. കണ്ണൂർ വിസിയുടെ പുന:ർനിയമനത്തിൽ ഗവർണ്ണറെ പോലും ചോദ്യം ചെയ്താണ് സർക്കാർ നിലപാട് സ്വീകരിച്ചത്. അദ്ധ്യാപക നിയമനത്തിലെ സംവരണം വരെ വിസിമാരെ ഉപയോഗിച്ച് അട്ടിമറിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർവകലാശാല ചാൻസിലറായ ഗവർണ്ണറുടെ അധികാരം കവരുന്ന ബില്ലുമായി ബന്ധപ്പെട്ട് സർക്കാർ നടപടികൾ സ്വീകരിക്കുന്നത് തന്നെ അധികാരത്തിന്റെ തണലിൽ സിപിഎം നടത്തിയ ബന്ധുനിയമനങ്ങൾ അസാധുവാകാതിരിക്കാനാണ്. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം ഇനിയും വർധിപ്പിച്ച് ഭരണവും നിയമനങ്ങളും കൈപിടിയിലൊതുക്കാനുള്ള വളഞ്ഞ വഴിയാണ് സർക്കാർ നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബിൽ സർക്കാർ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. സർക്കാർ ബില്ലിന്റെ കരട് വിജ്ഞാപനം ചെയ്തിട്ടുണ്ട്.

ലോകായുക്തയുടെ വിധി പുന:പരിശോധിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ബില്ലിലെ ഭേദഗതി. ഗവർണർക്കോ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കാമെന്ന് വിധി തള്ളിക്കളയാമെന്നുമാണ് ബില്ലിലെ വ്യവസ്ഥ.

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്ന് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. 10 ദിവസം സഭ സമ്മേളിച്ച് സെപ്റ്റംബർ രണ്ടിനു പിരിയും.

2022-23 വർഷത്തെ ധനാഭ്യർഥനകൾ ചർച്ച ചെയ്തു പാസാക്കുന്നതിനായി കഴിഞ്ഞ ജൂൺ 27 മുതൽ ചേർന്ന അഞ്ചാം സമ്മേളനം 15 ദിവസം സമ്മേളിച്ചു നടപടികൾ പൂർത്തിയാക്കി ജൂലൈ 21 നാണ് പിരിഞ്ഞത്. അഞ്ചാം സമ്മേളനകാലയളവിൽ നിലവിലുണ്ടായിരുന്ന ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കുന്നതിനായി ഒക്ടോബർ – നവംബർ മാസങ്ങളിൽ പ്രത്യേക സമ്മേളനം ചേരുമെന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചാം സമ്മേളനം അവസാനിച്ചത്. എന്നാൽ, അഞ്ചാം സമ്മേളനം ആരംഭിച്ച തീയതി മുതൽ 42 ദിവസ കാലയളവിനുള്ളിൽ അന്നു നിലവിലുണ്ടായിരുന്ന 11 ഓർഡിനൻസുകൾ വീണ്ടും പ്രഖ്യാപിക്കാൻ കഴിയാതെവരികയും അവ റദ്ദാകുകയും ചെയ്തതുമൂലമുണ്ടായ അസാധാരണ സ്ഥിതിവിശേഷം മറികടക്കുന്നതിനായി, റദ്ദായിപ്പോയ ഓർഡിനൻസുകളുടെ സ്ഥാനത്തു പുതിയ നിയമ നിർമാണം നടത്തുന്നതിനുവേണ്ടിയാണ് അടിയന്തരമായി ഇപ്പോൾ സമ്മേളനം ചേരുന്നതെന്നു സ്പീക്കർ പറഞ്ഞു.

2022 ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി ഓർഡിനൻസ്), 2022ലെ കേരള തദ്ദേശ സ്വയംഭരണ പൊതുസർവീസ് ഓർഡിനൻസ്, 2022ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ഓർഡിനൻസ്, ദി കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ് ആൻഡ് അസൈൻമെന്റ്) അമെന്റ്‌മെന്റ് ഓർഡിനൻസ്, ദി കേരള ലോക് ആയുക്ത(അമെന്റ്‌മെന്റ്) ഓർഡിനൻസ് 2022, 2022ലെ കേരള മാരിടൈം ബോർഡ് (ഭേദഗതി) ഓർഡിനൻസ്, 2022ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉത്പാദനവും വിൽപ്പനയും നിയന്ത്രിക്കൽ) ഓർഡിനൻസ്, 2022ലെ കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി) ഓർഡിനൻ്‌സ, ദി കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ് 2022, ദി കേരള പബ്ലിക് സർവീസ് കമ്മിഷൻ (അഡിഷണൽ ഫങ്ഷൻസ് ആസ് റെസ്‌പെക്റ്റ്‌സ് സെർട്ടൻ കോർപ്പറേഷൻസ് ആൻഡ് കമ്പനീസ്) അമെന്റ്‌മെന്റ് ഓർഡിനൻസ് 2022, ദി കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് ഓർഡിനൻസ് 2022 എന്നിവയാണു പുനഃപ്രഖ്യാപനം നടത്താൻ കഴിയാത്തതുമൂലം റദ്ദായിപ്പോയത്.

ആറാം സമ്മേളനത്തിന്റെ ആദ്യ ദിനമായ ഓഗസ്റ്റ് 22ന് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങൾ അനുസ്മരിച്ചുള്ള പ്രത്യേക യോഗം ചേരും. അന്നു മറ്റു നടപടികൾ ഉണ്ടാകില്ല. ഓഗസ്റ്റ് 23ന് 2022ലെ കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി) ബിൽ, 2022ലെ കേരള മാരിടൈം ബോർഡ്(ഭേദഗതി) ബിൽ, 2021ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ എന്നിവയുടേയും 24ന് ദി കേരള ലോക് ആയുക്ത(അമെന്റ്‌മെന്റ്) ബിൽ 2022, ദി കേരള പബ്ലിക് സർവീസ് കമ്മിഷൻ (അഡിഷണൽ ഫങ്ഷൻസ് അസ്റെസ്‌പെറ്റ്‌സ് സെർട്ടൻ കോർപ്പറേഷൻസ് ആൻഡ് കമ്പനീസ് അമെന്റ്‌മെന്റ് ബിൽ, 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവയുടേയും അവതരണത്തിനും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കണമെന്ന പ്രമേയത്തിന്റെ പരിഗണനയ്ക്കും വിനിയോഗിക്കും.

ആദ്യ ദിനമായ ഓഗസ്റ്റ് 22നു സഭ പിരിഞ്ഞതിനു ശേഷം യോഗം ചേരുന്ന കാര്യോപദേശക സമിതി തുടർന്നുള്ള ദിനങ്ങളിലെ നിയമനിർമാണത്തിനായുള്ള സമയക്രമം സംബന്ധിച്ചു ചർച്ച ചെയ്തു യുക്തമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കിയതിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കിയത് നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വിമർശനങ്ങളെ പൂർണ മനസോടെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പ്രമേയം പാസാക്കിയതിൽ നടപടിയെടുക്കില്ല. വിമർശനത്തെ താൻ ഇഷ്ടപ്പെടുന്നു. വിമർശിക്കാനുള്ള ജനാധിപത്യ അവകാശങ്ങൾ ഉണ്ടാകണം. താൻ നോമിനേറ്റ് ചെയ്തവർ പ്രമേയത്തിൽ ഒപ്പിട്ടെങ്കിലും അവർക്കെതിരെ പ്ലഷർ ക്ലോസ് ഉപയോഗിക്കില്ല. സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്തിയില്ല എന്നതുകൊണ്ട് നടപടികൾ നിർത്തിവയ്ക്കാൻ ആകില്ല. എപ്പോൾ വേണമെങ്കിലും സർവകലാശാല പ്രതിനിധിക്ക് നടപടിക്രമങ്ങളുടെ ഭാഗമാകാമെന്നും അദ്ദേഹം വിശദീകരിച്ചു.

യൂണിവേഴ്സിറ്റി ആക്ട് 10(1) പ്രകാരം യൂണിവേഴ്സിറ്റി പ്രതിനിധി ഇല്ലാതെ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നും ആയതിനാൽ തീരുമാനം പിൻവലിക്കണമെന്നുമാണ് പ്രമേയത്തിൽ വ്യക്തമാക്കുന്നത്. ധൃതിപിടിച്ചാണ് സെർച്ച് കമ്മറ്റിയുണ്ടാക്കിയതെന്നും ഗവർണറുടെ തീരുമാനം ഏകപക്ഷീയമാണെന്നും യോഗത്തിൽ ഇടത് അംഗങ്ങൾ വിമർശിച്ചു.

ചെന്നൈ: മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട്. ബസ് ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് നിയമം ഭേദഗതി ചെയ്തത്. തമിഴ്നാട് ഭേദഗതി അനുസരിച്ച് ബസിൽ സ്ത്രീകളെ തുറിച്ചു നോക്കിയാൽ പൊലീസിന് കേസെടുത്ത് അറസ്റ്റ് ചെയ്യാം.

ഭേദഗതി അനുസരിച്ച് തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങൾ കാണിക്കൽ, ലൈംഗിക അതിക്രമം, ലൈംഗിക താത്പര്യത്തോടെ സമീപിക്കൽ തുടങ്ങിയവയെല്ലാം ശിക്ഷാർഹമായ പ്രവൃത്തികളാണ്. യാത്രകളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ പുതുക്കിയ മോട്ടോർ വാഹനനിയമം പ്രഖ്യാപിച്ചത്. 1989 ലെ നിയമമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ പുതുക്കിയത്.

സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറുന്ന പുരുഷന്മാരെ കണ്ടക്ടർ ഇറക്കി വിടുകയോ പോലീസിന് കൈമാറുകയോ ചെയ്യണമെന്ന് പുതുക്കിയ നിയമത്തിൽ വ്യക്തമാക്കുന്നു. ബസ്സിനുള്ളിൽ വച്ച് സ്ത്രീകളോട് മോശമായി പെരുമാറുന്ന കണ്ടക്ടർമാർക്കു കടുത്ത ശിക്ഷയാണ് ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സ്ത്രീകളെ മോശമായി സ്പർശിക്കുന്ന കണ്ടക്ടർമാർക്കെതിരെ പൊലീസിന് കേസെടുക്കാം. ലൈംഗിക ചുവയുള്ള തമാശകൾ പറയൽ, മോശം കമന്റ് തുടങ്ങിയവയും ഗുരുതര കുറ്റൃത്യമാണ്. ബസുകളിൽ കണ്ടക്ടർമാർ പരാതി പുസ്തകം സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാൽ ഇത് അധികൃതർക്കു മുന്നിൽ ഹാജരാക്കണമെന്നും പുതിയ നിയമം നിർദേശിക്കുന്നു.

കൊച്ചി: എൻഎസ്എസിന്റെ സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് അനുവദിച്ച സമുദായ ക്വാട്ടയിലേക്ക് നായർ സമുദായത്തിലെ കുട്ടികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. മുന്നോക്ക സമുദായങ്ങളുടെ സ്‌കൂളുകൾക്ക് സർക്കാർ അനുവദിച്ച 10 ശതമാനം സമുദായ ക്വാട്ട സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നൽകിയ അപ്പീലിലാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച വിധി പ്രസ്താവം നടത്തിയത്. വിഷയത്തിൽ കൂടുതൽ വാദം കേട്ടശേഷമാണ് സമുദായ ക്വാട്ടയിൽ നായർ സമുദായത്തിലെ കുട്ടികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാൻ കോടതി അനുമതി നൽകിയത്.

എൻഎസ്എസ് സ്‌കൂളുകളുടെ കാര്യത്തിൽ സിംഗിൾ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നത് അപ്പീൽ നേരത്തേ പരിഗണിച്ച ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. സമുദായ ക്വാട്ട റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരായ അപ്പീലിൽ വാദം തുടരും.

പാലക്കാട്: അട്ടപ്പാടി മധു കേസിൽ പ്രതിഭാഗം അഭിഭാഷകനെതിരെ വിമർശനവുമായി വിചാരണ കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രതിഭാഗം അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയതായി മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതി പറഞ്ഞു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് മധു കേസിലെ പന്ത്രണ്ട് പ്രതികളുടെയും ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് പ്രതിഭാഗം അഭിഭാഷകന്റെ പരാമർശങ്ങളെ കുറിച്ച് കോടതി വിശദീകരിച്ചത്.

ജാമ്യം റദ്ദാക്കിയാൽ വിചാരണ കോടതി ജഡ്ജി ഹൈക്കോടതിയിൽ അതിന് മറുപടി പറയേണ്ടിവരുമെന്നായിരുന്നു അഭിഭാഷകൻ പറഞ്ഞത്. മാദ്ധ്യമങ്ങളിൽ ജഡ്ജിയുടെ പടം ഉൾപ്പെടെയുള്ള മോശം വാർത്തകൾ വരുമെന്നും അഭിഭാഷകൻ പറഞ്ഞതായി ഉത്തരവിൽ പറയുന്നുണ്ട്. കേസിലെ 3,6,8,10,12 എന്നീ പ്രതികളുടെ അഭിഭാഷകൻ പറഞ്ഞ കാര്യങ്ങളാണ് വിചാരണ കോടതി ഉത്തരവിൽ വിശദമാക്കിയത്.

അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിധിയിൽ പ്രതികരണവുമായി മധുവിന്റെ അമ്മ മല്ലി. വിധിയിൽ സന്തോഷവും ആശ്വാസവുമുണ്ടെന്ന് മല്ലി വ്യക്തമാക്കി. ഇന്നും അന്നും ദൈവത്തെ വിശ്വസിക്കുന്നു. കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാക്ഷികൾ തുടർച്ചയായി കൂറു മാറുമ്പോൾ നെഞ്ചിൽ തീയായിരുന്നുവെന്നും മല്ലി അറിയിച്ചു.

കോടതി വിധിയിൽ സന്തോഷമുണ്ടെന്നും ഇനി കൂറുമാറ്റം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മധുവിന്റെ സഹോദരി സരസു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, അപൂർവങ്ങളിൽ അപൂർവമായി മാത്രമേ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള തീരുമാനം കോടതിയിൽ നിന്ന് ഉണ്ടാകാറുള്ളൂവെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മനോൻ പ്രതികരിച്ചു. കേസിലെ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതെന്നും അത് കോടതി അംഗീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യമാണ് മണ്ണാർക്കാട് കോടതി റദ്ദാക്കിയത്. പട്ടിക ജാതി പട്ടിക വർഗ പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ് കുമാറാണ് ജാമ്യം റദ്ദാക്കിയത്. കേസ് അട്ടിമറിക്കുന്നതിന് പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന പ്രോസിക്യൂഷൻ ഹർജിയിലായിരുന്നു നടപടി.

അതേസമയം, കോടതിയിൽ ഹാജരായ 4-ാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദീഖ്, 15-ാം പ്രതി ബിജു എന്നിവരെ റിമാൻഡ് ചെയ്യുകയും മറ്റുള്ള 9 പേർക്കെതിരെ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. ഹൈക്കോടതി ജാമ്യം അനുവദിച്ച 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കേസിലെ 13 സാക്ഷികൾ അടുത്തിടെ കൂറുമാറിയിരുന്നു.