സംസ്ഥാനത്ത് ചൂട് ഉയരുന്നു: വേനൽക്കാലത്ത് അരുമ മൃഗങ്ങളെ പരിപാലിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

സംസ്ഥാനത്ത് ചൂട് ഉയരുകയാണ്. കനത്ത ചൂടിൽ മനുഷ്യരും മൃഗങ്ങളുമെല്ലാം ഉരുകിയൊലിക്കുകയാണ്. വേനൽക്കാലത്ത് വളർത്തു മൃഗങ്ങളെ പരിപാലിക്കേണ്ടത് എങ്ങനെയാണെന്ന സംശയം പലർക്കുമുണ്ടാകാം. വേനൽക്കാലത്ത് അരുമ മൃഗങ്ങളെ പരിപാലിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം.

·വളർത്തു മൃഗങ്ങൾക്ക് എല്ലായ്പ്പോഴും ശുദ്ധമായ തണുത്ത ജലം കുടിയ്ക്കാൻ പാകത്തിന് എല്ലാസമയത്തും ലഭ്യമാണെന്ന് ഉറപ്പാക്കുക.

·പകൽ സമയത്തു അടച്ചിട്ടതും വായു സഞ്ചാരമില്ലാത്തതുമായ മുറികളിൽ അരുമമൃഗങ്ങളെ പാർപ്പിക്കരുത്.

·ഫാനുകളോ എയർ കൂളറുകളോ ഉള്ള മുറികളിൽ പകൽ സമയങ്ങളിൽ അരുമ മൃഗങ്ങളെ പാർപ്പിക്കുന്നതു അഭികാമ്യം ആയിരിക്കും.

·രോമം കൂടിയ ഇനത്തിൽ പെട്ട അരുമ മൃഗങ്ങളെ വേനൽക്കാലത്തു ഗ്രൂമിംഗിന് വിധേയമാക്കി അവയുടെ രോമക്കെട്ടുകളുടെ അളവു കുറയ്ക്കുന്നത് ചൂട് കുറക്കുന്നതിന് സഹായകരമാകും.

·കോൺക്രീറ്റ്/ ടിൻ ഷീറ്റുകൊണ്ടുള്ള കൂടുകളുടെ മേൽക്കൂരകളിൽ നനഞ്ഞ ചണം ചാക്ക് വിരിക്കുന്നതും ഇടയ്ക്കിടയ്ക്ക് ചാക്കിൽ വെള്ളം തളിക്കുന്നതും കൂടുകളിൽ ചൂട് കുറക്കുന്നതിന് സഹായകരമായിരിക്കും.

·രാവിലെ ഒൻപതു മണി മുതൽ വൈകീട്ട് നാല് മണി വരെയുള്ള സൂര്യപ്രകാശത്തിനു ചൂട് വളരെ കൂടുതലായതിനാൽ അവയെ പാർപ്പിച്ചിരിക്കുന്ന കൂടുകളിൽ നേരിട്ട് സൂര്യപ്രകാശം പതിയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

·ശുദ്ധമായ കുടിവെള്ളത്തോടൊപ്പം വിറ്റാമിൻ തുള്ളിമരുന്നുകൾ നൽകുന്നത് ചൂടുകാലത്തു ഓമന മൃഗങ്ങൾക്കുണ്ടാകുന്ന അസുഖങ്ങൾക്ക് പ്രതിരോധം തീർക്കാൻ സഹായകരമായിരിക്കും

·ചൂടുകാലത്തു ബാഹ്യ പരാദങ്ങൾ പെറ്റുപെരുകുന്ന സമയമായതിനാൽ ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി അരുമ മൃഗങ്ങളുടെ ഉടമസ്ഥർ സ്വീകരിക്കേണ്ടതാണ്.

·ചൂട് കൂടിയ ഉച്ച സമയങ്ങളിൽ ആഹാരം നൽകാതെ ചൂട്കുറവുള്ള സമയങ്ങളിൽ പ്രത്യേകിച്ച് രാവിലെയും വൈകീട്ടും പല നേരങ്ങളിലായി എളുപ്പം ദഹിക്കുന്ന ആഹാരം നൽകുന്നതാണ് നല്ലത്.

·അടച്ചിട്ട കാറുകളിൽ അരുമ മൃഗങ്ങളെ ഒറ്റക്കാക്കി ഉടമസ്ഥർ പുറത്തുപോകരുത് .

·വളർത്തു മൃഗങ്ങളുമായുള്ള വാഹനത്തിലെ യാത്രകൾ കഴിവതും രാവിലെയും വൈകിട്ടുമായി ക്രമീകരിക്കേണ്ടതാണ്.

·യാത്രകളുടെ ഇടവേളകളിൽ ശുദ്ധമായ കുടിവെള്ളം നൽകേണ്ടതാണ്.

·ചൂട് കൂടിയ പകൽ സമയങ്ങളിൽ റോഡിലോ കോൺക്രീറ്റ് നടപ്പാതയിലോ അരുമ മൃഗങ്ങളെ നടത്തരുത്.

·ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം അരുമ മൃഗങ്ങളെ നടത്താനും വ്യായാമത്തിനും കൊണ്ട് പോകാൻ ശ്രദ്ധിക്കേണ്ടതാണ്.