വാഹന രജിസ്‌ട്രേഷനില്‍ സുപ്രധാന മാറ്റവുമായി കേന്ദ്രം; ബിഎച്ച്-സീരീസില്‍ രാജ്യത്ത് എവിടെയും വാഹനം ഉപയോഗിക്കാം !

ന്യൂഡല്‍ഹി: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ എളുപ്പമാക്കാന്‍ പുതിയ രജിസ്ട്രേഷന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പുതിയ വാഹനങ്ങള്‍ക്ക് ഭാരത് സീരീസ് അല്ലെങ്കില്‍ ബിഎച്ച്-സീരീസ് എന്ന പേരിലാണ് പുതിയ രജിസ്ട്രേഷന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പുതിയ പദ്ധതിപ്രകാരം ഭാരത് സീരീസില്‍ വാഹനം സ്വമേധയാ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം പ്രതിരോധ ഉദ്യോഗസ്ഥര്‍, കേന്ദ്ര സര്‍ക്കാര്‍ / സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മാത്രമേയുള്ളൂ. ഇതില്‍, സ്വകാര്യമേഖല കമ്പനികളിലെ ജീവനക്കാര്‍ക്ക് നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ഓഫീസുകള്‍ ഉണ്ടായിരിക്കണം. ബാക്കിയുള്ളവര്‍ക്ക് നിലവില്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്ന രജിസ്ട്രേഷന്‍ തന്നെയാകും തുടരുക.

ബിഎച്ച്-സീരീസില്‍ വാഹനം രജിസ്റ്റര്‍ ചെയ്താല്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയാലും വാഹന ഉടമയ്ക്ക് പുതിയ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടി വരില്ല. സെപ്റ്റംബര്‍ 15 മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി ആണ് പുതിയ രജിസ്‌ട്രേഷന്‍ ആരംഭിക്കുക.