ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സൗജന്യ ചാർജ്ജിംഗ് സൗകര്യം കെഎസ്ഇബി അവസാനിപ്പിക്കുന്നു; നിരക്ക് നിശ്ചയിച്ചു

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സൗജന്യ ചാർജ്ജിംഗ് സൗകര്യം അവസാനിപ്പിക്കാനൊരുങ്ങി കെഎസ്ഇബി. ചാർജ്ജിംഗിന് യൂണിറ്റിന് 15 രൂപ നിരക്ക് ഈടാക്കാൻ റഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയ്ക്ക് അനുമതി നൽകി. ആറു മാസത്തിനുള്ളിൽ 600 ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കെഎസ്ഇബിയുടെ പദ്ധതി.

സംസ്ഥാന സർക്കാരിന്റെ ഇ -വെഹിക്കിൾ നയപ്രകാരം വൈദ്യുതി ചാർജ്ജ് സ്‌ററേഷനുകൾക്കുള്ള നോഡൽ ഏജൻസിയായി കെഎസ്ഈബിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ആറ് കോർപ്പറേഷൻ പരിധികളിൽ ഇതിന്റെ ഭാഗമായി കെഎസ്ഈബി ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചു. 56 സ്റ്റേഷനുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായാണ് ചാർജ്ജിംഗ് സൗജന്യമാക്കിയത്. ഇതാണ് കെഎസ്ഇബി അവസാനിപ്പിക്കുന്നത്. വൈദ്യുതി വാഹനങ്ങളുടെ റീചാർജിംഗിന് അടുത്ത രണ്ടാഴ്ചക്കുള്ളിൽ നിരക്ക് ഈടാക്കാൻ ആരംഭിക്കും. ഒരു കാർ ഒരു തവണ പൂർണമായി ചാർജ്ജ് ചെയ്യുന്നതിന് 30 യൂണിറ്റ് വൈദ്യുതി വേണ്ടി വരും. ഒരു യൂണിറ്റിന് 15 രൂപ ഈടാക്കാനാണ് കെഎസ്ഇബിയ്ക്ക് അനുമതി ലഭിച്ചത്. നിലവിലെ ഇന്ധന വില കണക്കിലെടുക്കുമ്പോൾ ഇത് ലാഭകരമെന്നാണ് വാഹന മേഖലയിലുള്ളവർ പറയുന്നത്.