ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഡി.സി.സി അദ്ധ്യക്ഷൻമാരെ എ.ഐ.സി.സി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പാലോട് രവി ഡിസിസി അദ്ധ്യക്ഷനാകും. ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് പട്ടികയിൽ അവസാന ഘട്ടത്തിൽ മാറ്റം വരുത്തിയതെന്നാണ് വിവരം. എന്നാൽ സാമുദായിക പ്രാതിനിധ്യം നോക്കി ചില മാറ്റങ്ങൾ വരുത്തിയെന്നാണ് എ.ഐ.സി.സിയുടെ വിശദീകരണം. ഇത് ഗ്രൂപ്പ് അടിസ്ഥാനത്തിലെ വീതം വയ്ക്കൽ അല്ലെന്നും രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും സ്വന്തം ജില്ലകളിൽ അവരുടെ നിലപാട് പരിഗണിച്ചുവെന്നും ഐഐസിസി വൃത്തങ്ങൾ വ്യക്തമാക്കി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പട്ടിക പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്ത് പാലോട് രവിയും കൊല്ലത്ത് രാജേന്ദ്രപ്രസാദും പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലും ആലപ്പുഴയിൽ ബാബു പ്രസാദും കോട്ടയത്ത് നാട്ടകം സുരേഷും ഇടുക്കിയിൽ സി.പി.മാത്യുവും എറണാകുളത്ത് മുഹമ്മദ് ഷിയാസും തൃശൂരിൽ ജോസ് വളളൂരും പാലക്കാട് എ. തങ്കപ്പനും മലപ്പുറത്ത് വി.എസ്. ജോയിയും കോഴിക്കോട് അഡ്വ. പ്രവീൺകുമാറും വയനാട് എൻ.ഡി. അപ്പച്ചനും കണ്ണൂരിൽ മാർട്ടിൻ ജോർജും കാസർകോട് പി കെ. ഫെസലുമാണ് ഡിസിസി അദ്ധ്യക്ഷന്മാർ.

അതേസമയം ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാദ്ധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എം.എൽ.എ കെ ശിവദാസൻ നായർക്കെതിരെയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ പി അനിൽ കുമാറിനെതിരെയും നടപടി സ്വീകരിച്ചു. ഇരുവരെയും പാർട്ടിയിൽ നിന്നും താത്കാലികമായി സസ്പെൻഡ് ചെയ്തതായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.