കെഎസ്ആർടിസി സർവീസ് വെട്ടിച്ചുരുക്കിയ നടപടി; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

തിരുവനന്തപുരം: ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി സർവീസ് വെട്ടിച്ചുരുക്കിയ നടപടിയിൽ റിപ്പോർട്ട് തേടി ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ന് തന്നെ സിഎംഡി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഗതാഗത മന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. ശനിയാഴ്ച്ച സംസ്ഥാനത്ത് 25 ശതമാനം ഓർഡിനറി ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് 500 ഓളം സർവീസുകൾ റദ്ദാക്കിയിരുന്നു.

ഡീസലിന് പണമില്ലാത്ത സാഹചര്യത്തിലാണ് സർവീസുകൾ വെട്ടിച്ചുരുക്കിയത്. ഓർഡിനറി സർവീസുകൾക്കാണ് വെള്ളി, ശനി ഞായർ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

വെള്ളിയാഴ്ച്ച 50 ശതമാനവും ശനിയാഴ്ച 25 ശതമാനവും സർവീസുകൾ മാത്രമാണ് നടത്തിയത്. ഞായറാഴ്ച ഓർഡിനറി സർവീസുകൾ പൂർണമായും ഒഴിവാക്കും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ തുടർന്ന് ഡീസൽ ലഭ്യത കുറഞ്ഞതും മോശം കാലാവസ്ഥയിൽ വരുമാനം കുറഞ്ഞതുമാണ് സർവീസുകൾ വെട്ടിച്ചുരുക്കാൻ ഉത്തരവിടാൻ കാരണം. വരുമാനം കുറഞ്ഞ സർവീസുകളാണ് ഒഴിവാക്കിയത്.