General (Page 798)

തിരുവനന്തപുരം: ജസ്റ്റിസ് കെമാൽ പാഷക്കെതിരെ പരാതി നൽകി സോളാർ തട്ടിപ്പ് കേസിലെ പ്രതി. പി സി ജോർജിനെതിരെ നൽകിയ പീഡന കേസിൽ ജാമ്യം കിട്ടാൻ ജസ്റ്റിസ് കെമാൽ പാഷ അനധികൃതമായി ഇടപെട്ടുവെന്നാണ് പരാതി. ജാമ്യം നൽകിയ ജഡ്ജിയുമായി കെമാൽ പാഷയ്ക്ക് ബന്ധമുണ്ടെന്നാണ് പരാതിക്കാരിയുടെ ആരോപണം. നിയമ സംവിധാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതിനെ കുറിച്ച് അന്വേഷണം വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഡിജിപിയ്ക്കാണ് സോളാർ തട്ടിപ്പ് കേസ് പരാതി നൽകിയത്.

അതേസമയം, പി സി ജോർജിനെതിരെ പീഡന പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. പി സി ജോർജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയിൽ കോടതി സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ടെന്നും പരാതി നൽകാൻ 5 മാസം വൈകിയതിന് കൃത്യമായ കാരണം ബോധിപ്പിക്കാനായിട്ടില്ലെന്നും കോടതി അറിയിച്ചു.

ഇത്തരം നിയമ നടപടികളെ കുറിച്ച് ധാരണയുള്ളയാളാണ് പരാതിക്കാരിയെന്നും കോടതി ചൂണ്ടിക്കാട്ടി. പി സി ജോർജിനെ അറസ്റ്റ് ചെയ്യുന്ന വേളയിൽ സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കോടതി പറഞ്ഞു. പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി നിർദേശം ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നും കോടതി അഭിപ്രായപ്പെട്ടു. തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിക്കുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തെന്നായിരുന്നു പി സി ജോർജിനെതിരെ പരാതിക്കാരി നൽകിയ പരാതി.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പിസി ജോർജിനെതിരായ കേസ്. 354, 354(A) വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്.

ന്യൂഡൽഹി: ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ബാറുകളിലും ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കരുതെന്ന് നിർദ്ദേശിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറത്തിറക്കിയത്. മറ്റു പേരുകളിലും ഭക്ഷണത്തിനൊപ്പം ബില്ലിൽ ചേർത്തും സർവീസ് ചാർജ് ഈടാക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

സർവ്വീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം 1915 എന്ന നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ നമ്പരിൽ പരാതി അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കളോട് സർവീസ് ചാർജ് ആവശ്യപ്പെടാനോ സ്വമേധയാ ചാർജ് വർദ്ധിപ്പിക്കാനോ പാടില്ലെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

സർവ്വീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് വ്യക്തമാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.

കോലഞ്ചേരി: പട്ടിമറ്റം ടൗണിൽ അലഞ്ഞു നടന്ന ഇരുപതിലധികം തെരുവു നായ്ക്കളെ ഒറ്റ ദിവസം കൊണ്ട് കാണാതായി. മേഖലയിലെ പല സ്ഥലങ്ങളിലും പട്ടിയെ പിടിക്കാനുള്ള കുടുക്കുകൾ കണ്ടെത്തിയിട്ടുണ്ട്. പട്ടിപിടുത്തക്കാർ കൂട്ടത്തോടെ ഇവയെ പിടികൂടി അട്ടിറച്ചിയാക്കിയതാവാമെന്ന സംശയം ബലപ്പെടുന്നുണ്ട്.

സംഭവത്തിൽ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടനയായ അനിമൽ ലീഗൽ ഫോഴ്സ് കുന്നത്തുനാട് രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന പൊലീസിൽ പരാതി നൽകി.

കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ പിടിച്ചെടുത്തിരിക്കുന്ന വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഗ്രൗണ്ടിൽ പ്രസവിച്ചുണ്ടായ കുഞ്ഞുങ്ങളടക്കമുള്ള നായ്ക്കളെയാണ് കാണാതായത്. ജില്ലയിലെ ചില മേഖലകളിൽ ആട്ടിറച്ചിയെന്ന പേരിൽ പട്ടിയിറച്ചി വിൽക്കുന്നുവെന്ന ആരോപണം ശക്തമാണ്. സംഭവത്തിൽ കുന്നത്തുനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് മറ്റെവിടെയെങ്കിലും ഇത്തരത്തിൽ സംഭവം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

അതേസമയം, പട്ടിമറ്റം, കിഴക്കമ്പലം മേഖലയിൽ വ്യാപകമായി നാഗാലാൻഡ് സ്വദേശകൾ താമസിക്കുന്നുണ്ട്. ഇവർ പട്ടിയിറച്ചി ഉപയോഗിക്കുന്നവരാണ്. ഇവർക്ക് വേണ്ടി പട്ടികളെ കൂട്ടക്കുരുതി ചെയ്തതാണോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

മല്ലപ്പള്ളി: പൊതുപരിപാടിയിൽ ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെ വിമർശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടനയെന്നാണ് സജി ചെറിയാൻ അഭിപ്രായപ്പെടുന്നത്. മല്ലപ്പള്ളിൽ നടന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടനയാണ് ഇന്ത്യാക്കാർ എഴുതിവച്ചത്. ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവച്ചുവെങ്കിലും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാൻ ആരോപിച്ചു.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. എന്നാൽ താൻ പറയും ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി സർക്കാർ മുതലാളിമാർക്ക് അനുകൂലമായി പ്രവർത്തിക്കുമ്പോൾ ഇന്ത്യൻ ഭരണഘന അവർക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണെന്നും അദ്ദേഹം അറിയിച്ചു.

കോടതിയ്‌ക്കെതിരെയും മന്ത്രി സജി ചെറിയാൻ രൂക്ഷ വിമർശനം ഉന്നയിച്ചു. കോടതിയിൽ പോയാൽ പോലും മുതലാളിമാർക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാകുക. ന്യായമായ കൂലി ചോദിക്കാൻ പറ്റുന്നില്ല. എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ വിശ്രമം ഇല്ലാതായി. കൂലികിട്ടാത്ത കാര്യത്തിനായി കോടതിയിൽ പോയാൽ എന്തിനാണ് സമരം ചെയ്തത് എന്നാണ് കോടതി ചോദിക്കുന്നത്. നാട്ടിലുണ്ടാകുന്ന ഏത് പ്രശ്‌നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കോടതിയുടെ കുറ്റപ്പെടുത്തലെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: പി സി ജോർജിനെതിരെ പീഡന പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി കോടതി. പി സി ജോർജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയിൽ കോടതി സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ടെന്നും പരാതി നൽകാൻ 5 മാസം വൈകിയതിന് കൃത്യമായ കാരണം ബോധിപ്പിക്കാനായിട്ടില്ലെന്നും കോടതി അറിയിച്ചു.

ഇത്തരം നിയമ നടപടികളെ കുറിച്ച് ധാരണയുള്ളയാളാണ് പരാതിക്കാരിയെന്നും കോടതി ചൂണ്ടിക്കാട്ടി. പി സി ജോർജിനെ അറസ്റ്റ് ചെയ്യുന്ന വേളയിൽ സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കോടതി പറഞ്ഞു. പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി നിർദേശം ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നും കോടതി അഭിപ്രായപ്പെട്ടു. തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിക്കുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്‌തെന്നായിരുന്നു പി സി ജോർജിനെതിരെ പരാതിക്കാരി നൽകിയ പരാതി.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പിസി ജോർജിനെതിരായ കേസ്. 354, 354(A) വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. മരണങ്ങളെ ചികിത്സാ പിഴവെന്ന് പ്രചാരണം നടത്തുന്നത് നിരാശാജനകമാണെന്ന് ഐഎംഎ വ്യക്തമാക്കി.

കാര്യക്ഷമമായ ചികിത്സ നൽകിയാലും ചിലപ്പോൾ രോഗിയെ രക്ഷിക്കാൻ കഴിയാതെ വരാറുണ്ടെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. ഈ സാഹചര്യം സമൂഹം മനസിലാക്കണമെന്നും ഐഎംഎ അറിയിച്ചു.

അതേസമയം, ചികിത്സാപിഴവ് ആരോപണത്തിൽ പാലക്കാട് തങ്കം ആശുപത്രി ചൊവ്വാഴ്ച്ച വിശദീകരണം നൽകും. 11 മണിക്ക് പാലക്കാട് പ്രസ് ക്ലബ്ബിൽ വിശദീകരണം നടത്തുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അമിത രക്തസ്രാവമുണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂവെന്ന് പാലക്കാട് ഡിവൈഎസ്പി അറിയിച്ചു.

ചികിത്സാപിഴവിനെ തുടർന്നാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിച്ചിരുന്നത്. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആലപ്പുഴ: അമ്പലപ്പുഴയുടെ തീരദേശത്ത് രൂക്ഷമായ കടലേറ്റം. തോട്ടപ്പള്ളിമുതൽ പുറക്കാട് വാസുദേവപുരംവരെയുള്ള പ്രദേശങ്ങളിലെ സ്ഥിതി വളരെ ദയനീയമാണ്. പല സ്ഥലങ്ങളിലും കടൽഭിത്തി ഇടിഞ്ഞുതാണിട്ടുണ്ട്.

കടൽഭിത്തിക്കു മുകളിലൂടെയാണ് വലിയ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുന്നത്. കടൽഭിത്തിയോടു ചേർന്നുള്ള ഒരുവരി വീടുകളിലെല്ലാം വെള്ളംകയറിയിട്ടുണ്ട്. കനത്ത മഴയ്‌ക്കൊപ്പമാണ് കടലേറ്റവും രൂക്ഷമാകുന്നത്. മേഖലയിലെ ജനജീവിതം തന്നെ ദുസഹമായിരിക്കുകയാണ്. സ്വന്തം വീടിനുള്ളിൽ കിടന്നുറങ്ങാൻ പോലും ജനങ്ങൾ ഭയക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്.

ദേശീയപാതയോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണ് ഭീഷണിയിലായിരിക്കുന്നത്. വാസുദേവപുരം, മാത്തേരി, പുത്തൻനട, പുന്തല, ആനന്ദേശ്വരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഒട്ടേറെ നാശനഷ്ടങ്ങൾ സംഭവിച്ചു. കടൽഭിത്തിയോടു ചേർന്നുള്ള വീടുകളിൽ പലതിലും ശൗചാലയങ്ങൾ തകർന്നു. 2021 മേയ് മാസത്തിലെ ചുഴലിക്കാറ്റിൽ പലവീടുകളുടെയും ശൗചാലയങ്ങൾ തകർന്ന് ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായിട്ടും അഞ്ചുപൈസപോലും സർക്കാർ നഷ്ടപരിഹാരമായി നൽകിയില്ലെന്ന് ഇവിടുത്തെ ജനങ്ങൾ ആരോപിക്കുന്നു.

തിരുവനന്തപുരം: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ്, ആക്രമണം, സ്വർണ്ണക്കടത്ത് കേസ്, പി സി ജോർജിനെതിരെയുള്ള പീഡന കേസ് തുടങ്ങിയ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. എന്തൊരു വൃത്തികെട്ട രാഷ്ട്രീയമാണ് ഇപ്പൊൾ നമ്പർ വൺ എന്നു പറയപ്പെടുന്ന, പ്രബുദ്ധരായ, 100 ശതമാനം സാക്ഷരതയിൽ മുന്നിട്ടു നിൽക്കുന്ന കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എതിരാളികളായ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെ വിമർശിക്കുന്നതും, കേസ് കൊടുക്കുന്നതും, പ്രതിഷേധിക്കുന്നത് ഒക്കെ സാധാരണമാണ്. പക്ഷേ ഇപ്പൊൾ No 1 കേരളത്തിൽ എതിരാളികളായ പാർട്ടി നേതാക്കന്മാർക്ക് എതിരെ നടക്കുന്നത് തീർത്തും തറ രാഷ്ട്രീയം അല്ലേയെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നമ്മൾ പ്രബുദ്ധരാണ്, സാക്ഷരത ഉണ്ട് എന്നതൊക്കെ മറന്നേക്കൂ. എതിരാളികളായ നേതാക്കന്മാർക്ക് എതിരെ കുറച്ചു കൂടി നിലവാരം ഉള്ള ‘യുദ്ധം’ എല്ലാ രാഷ്ട്രീയ പാർട്ടികളും ചെയ്യുക. തീരെ തറയാകാതെ നോക്കുക. കേരള അതിർത്തി വിട്ടാൽ കോൺഗ്രസും , കമ്മ്യൂണിസ്റ്റ് പാർട്ടിയും സഖ്യതിലാണെന്ന് , കേരളത്തിൽ തമ്മിലടി കൂടുന്ന പ്രവര്ത്തകര് ഇടക്കൊക്കെ ഓർക്കുന്നത് നല്ലതാണ്. അതിനാൽ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകര് പരിധിവിട്ട് മറ്റു നേതാക്കന്മാരെ വിമർശിക്കുകയോ , എതിർക്കുകയോ ചെയ്യരുത്. അത് മോശമാണെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
എന്തൊരു വൃത്തികെട്ട രാഷ്ട്രീയമാണ് ഇപ്പൊൾ No 1 എന്നു പറയപ്പെടുന്ന, പ്രബുദ്ധരായ, 100 ശതമാനം സാക്ഷരതയിൽ മുന്നിട്ടു നിൽക്കുന്ന കേരളത്തിൽ നടക്കുന്നത്. എതിരാളികളായ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെ വിമർശിക്കുന്നതും, കേസ് കൊടുക്കുന്നതും, പ്രതിഷേധിക്കുന്നത് ഒക്കെ സാധാരണമാണ്. പക്ഷേ ഇപ്പൊൾ No 1 കേരളത്തിൽ എതിരാളികളായ പാർട്ടി നേതാക്കന്മാർക്ക് എതിരെ നടക്കുന്നത് തീർത്തും തറ രാഷ്ട്രീയം അല്ലേ?

1) വയനാട്ടിലെ MP രാഹുൽ ജിടെ ഓഫീസ് തകർത്തു. എന്തിന് ?
2) AKG സെന്റർ ബോംബ് എറിഞ്ഞു. എന്തിന് ? CCTV യുടെ സഹായത്താൽ യഥാർത്ഥ പ്രതികളെ പിടികൂടുമോ എന്നു നോക്കാം ..
3) നിരവധി പാർട്ടി ഓഫീസുകൾക്ക് എതിരെ ആക്രമണങ്ങൾ.
4) സ്വർണ കള്ള കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, പ്രതിഷേധങ്ങൾ .
5) മറ്റു മതങ്ങൾക്ക് എതിരെ കുട്ടികൾ അടക്കം, പല നേതാക്കന്മാരുടെയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ, പ്രസംഗങ്ങൾ നടത്തുന്നു. അതിനെ തുടർന്നുണ്ടാവുന്ന പ്രതിഷേധങ്ങൾ.
6) സഹ വിദ്യാർത്ഥികളെ പരീക്ഷാ ഹാളിൽ അടക്കം നിസ്സാര കാര്യങ്ങളിൽ ആക്രമിക്കുന്ന കുട്ടി criminals.
7) പഴയ സോളാർ കേസ് പ്രതി വീണ്ടും ആക്റ്റീവ് ആകുന്നു. PC George ജിക്ക് എതിരെ പീഡന കേസ്.

നമ്മൾ പ്രബുദ്ധരാണ്, സാക്ഷരത ഉണ്ട് എന്നതൊക്കെ മറന്നേക്കൂ. എതിരാളികളായ നേതാക്കന്മാർക്ക് എതിരെ കുറച്ചു കൂടി നിലവാരം ഉള്ള ‘യുദ്ധം’ എല്ലാ രാഷ്ട്രീയ പാർട്ടികളും ചെയ്യുക. തീരെ തറയാകാതെ നോക്കുക. കേരള അതിർത്തി വിട്ടാൽ കോൺഗ്രസും , കമ്മ്യൂണിസ്റ്റ് പാർട്ടിയും സഖ്യതിലാണെന്ന് , കേരളത്തിൽ തമ്മിലടി കൂടുന്ന പ്രവര്ത്തകര് ഇടക്കൊക്കെ ഓർക്കുന്നത് നല്ലതാണ്. അതിനാൽ UDF, LDF പ്രവര്ത്തകര് പരിധിവിട്ട് മറ്റു നേതാക്കന്മാരെ വിമർശിക്കുകയോ , എതിർക്കുകയോ ചെയ്യരുത്. അത് മോശമാണ്.
(വാൽകഷ്ണം.. പുതിയ തലമുറയിലെ കേരളത്തിലെ കുട്ടികൾ ഇത്തരം ആഭാസം നിറഞ്ഞ രാഷ്ട്രീയം കണ്ടും , ഇതിനെയൊക്കെ മാതൃകയാക്കിയും ആകും ഭാവിയിൽ ജീവിക്കുക. രാഷ്ട്രീയ എതിരാളികൾക്ക് പാര വെക്കണം.. പക്ഷേ കുറച്ചു കൂടി സംസ്‌കാരം, നിലവാരം കാണിച്ചൂടെ .. സ്വപ്ന, സരിത, സോളാർ, സ്വർണ കള്ളക്കടത്ത്, പീഡനം, അഴിമതി etc കേട്ടു കേട്ടു മടുത്തു ഭായ് . ഇനി പുതിയത് വല്ലതും പോരട്ടെ ഭായ് ..)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്‌കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

കൊല്ലം: കെഎസ്ആർടിസിയിൽ ക്ലസ്റ്റർ സംവിധാനം നിലവിൽ വന്നു. പല ഡിപ്പോകളിൽ നിന്നുള്ള ബസുകൾ ഒരേ റൂട്ടിൽ ഒരുമിച്ച് ഓടുന്നതിലൂടെയടക്കം ഉണ്ടാകുന്ന നഷ്ടം നികത്താൻ വേണ്ടിയാണ് ക്ലസ്റ്റർ സംവിധാനം നിലവിൽ വന്നത്. ജില്ലയിലെ ഡിപ്പോകളെ കൊട്ടാരക്കര, കൊല്ലം എന്നിങ്ങനെ രണ്ട് ക്ലസ്റ്ററുകൾക്ക് കീഴിലാക്കിയാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.

ഡിപ്പോ തലത്തിൽ നിലവിൽ നടത്തിക്കൊണ്ടിരുന്ന സർവ്വീസ് ക്രമീകരണങ്ങൾ ഇനി ക്ലസ്റ്റർ കേന്ദ്രീകരിച്ചാകും നടക്കുക. ജില്ലാ ഓഫീസ് സംവിധാനം ഇതിന്റെ മേൽനോട്ടത്തിനായി ഉണ്ടാകും. ഓരോ ഡിപ്പോകളും പ്രത്യേകമായി ഷെഡ്യൂളുകൾ തയ്യാറാക്കുന്നതിനാലാണ് ബസുകൾ ഒരുമിച്ചോടുന്ന സ്ഥിതി ഉണ്ടാകുന്നത്. ക്ലസ്റ്റർ സംവിധാനം കാര്യക്ഷമമാകുന്നതോടെ ജില്ലയിലെ പകുതി സർവീസുകൾ ഏകോപിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനായി ഓരോ ക്ലസ്റ്ററിന് കീഴിലുള്ള ഡിപ്പോകളിലെ സർവീസുകൾ പുനഃക്രമീകരിക്കും.

ഓരോ ക്ലസ്റ്ററിന്റെയും മേധാവികളായ ക്ലസ്റ്റർ ഓഫീസർ ഡി.ടി.ഒ അല്ലെങ്കിൽ എ.ടി.ഒ തസ്തികയിലുള്ളവരായിരിക്കും. സർവീസ് ഓപ്പറേഷന്റെ പൂർണ ചുമതല ക്ലസ്റ്റർ ഓഫീസർക്കായിരിക്കും. ഇവർക്ക് കീഴിൽ രണ്ട് അസി. ക്ലസ്റ്റർ ഓഫീസർമാരും ഉണ്ടാകും. സർവീസ് ഓപ്പറേഷനിൽ സഹായിക്കുകയാണ് ഒരു അസിസ്റ്റന്റുമാരുടെയും ചുമതല.

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസിന് തിരിച്ചടിയായി പോലീസ് റിപ്പോർട്ട്. രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് അക്രമിച്ച എസ്എഫ്‌ഐക്കാർ അല്ല ചിത്രം താഴെയിട്ടതെന്നാണ് എസ്പി നൽകിയിരിക്കുന്ന റിപ്പോർട്ട്. പോലീസ് റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയിൽ വായിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ കഥയ്ക്ക് പൊലീസ് തയ്യാറാക്കിയ തിരക്കഥയാണ് റിപ്പോർട്ടെന്ന് കോൺഗ്രസ് വിമർശിച്ചു. എസ്എഫ്‌ഐക്കാർ ഓഫീസ് ആക്രമിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റിപ്പോർട്ട് സമർപ്പിച്ചു.

എസ്എഫ്‌ഐക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം 4.04ന് എടുത്ത ഫോട്ടോയിൽ ചിത്രം ചുമരിലുണ്ടെന്നും, 4.29ന് വീണ്ടും എടുത്ത ഫോട്ടോയിൽ ഗാന്ധി ചിത്രം നിലത്ത് കിടന്നുവെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഈ സമയം ഓഫീസിൽ യൂത്ത് കോൺഗ്രസുകാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രശ്‌നം ഭരണപക്ഷ എംഎൽഎ, വി.ജോയി നിയസഭയിൽ സബ്മിഷനായി ഉന്നയിച്ചപ്പോൾ പൊലീസ് റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ വായിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവരുടെ തോളിൽ പൊലീസ് തട്ടുന്ന ദൃശ്യങ്ങൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പുറത്തുവിട്ടിരുന്നു. അന്വേഷണത്തിനായി എഡിജിപി വയനാട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ചിത്രം നശിപ്പിച്ചത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ പിന്നെ റിപ്പോർട്ട് എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോയെന്ന് വിഷയത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.