ഏഴ് സ്‌കുളൂകൾക്ക് കൂടി സൈനിക സ്‌കൂൾ സൊസൈറ്റി അംഗീകാരം ലഭിച്ചു; പട്ടികയിൽ ഇടംനേടി കോഴിക്കോട് വേദവ്യാസ വിദ്യാലയം

ന്യൂഡൽഹി: ഏഴ് സ്‌കുളൂകൾക്ക് കൂടി സൈനിക സ്‌കൂൾ സൊസൈറ്റി അംഗീകാരം ലഭിച്ചു. പങ്കാളിത്ത രീതിയിൽ രാജ്യത്ത് നൂറ് സൈനിക സ്‌കൂളുകൾ സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഏഴ് സൈനിക സ്‌കൂളുകൾക്ക് കൂടി അംഗീകാരം ലഭിച്ചത്. കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സീനിയർ സെക്കണ്ടറി സ്‌കൂൾ കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഇടം നേടി. ആന്ധ്രപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഹരിയാന, കർണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഓരോ സ്‌കൂളുകളും രണ്ടാം പട്ടികയിൽ ഇടം പിടിച്ചു.

ഈ ഏഴ് സ്‌കൂളുകളിലും സൈനിക് സ്‌കൂൾ പാറ്റേണിലെ അഡ്മിഷൻ ഉടൻ ആരംഭിക്കും.അക്കാദമിക് സെഷൻ 2022 ഓഗസ്ത് അവസാനത്തോടെ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. സൈനിക സ്‌കൂൾ സൊസൈറ്റി ആദ്യ പട്ടികയിൽ അംഗീകാരം നൽകിയ 12 സ്‌കൂളുകളുമായി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.

ഇതിൽ 10 സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ പ്രവേശനം പൂർത്തിയാക്കുകയും ഒൻപത് സ്‌കൂളുകളിലെ അക്കാദമിക് സെഷൻ ഓഗസ്ത് ഒന്നു മുതൽ ആരംഭിക്കുകയും ചെയ്തു. അടുത്ത അക്കാദമിക് സെഷനിലായിരിക്കും മറ്റ് രണ്ട് സ്‌കൂളുകളിലെയും ക്ലാസുകൾ ആരംഭിക്കുന്നത്.