ഓഗസ്റ്റ് അഞ്ചിന് കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത് അയോദ്ധ്യയിലെ രാമക്ഷേത്രത്തെ എതിർക്കുന്നതിന്റെ ഭാഗമായി; വിമർശനവുമായി അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ഓഗസ്റ്റ് അഞ്ചിന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത് അയോദ്ധ്യയിലെ രാമക്ഷേത്രത്തെ എതിർക്കുന്നതിന്റെ ഭാഗമായാണെന്ന് അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രത്തിന് ശിലാന്യാസം നടത്തിയ ആഗസ്റ്റ് അഞ്ച് തന്നെ കോൺഗ്രസ് പ്രതിഷേധത്തിനായി തിരഞ്ഞെടുത്തുവെന്നും കറുത്ത വസ്ത്രം ധരിച്ചത് അവരുടെ പ്രീണന രാഷ്ട്രീയത്തിന് ഉദാഹരണമാണെന്നും അദ്ദേഹം വിമർശിച്ചു.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും മകൻ രാഹുൽ ഗാന്ധിയ്ക്കും നാഷണൽ ഹെറാൾഡ് കേസ് അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ സമൻസ് അയച്ചിട്ടില്ലെങ്കിലും കോൺഗ്രസ് വെള്ളിയാഴ്ചയും പ്രതിഷേധം നടത്തിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെയാണ് ഓഗസ്റ്റ് അഞ്ചിന് കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തിയത്. മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തക സമിതി അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. രാജ്യത്ത് പെട്രോളിനും ഡീസലിനും അവശ്യസാധനങ്ങൾക്കും വൻവിലക്കയറ്റം ഉണ്ടായിട്ടും അതു പാർലമെന്റിൽ ചർച്ച ചെയ്യാൻ ഇതുവരെ തയ്യാറാകാതെ ജനശ്രദ്ധ തിരിച്ചുവിടാൻ സർക്കാർ നടത്തുന്ന നീക്കം ഭയാനകമാണെന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചത്. അതിനാലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചതെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.