തീവ്ര ആശയങ്ങളുള്ള മതഗ്രന്ഥങ്ങൾക്ക് വിലക്കേർപ്പെടുത്തി ഈജിപ്തിലെ മസ്ജിദുകൾ; ഉത്തരവ് ലംഘിക്കുന്നവർക്ക് കർശന ശിക്ഷ

കെയ്റോ: തീവ്ര ആശയങ്ങളുള്ള മതഗ്രന്ഥങ്ങൾക്ക് വിലക്കേർപ്പെടുത്തി ഈജിപ്തിലെ മസ്ജിദുകൾ. റിലീജിയസ് എൻഡോവ്മെന്റ് മന്ത്രാലയമാണ് ഇതുംസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിലെ മതഗ്രന്ഥങ്ങൾ മസ്ജിദുകളിലെ ഗ്രന്ഥശാലകളിൽ നിന്നും നീക്കാനും റിലീജിയസ് എൻഡോവ്‌മെന്റ് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഗ്രന്ഥശാലകളും, മസ്ജിദുകളിൽ നിന്നുള്ള പ്രസിദ്ധീകരണങ്ങളും പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനിച്ചു. എൻഡോവ്മെന്റ് മന്ത്രി മുഹമ്മദ് മൊക്താർ ഗോമയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയ്ക്ക് ശേഷം തീവ്ര ആശയങ്ങളുള്ള ഇസ്ലാമിക ഗ്രന്ഥങ്ങൾ എടുത്ത് മാറ്റും. സലഫി, മുസ്ലീം ബ്രദർഹുഡ്, ഗാമാ ഇസ്ലാമിയ തുടങ്ങിയ സംഘടനകളിലെ അംഗങ്ങൾ എഴുതിയ മുഴുവൻ പുസ്തകങ്ങളും നിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. മസ്ജിദുകളിൽ ഇനി ഇത്തരം പുസ്തകങ്ങൾ സൂക്ഷിക്കില്ലെന്ന് ഇമാമുകളോട് സത്യം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും.

ഈ ഉത്തരവ് ലംഘിക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കും. 15 ദിവസങ്ങൾക്കുള്ളിൽ പുസ്തകങ്ങൾ നീക്കം ചെയ്യണമെന്നാണ് റിലീജിയസ് എൻഡോവ്‌മെന്റ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിൽ നിർദ്ദേശിക്കുന്നത്.