Highlights (Page 183)

തിരുവനന്തപുരം: ഉപഭോക്താക്കളെ ഓണ്‍ലൈന്‍ വഴി കബളിപ്പിച്ച് പണം തട്ടുന്നതിനെതിരെ പരാതിനല്‍കാന്‍ കോള്‍സെന്റര്‍ ഒരുക്കി കേരളാ പോലീസ്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കോള്‍സെന്റര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, വിജയ്.എസ്.സാഖറെ എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

സൈബര്‍ തട്ടിപ്പുകളിലൂടെ പണം നഷ്ടമാകുന്ന കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേരളാ പോലീസിന്റെ പുതിയ ഉദ്യമം. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം. കേന്ദ്രസര്‍ക്കാരിന്റെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്റ് മാനേജ്മെന്റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും വിളിക്കാവുന്ന ഈ കേന്ദ്രീകൃത കോള്‍സെന്റര്‍ സംവിധാനം പ്രവര്‍ത്തിക്കുക.

സൈബര്‍ സാമ്പത്തിക ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ കോള്‍സെന്ററുമായി ബന്ധപ്പെടാം. ലഭിക്കുന്ന പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴി ബാങ്ക് അധികാരികളെ പോലീസ് അടിയന്തിരമായി അറിയിച്ച് പണം കൈമാറ്റം ചെയ്യുന്നത് തടയും. തുടര്‍ന്ന് പരാതികള്‍ സൈബര്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും.

കെയ്റോ: തീവ്ര ആശയങ്ങളുള്ള മതഗ്രന്ഥങ്ങൾക്ക് വിലക്കേർപ്പെടുത്തി ഈജിപ്തിലെ മസ്ജിദുകൾ. റിലീജിയസ് എൻഡോവ്മെന്റ് മന്ത്രാലയമാണ് ഇതുംസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിലെ മതഗ്രന്ഥങ്ങൾ മസ്ജിദുകളിലെ ഗ്രന്ഥശാലകളിൽ നിന്നും നീക്കാനും റിലീജിയസ് എൻഡോവ്‌മെന്റ് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഗ്രന്ഥശാലകളും, മസ്ജിദുകളിൽ നിന്നുള്ള പ്രസിദ്ധീകരണങ്ങളും പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനിച്ചു. എൻഡോവ്മെന്റ് മന്ത്രി മുഹമ്മദ് മൊക്താർ ഗോമയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയ്ക്ക് ശേഷം തീവ്ര ആശയങ്ങളുള്ള ഇസ്ലാമിക ഗ്രന്ഥങ്ങൾ എടുത്ത് മാറ്റും. സലഫി, മുസ്ലീം ബ്രദർഹുഡ്, ഗാമാ ഇസ്ലാമിയ തുടങ്ങിയ സംഘടനകളിലെ അംഗങ്ങൾ എഴുതിയ മുഴുവൻ പുസ്തകങ്ങളും നിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. മസ്ജിദുകളിൽ ഇനി ഇത്തരം പുസ്തകങ്ങൾ സൂക്ഷിക്കില്ലെന്ന് ഇമാമുകളോട് സത്യം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും.

ഈ ഉത്തരവ് ലംഘിക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കും. 15 ദിവസങ്ങൾക്കുള്ളിൽ പുസ്തകങ്ങൾ നീക്കം ചെയ്യണമെന്നാണ് റിലീജിയസ് എൻഡോവ്‌മെന്റ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിൽ നിർദ്ദേശിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിനേഷൻ യജ്ഞം വൻ വിജയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്്. ആഗസ്റ്റ് ഒന്നു മുതൽ 31 വരെ 88,23,524 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് നൽകിയതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. അതിൽ 70,89,202 പേർക്ക് ഒന്നാം ഡോസും 17,34,322 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയതെന്ന് മന്ത്രി പറഞ്ഞു.

രണ്ട് ദിവസം 5 ലക്ഷം പേർക്കും (ആഗസ്റ്റ് 13, 14) 6 ദിവസം 4 ലക്ഷം പേർക്കും (12, 23, 25, 27, 30, 31), 5 ദിവസം 3 ലക്ഷം പേർക്കും (2, 15, 16, 17, 24), 9 ദിവസം രണ്ട് ലക്ഷം പേർക്കും (3, 6, 7, 9, 11, 18, 19, 26, 29), 5 ദിവസം ഒരുലക്ഷം പേർക്കും (1, 4, 5, 20, 28) വാക്സിൻ നൽകിയിട്ടുണ്ട്. ഈ മാസത്തിൽ അവധി ദിനങ്ങൾ കൂടുതലുണ്ടായിരുന്നെങ്കിലും ഈ ലക്ഷ്യം കൈവരിക്കാനായത് ആരോഗ്യ പ്രവർത്തകർ, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മയിലാണ്. ലക്ഷ്യം കൈവരിക്കാൻ പ്രയത്നിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു.
സംസ്ഥാനത്തിന്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്രം കൂടുതൽ വാക്സിൻ അനുവദിച്ചിരുന്നു. 58,99,580 ഡോസ് കോവീഷീൽഡും 11,36,360 ഡോസ് കോവാക്സിനും ഉൾപ്പെടെ 70,35,940 ഡോസ് വാക്സിനാണ് കേന്ദ്രം അനുവദിച്ചത്. ഇതുകൂടാതെ സി.എസ്.ആർ. ഫണ്ടുപയോഗിച്ച് വാങ്ങി കെ.എം.എസ്.സി.എൽ. മുഖേന 2.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും ലഭ്യമായി. ഇതോടെ ഈ മാസം മാത്രം സംസ്ഥാനത്തിന് 72,85,940 ഡോസ് വാക്സിനാണ് ലഭ്യമായത്. ഇതിന് പുറമേ കെ.എം.എസ്.സി.എൽ. മുഖേന 10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ സംസ്ഥാനം വാങ്ങിയിട്ടുണ്ടെന്ന് വീണാ ജോർജ് വിശദമാക്കി.

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഈ മാസം 9നാണ് സംസ്ഥാനത്ത് വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. വാക്സിനേഷൻ വർധിപ്പിച്ച് പരമാവധി പേർക്ക് വാക്സിൻ നൽകാനാണ് വാക്സിൻ യജ്ഞം സംഘടിപ്പിച്ചത്. ഘട്ടം ഘട്ടമായിട്ടായിരുന്നു വാക്സിനേഷൻ യജ്ഞം നടപ്പിലാക്കിയത്. എല്ലാ 60 വയസിന് മുകളിലുള്ളവർക്കും കിടപ്പ് രോഗികൾക്കും ആദ്യ ഡോസ് വാക്സിൻ എടുക്കുന്നതിന് യജ്ഞത്തിൽ പ്രത്യേക പ്രാധാന്യം നൽകി. അധ്യാപകർ, അനുബന്ധ രോഗമുള്ളവർ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർക്കെല്ലാം വാക്സിൻ നൽകി വരുന്നു. അധ്യാപകരുടെ വാക്സിനേഷൻ അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിനകം പൂർത്തിയാക്കുന്നതാണ്. സെപ്റ്റംബർ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒന്നാം ഡോസ് വാക്സിൻ നൽകാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി അറിയിച്ചു.

വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 4,41,111 പേർക്ക് വാക്സിൻ നൽകി. ഇതോടെ ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 2,90,51,913 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 2,12,55,618 പേർക്ക് ഒന്നാം ഡോസ് വാക്സിനും 77,96,295 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷൻ അനുസരിച്ച് 60.04 ശതമാനം പേർക്ക് ഒന്നാം ഡോസും 22.02 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 74.06 ശതമാനം പേർക്ക് ഒന്നാം ഡോസും 27.16 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും 100 ശതമാനം ആദ്യ ഡോസും 86 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 91 ശതമാനം പേർക്ക് ഒന്നാം ഡോസും 46 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ള 51 ശതമാനം പേർക്ക് ഒന്നാം ഡോസ് നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സൗജന്യ ചാർജ്ജിംഗ് സൗകര്യം അവസാനിപ്പിക്കാനൊരുങ്ങി കെഎസ്ഇബി. ചാർജ്ജിംഗിന് യൂണിറ്റിന് 15 രൂപ നിരക്ക് ഈടാക്കാൻ റഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയ്ക്ക് അനുമതി നൽകി. ആറു മാസത്തിനുള്ളിൽ 600 ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കെഎസ്ഇബിയുടെ പദ്ധതി.

സംസ്ഥാന സർക്കാരിന്റെ ഇ -വെഹിക്കിൾ നയപ്രകാരം വൈദ്യുതി ചാർജ്ജ് സ്‌ററേഷനുകൾക്കുള്ള നോഡൽ ഏജൻസിയായി കെഎസ്ഈബിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ആറ് കോർപ്പറേഷൻ പരിധികളിൽ ഇതിന്റെ ഭാഗമായി കെഎസ്ഈബി ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചു. 56 സ്റ്റേഷനുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായാണ് ചാർജ്ജിംഗ് സൗജന്യമാക്കിയത്. ഇതാണ് കെഎസ്ഇബി അവസാനിപ്പിക്കുന്നത്. വൈദ്യുതി വാഹനങ്ങളുടെ റീചാർജിംഗിന് അടുത്ത രണ്ടാഴ്ചക്കുള്ളിൽ നിരക്ക് ഈടാക്കാൻ ആരംഭിക്കും. ഒരു കാർ ഒരു തവണ പൂർണമായി ചാർജ്ജ് ചെയ്യുന്നതിന് 30 യൂണിറ്റ് വൈദ്യുതി വേണ്ടി വരും. ഒരു യൂണിറ്റിന് 15 രൂപ ഈടാക്കാനാണ് കെഎസ്ഇബിയ്ക്ക് അനുമതി ലഭിച്ചത്. നിലവിലെ ഇന്ധന വില കണക്കിലെടുക്കുമ്പോൾ ഇത് ലാഭകരമെന്നാണ് വാഹന മേഖലയിലുള്ളവർ പറയുന്നത്.

ദുബായ്: മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ യുവനടന്‍ ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ അനുവദിച്ച് യു.എ.ഇ. കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ടോവിനോക്ക് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിച്ചത്.

കഴിഞ്ഞ ദിവസം വിസ സ്വീകരിക്കാന്‍ ടൊവിനോ ദുബായില്‍ എത്തുകയും ഇന്നലെ വിസ സ്വീകരിക്കുകയും ചെയ്തു.

സിനിമാ ചിത്രീകരണങ്ങളുടെ ഭാഗമായി നിരവധി തവണ ടൊവീനോ ദുബായില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ‘ഫോറന്‍സിക് ‘ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദുബായിലേക്ക് തിരിക്കാനിരിക്കവെയാണ് യാത്രാ വിലക്ക് വന്നത്. ഇതിന് ശേഷം താരമെത്തുന്നത് ഗോള്‍ഡന്‍ വിസ കൈപ്പറ്റാനാണ്.

കോഴിക്കോട്: ഉറപ്പായ ട്രെയിൻ യാത്രാ ടിക്കറ്റ് ക്യാൻസൽ ചെയ്യാതെ ബന്ധുക്കൾക്ക് യാത്ര ചെയ്യാൻ മാറ്റാൻ സംവിധാനവുമായി റെയിൽവേ. അച്ഛൻ, അമ്മ, മക്കൾ, സഹോദരങ്ങൾ, ഭാര്യ, ഭർത്താവ് എന്നിവർക്ക് ആ ടിക്കറ്റിൽ യാത്ര ചെയ്യാനുള്ള അവസരമാണ് റെയിൽവേ ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തയാളിന് ഓൺലൈനിലോ കൗണ്ടറിലോ എടുത്ത ടിക്കറ്റ് ബന്ധുവിന്റെ പേരിലേക്ക് മാറ്റാനുള്ള പുതിയ സംവിധാനം റെയിൽവേ അവതരിപ്പിച്ചു. ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂറിന് മുൻപ് ഇത് ചെയ്യണം.

ഒരു തവണ മാത്രമെ ടിക്കറ്റ് മാറ്റാൻ കഴിയൂ. ബന്ധം തെളിയിക്കുന്നതിന്റെ കോപ്പി ടിക്കറ്റ് മാറ്റാനായി സമർപ്പിക്കണം. ആധാർ, വോട്ടർ ഐഡി, ബാങ്ക് പാസ്ബുക്, റേഷൻ കാർഡ് എന്നീ രേഖകൾ ബന്ധം തെളിയിക്കാൻ ഉപയോഗിക്കാം. ചീഫ് റിസർവേഷൻ മാനേജർക്കോ സ്റ്റേഷൻ മാനേജർക്കോ ആണ് ടിക്കറ്റ് മാറ്റാൻ അധികാരമുള്ളത്.

അതേസമയം ടിക്കറ്റ് റദ്ദാക്കലും റെയിൽവേ പുനസ്ഥാപിച്ചു. ഫസ്റ്റ് ക്ലാസ്/എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകൾ 48 മണിക്കൂർ മുമ്പ് റദ്ദാക്കിയാൽ 260 രൂപയും സർവീസ് ചാർജ്ജും ഒരു ടിക്കറ്റിൽ കുറയും. ഫസ്റ്റ് ക്ലാസ്/എസി ടു ടിയർ 200 രൂപയും സർവീസ് ചാർജും, എസി ചെയർകാർ, ത്രീ ടിയർ, എസി ത്രീ ഇക്കോണമി 180 രൂപ. സ്ലീപ്പറിന് 120, സെക്കൻഡ് ക്ലാസിന് 60 രൂപ വീതവും കുറയും.

covid

ന്യൂഡൽഹി: കോവിഡ് വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരം പങ്കുവെച്ച് ആരോഗ്യ വിദഗ്ധർ. കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരിൽ പലർക്കും ബെൽസ് പാൾസി എന്ന രോഗം ബാധിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുഖത്തിന് താത്ക്കാലികമായി കോടൽ ഉണ്ടാക്കുന്ന രോഗമാണ് ബെൽസ് പാൾസി. കോവിഡ് രോഗമുക്തരിൽ പലരും ബെൽസ് പാൾസിയ്ക്ക് ചികിത്സ തേടിയെത്തുന്നതായി ഡോക്ടർമാർ വ്യക്തമാക്കുന്നു.

കോവിഡ് വൈറസ് ബാധിക്കുന്നതിനെ തുടർന്ന് മുഖത്തെ ഞരമ്പുകൾക്കുണ്ടാകുന്ന നീർക്കെട്ടാണ് ബെൽസ് പാൾസിയ്ക്ക് കാരണമാകുന്നത്. മുഖത്തെ പേശികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഞരമ്പുകളാണ്. അണുബാധയെ തുടർന്ന് ഈ ഞരമ്പുകൾ മുഖത്തെ പേശികളിലേക്ക് സന്ദേശങ്ങൾ അയക്കുന്നത് നിർത്തും. പിന്നീട് ഇത് മുഖത്തെ പേശികളുടെ തളർച്ചയ്ക്കും മുഖം കോടലിനും കാരണമാകും. മുഖത്തിന്റെ ഏത് വശം വേണമെങ്കിലും ഇത്തരത്തിൽ ബാധിക്കപ്പെടാമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ബെൽസ് പാൾസി ബാധിച്ച് ഫിസിയോതെറാപ്പി വകുപ്പിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചതായാണ് ചെമ്പുർ സെൻ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോ. വിനീത് കാരാന്ത് പറയുന്നത്. രോഗലക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ് വന്ന നെഗറ്റീവായവരിലും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് രോഗമുക്തി നേടി ഒന്നോ രണ്ടോ മാസങ്ങൾക്ക് ശേഷമാണ് ബെൽസ് പാൾസിയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നത്.

മുഖത്തിന്റെ ഒരു ഭാഗം ദുർബലമാകൽ, വായുടെ ഭാഗം കോടൽ, മുഖത്ത് വേദന, രുചിയില്ലായ്മ, സംസാരിക്കാൻ ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കാനും ചവയ്ക്കാനുമുള്ള ബുദ്ധിമുട്ട്, കണ്ണുകൾ പൂർണമായും അടയ്ക്കാനുള്ള ബുദ്ധിമുട്ട്, കണ്ണുകൾക്ക് അണുബാധ തുടങ്ങിയവയാണ് ബെൽസ് പാൾസിയുടെ പ്രധാന രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം നഡീരോഗ വിദഗ്ധനെ സമീപിച്ച് ചികിത്സ തേടണം. മരുന്നുകളും ഫിസിയോതെറാപ്പിയും ഉൾപ്പെട്ട ചികിത്സയിലൂടെ മൂന്നാഴ്ച കൊണ്ട് മുഖം പൂർവസ്ഥിതിയിലാക്കാൻ കഴിയും. നേരത്തെയുള്ള രോഗ നിർണയം പ്രധാനമാണെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു.

തിരുവനന്തപുരം: ഡി.സി.സി അദ്ധ്യക്ഷൻമാരെ എ.ഐ.സി.സി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പാലോട് രവി ഡിസിസി അദ്ധ്യക്ഷനാകും. ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് പട്ടികയിൽ അവസാന ഘട്ടത്തിൽ മാറ്റം വരുത്തിയതെന്നാണ് വിവരം. എന്നാൽ സാമുദായിക പ്രാതിനിധ്യം നോക്കി ചില മാറ്റങ്ങൾ വരുത്തിയെന്നാണ് എ.ഐ.സി.സിയുടെ വിശദീകരണം. ഇത് ഗ്രൂപ്പ് അടിസ്ഥാനത്തിലെ വീതം വയ്ക്കൽ അല്ലെന്നും രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും സ്വന്തം ജില്ലകളിൽ അവരുടെ നിലപാട് പരിഗണിച്ചുവെന്നും ഐഐസിസി വൃത്തങ്ങൾ വ്യക്തമാക്കി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പട്ടിക പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്ത് പാലോട് രവിയും കൊല്ലത്ത് രാജേന്ദ്രപ്രസാദും പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലും ആലപ്പുഴയിൽ ബാബു പ്രസാദും കോട്ടയത്ത് നാട്ടകം സുരേഷും ഇടുക്കിയിൽ സി.പി.മാത്യുവും എറണാകുളത്ത് മുഹമ്മദ് ഷിയാസും തൃശൂരിൽ ജോസ് വളളൂരും പാലക്കാട് എ. തങ്കപ്പനും മലപ്പുറത്ത് വി.എസ്. ജോയിയും കോഴിക്കോട് അഡ്വ. പ്രവീൺകുമാറും വയനാട് എൻ.ഡി. അപ്പച്ചനും കണ്ണൂരിൽ മാർട്ടിൻ ജോർജും കാസർകോട് പി കെ. ഫെസലുമാണ് ഡിസിസി അദ്ധ്യക്ഷന്മാർ.

അതേസമയം ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാദ്ധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എം.എൽ.എ കെ ശിവദാസൻ നായർക്കെതിരെയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ പി അനിൽ കുമാറിനെതിരെയും നടപടി സ്വീകരിച്ചു. ഇരുവരെയും പാർട്ടിയിൽ നിന്നും താത്കാലികമായി സസ്പെൻഡ് ചെയ്തതായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.

ന്യൂഡല്‍ഹി: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ എളുപ്പമാക്കാന്‍ പുതിയ രജിസ്ട്രേഷന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പുതിയ വാഹനങ്ങള്‍ക്ക് ഭാരത് സീരീസ് അല്ലെങ്കില്‍ ബിഎച്ച്-സീരീസ് എന്ന പേരിലാണ് പുതിയ രജിസ്ട്രേഷന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പുതിയ പദ്ധതിപ്രകാരം ഭാരത് സീരീസില്‍ വാഹനം സ്വമേധയാ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം പ്രതിരോധ ഉദ്യോഗസ്ഥര്‍, കേന്ദ്ര സര്‍ക്കാര്‍ / സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മാത്രമേയുള്ളൂ. ഇതില്‍, സ്വകാര്യമേഖല കമ്പനികളിലെ ജീവനക്കാര്‍ക്ക് നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ഓഫീസുകള്‍ ഉണ്ടായിരിക്കണം. ബാക്കിയുള്ളവര്‍ക്ക് നിലവില്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്ന രജിസ്ട്രേഷന്‍ തന്നെയാകും തുടരുക.

ബിഎച്ച്-സീരീസില്‍ വാഹനം രജിസ്റ്റര്‍ ചെയ്താല്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയാലും വാഹന ഉടമയ്ക്ക് പുതിയ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടി വരില്ല. സെപ്റ്റംബര്‍ 15 മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി ആണ് പുതിയ രജിസ്‌ട്രേഷന്‍ ആരംഭിക്കുക.

ന്യൂഡൽഹി: സമരം ചെയ്യുന്ന അഭിഭാഷകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകി ബാർ കൗൺസിൽ. ഇതിനു വേണ്ടി പുതിയ നിയമങ്ങൾ രൂപീകരിക്കുമെന്നും ബാർ കൗൺസിൽ അറിയിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിനു മുന്നിലാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ മിശ്ര ഇക്കാര്യം അറിയിച്ചത്.

വിഷയത്തിൽ ചർച്ച നടത്താനായി രാജ്യത്തെ എല്ലാ ബാർ കൗൺസിലുകളുടേയും ഒരു യോഗം സെപ്തംബർ നാലിന് വിളിച്ചു ചേർത്തിട്ടുണ്ടെന്നും പുതിയ നിയമങ്ങൾ അടുത്ത മാസം തുടക്കത്തിൽ തന്നെ നിലവിൽ വരത്തക്ക വിധത്തിൽ തീരുമാനം എടുക്കുമെന്നും മനൻ മിശ്ര കോടതിയിൽ വ്യക്തമാക്കി. സമരം ചെയ്യുന്ന അഭിഭാഷകർക്കെതിരെ മാത്രമല്ല സമരം ചെയ്യാൻ അവരെ പ്രകോപിപ്പിക്കുന്ന വിധത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നവരെയും ശിക്ഷിക്കുന്ന വിധത്തിൽ നിയമം നിർമിക്കാനാണ് ശ്രമിക്കുന്നതെന്ന് മനൻ മിശ്ര പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തെ മറയാക്കി അഭിഭാഷകർ അടിക്കടി സമരം ചെയ്യുന്നത് കാരണം കോടതി നടപടികൾ തടസപ്പെടുന്നുണ്ടെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. ഇത് രാജ്യത്തെ ജനങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ നിഷേധിക്കുന്നതിനു തുല്ല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ ഈ പരാമർശത്തെ പിന്തുണച്ചാണ് ബാർ കൗൺസിൽ അഭിഭാഷകരുടെ സമരങ്ങൾക്കെതിരായ കരട് നിയമം രൂപീകരിക്കാനൊരുങ്ങുന്നത്. കരട് നിയമം അടുത്ത മാസം തന്നെ സുപ്രീം കോടതിയുടെ അനുമതിക്കായി സമർപ്പിക്കുമെന്ന് ബാർ കൗൺസിൽ വിശദമാക്കി.