Highlights (Page 182)

ന്യൂഡല്‍ഹി: ഇനിമുതല്‍ 75 വയസ്സോ അതിനുമുകളിലോ ഉള്ളവര്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണ്ട. ആദായ നികുതി നിയമത്തിലെ പുതിയ വകുപ്പ് പ്രകാരമാണ് ഈ ആനുകൂല്യം.

ഇന്ത്യയില്‍ താമസക്കാരായ മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഇളവിന് അര്‍ഹതയുള്ളത്, എന്‍ആര്‍ഐക്കാര്‍ക്ക് ഇളവ് ലഭിക്കില്ല, പെന്‍ഷന്‍, പലിശ എന്നീ വരുമാനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

ഇളവ് ലഭിക്കാന്‍ 12 ബിബിഎ എന്നഫോം പൂരിപ്പിച്ച് അക്കൗണ്ടുള്ള ബാങ്കില്‍ നല്‍കണം. പേര്, വിലാസം, പാന്‍ അല്ലെങ്കില്‍ ആധാര്‍, പെന്‍ഷന്‍ പെയ്മെന്റ് ഓര്‍ഡര്‍ നമ്പര്‍(പി.പി.ഒ) എന്നിവയും പ്രസ്താവനയുമാണ് ഫോമില്‍ നല്‍കേണ്ടത്.

മുതിര്‍ന്ന പൗരന്‍ നല്‍കുന്ന വിവരങ്ങള്‍ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ട ചുമതല ബാങ്കുകള്‍ക്കാണ്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ള 75 വയസ്സുകഴിഞ്ഞവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടിവരും. മാത്രമല്ല, റീഫണ്ട് ലഭിക്കാനുണ്ടെങ്കിലും റിട്ടേണ്‍ നല്‍കണം.

2021 ഏപ്രില്‍ ഒന്നുമുതലാണ് നിയമം പ്രാബല്യത്തില്‍വന്നത്. അതുകൊണ്ടുതന്നെ നടപ്പ് സാമ്പത്തികവര്‍ഷം (2022-23 അസസ്മെന്റ് വര്‍ഷം)മുതലാണ് ആനുകൂല്യത്തിന് പ്രാബല്യം ലഭിക്കുക.

pinarayi

തിരുവനന്തപുരം: സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നികുതി വെട്ടിപ്പിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും, വില്‍പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതതല യോഗത്തിന് ശേഷം പ്രതികരിക്കവെയായിരുന്നു മുഖ്യമന്ത്രി ഇത് സംബന്ധിച്ച തീരുമാനം വ്യക്തമാക്കിയത്.

നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്ടി രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കണം. നികുതി പരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ഇന്‍സന്റീവ് നല്‍കണം. വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ തകര്‍പ്പന്‍ ജയത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

കൊവിഡ് വാക്സിനേഷന്‍ രംഗത്തും, ക്രിക്കറ്റ് പിച്ചിലും മഹത്തായ ദിനം. എല്ലായ്‌പ്പോഴും ടീം ഇന്ത്യക്ക് ജയം. എന്ന് പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു.

ഒരു കോടി ആളുകള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത് പരമാര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 157 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 368 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ട് അവസാനദിനമായ ഇന്നലെ 210 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ 191/10, 466/10, ഇംഗ്ലണ്ട് 290/10, 210/10.

ലണ്ടന്‍: ഓവലില്‍ ഇംഗ്ലണ്ടിനെതിരെ വിജയനേട്ടം കൊയ്ത ഇന്ത്യന്‍ ടീമില്‍ മറ്റൊരു അഭിമാന നേട്ടം കൂടി. ടെസ്റ്റ് ക്രിക്കറ്റില്‍ വേഗതയേറിയ 100 വിക്കറ്റ് നേടി ഇന്ത്യന്‍ പേസ് ബൗളറായി ജസ്പ്രീത് ബുംറ റെക്കോര്‍ഡിട്ടു

24 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ബുംറ 100 വിക്കറ്റ് നേടിയത്. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നടന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിനത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യന്‍ താരം കപില്‍ ദേവിനെ മറികടന്നാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്. 25 ടെസ്റ്റിലാണ് കപില്‍ 100 വിക്കറ്റ് കയ്യിലാക്കിയത്. ഇര്‍ഫാന്‍ പത്താന്‍(28), മുഹമ്മദ് ഷമി(29), ജവഗല്‍ ശ്രീനാഥ് (30) എന്നിവരാണ് ലിസ്റ്റിലെ മറ്റുള്ളവര്‍.

മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ടി ജലീൽ. മലപ്പുറം എ.ആർ.നഗർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീൽ കുടുതൽ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം 1,021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് ജലീൽ പറഞ്ഞു. എ ആർ നഗർ ബാങ്കിനെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കാക്കി മാറ്റി. തട്ടിപ്പിന്റെ സൂത്രധാരൻ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീൽ ആരോപിച്ചു.

ബാങ്കിനുണ്ടായ ഭീമമായ നഷ്ടം കുഞ്ഞാലക്കുട്ടിയിൽ നിന്ന് ഈടാക്കണം. പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആർ.നഗർ സഹകരണ ബാങ്കിൽ 50,000 ത്തിൽ പരം അംഗങ്ങളും 80,000 ത്തിൽ പരം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമർ ഐഡികളിൽ മാത്രം 862 വ്യജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപണം വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേർന്ന് നടത്തിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ കള്ളപ്പണ സൂക്ഷിപ്പുകാരനായ വി.കെ.ഹരികുമാർ കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ളതാണ് 862 വ്യാജ ബിനാമി അക്കൗണ്ടുകൾ. കഴിഞ്ഞ 10 വർഷത്തിനിടയിൽ മാത്രം 114 കോടിയുടെ അനധികൃത ഇടപാടുകൾ ഇതുവഴി നടന്നതായാണ് അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇൻകം ടാക്സ് വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 257 കസ്റ്റമർ ഐഡി പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ കള്ളപ്പണ ഇടുപാട് കണ്ടെത്തിയിരിക്കുന്നത്. എആർ നഗർ സഹകരണ ബാങ്കിലെ മുഴുവൻ കസ്റ്റമർ ഐഡിയും പരിശോധിച്ചാൽ, കള്ളപ്പണ ഇടപാടിൽ രാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകൽക്കൊള്ളയുടെ ചുരുളഴിയുമെന്ന് അദ്ദേഹം വിശദമാക്കി.

കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞും കേരളത്തിലെ വ്യവസായ മന്ത്രിമാരായിരിക്കെ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് കേസ് ഇപ്പോഴും നടന്നുണ്ട്. ടൈറ്റാനിയം അഴിമതിയിലൂടെ ആർജിച്ച പണമാകണം എആർ നഗർ സഹകരണ ബാങ്കിലെ വ്യാജ അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് തീയതിയും വർഷവും പരിശോധിക്കുമ്പോൾ ഒറ്റ നോട്ടത്തിൽ മനസിലാക്കാൻ കഴിയുന്നത്. മലബാർ സിമിന്റ്സ്, കെ.എം.എം.എൽ. തുടങ്ങിയ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ നിന്ന് സമാഹരിക്കപ്പെട്ട തുകയും ഈ ബാങ്കിൽ നിക്ഷേപിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജലീൽ ചൂണ്ടിക്കാട്ടി.

വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ച് കുഞ്ഞാലിക്കുട്ടിയുടെ മകൻ എആർ നഗർ ബാങ്കിൽ നടത്തിയ മൂന്ന് കോടിയുടെ നിക്ഷേപം ആർബിഐയുടെ അന്വേഷണ പരിധിയിലാണുള്ളത്. മുൻ താനൂർ എംഎൽഎയും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അബ്ദുൾ റഹ്മാൻ രണ്ടത്താണിയുടെ 50 ലക്ഷം അടക്കം പല ലീഗ് നേതാക്കൾക്കും യഥേഷ്ടം വാരിക്കോരി നൽകിയിട്ടുള്ള അനധികൃത വായിപ്പകളുടേയും ഞെട്ടിക്കുന്ന വിവരങ്ങൾ അന്വേഷണ റിപ്പോർട്ടിൽ വിവരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ കമ്പ്യൂട്ടർ സോഫ്റ്റ്വെയറിൽ കസ്റ്റമർ മേൽവിലാസങ്ങൾ വ്യാപകമായി മായിച്ചുകളഞ്ഞ് കൃത്രിമം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാങ്കിലെ 12 ജീവനക്കാരുടെ പേരിൽ 6.8 കോടി രൂപയുടെ അനധികൃത നിക്ഷേപമുള്ളതായി അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ടെന്നും ജലീൽ വ്യക്തമാക്കി.

തിരുവനന്തപുരം കസ്റ്റംസ് ഡെപ്യുട്ടി കമ്മീഷണറുടെ നിർദേശ പ്രകാരം സ്വർണ്ണക്കടത്ത് സംബന്ധിച്ച് അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കുന്ന പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ പരിശോധിക്കാൻ എആർ നഗർ ബാങ്കിലെ ഹരികുമാറും സംഘവും സമ്മതിച്ചിരുന്നില്ല. ദേശദ്രോഹ – സ്വർണ്ണ കള്ളക്കടത്ത് സംബന്ധിച്ച് വിവരത്തിലേക്കും ഇത് വിരൽചൂണ്ടുന്നുണ്ട്. രാജ്യത്ത് കള്ളപ്പണ ഇടപാടുകൾ തടയുന്നതിന് വേണ്ടികൊണ്ടുവന്ന ഇൻകം ടാക്സ് നിയമം 269 ടിക്ക് വിരുദ്ധമായിട്ടാണ് എആർ നഗർ ബാങ്കിലെ ഇടപാടുകളെല്ലാം നടന്നിട്ടുള്ളത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ ഈ ബാങ്കിൽ നടന്നതായാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഹരികുമാർ ജോലി ചെയ്ത 40 വർഷത്തെ ഇത്തരം ഇടപാടുകൾ പരിശോധിക്കുകയാണെങ്കിൽ ഭയാനകമാകും പുറത്തുവരുന്ന വസ്തുതകൾ. 2012-13 കാലഘട്ടത്തിൽ 2.5 കോടി രൂപയുടെ സ്വർണ്ണപ്പണയ അഴിമതിയാണ് ബാങ്കിൽ നടന്നതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾ ഖാദർ മൗലവിയുടെ പേരിൽ മാത്രം വിവിധ കസ്റ്റമർ ഐഡികളിലെ വ്യത്യസ്ത അക്കൗണ്ടുകളിലായി 2 കോടിയോളം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 157 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. 368 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ട് അവസാനദിനമായ ഇന്നലെ 210 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ 191/10, 466/10, ഇംഗ്ലണ്ട് 290/10, 210/10.

വിജയത്തോടെ ഇന്ത്യ 5 മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ 2-1ന് മുന്നിലെത്തി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ബുംറ, ജഡേജ, ഷര്‍ദ്ദുല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യന്‍ പേസ് ബൗളര്‍ എന്ന റെക്കാഡും ബുംറ സ്വന്തമാക്കി. അഞ്ചാം ടെസ്റ്റ് സെപ്തംബര്‍ 10ന് മാഞ്ചസ്റ്ററില്‍ ആരംഭിക്കും.

ന്യൂഡല്‍ഹി: വാഹന ഹോണുകളില്‍ സംഗീത ഉപകരണങ്ങളുടെ ശബ്ദമാക്കാനൊരുങ്ങി കേന്ദ്ര ഗതാഗതമന്ത്രാലയം. ഹോണുകളുടെ ശബ്ദം അലോസരപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

‘ഞാന്‍ നാഗ്പൂര്‍ നഗരത്തിലെ ഫ്ളാറ്റില്‍ പതിനൊന്നാം നിലയിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരുമണിക്കൂര്‍ പ്രാണായാമം ചെയ്യും. എന്നാല്‍ നിരത്തുകളിലെ ഹോണുകളുടെ ശബ്ദം പ്രഭാതത്തില്‍ അലോസരപ്പെടുത്തുന്നു’. അപ്പോഴാണ് ഹോണുകളുടെ ശബ്ദം സംഗീതോപകരണങ്ങളുടേതാക്കാമെന്ന് ചിന്തിക്കുന്നത്. തബല, ഓടക്കുഴല്‍, വയലിന്‍, മുതലായ സംഗീതോപകരണങ്ങളുടെ ശബ്ദം ഹോണുകളാക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

മാത്രമല്ല, ഇതിനായുള്ള നിയമനിര്‍മാണങ്ങള്‍ നടത്തുമെന്നും, വാഹന നിര്‍മാണ കമ്പനികളുമായി സംസാരിച്ച്, നിരത്തിലിറങ്ങുമ്പോള്‍ തന്നെ ഇത്തരത്തിലുള്ള സംവിധാനം വാഹനങ്ങളില്‍ സജ്ജമാക്കാനുള്ള നടപടികള്‍ പെട്ടന്ന് തന്നെ സ്വീകരിക്കുമെന്നും ഗഡ്കരി അറിയിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ 18 കോടി വാക്സിന്‍ നല്‍കി ജി-7 രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ. എല്ലാ ജി-7 രാജ്യങ്ങളും കൂടി നല്‍കിയതിനേക്കാള്‍ വാക്‌സിന്‍ വിതരണത്തില്‍ രാജ്യം മുന്നിട്ടു നില്‍ക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാരാണ് അറിയിച്ചത്.

മറ്റൊരു നേട്ടം കൂടി, ഓഗസ്റ്റില്‍ 18 കോടി വാക്സിന്‍ നല്‍കുക വഴി ഇന്ത്യ ആഗോള ഭൂപടത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ ട്വിറ്റര്‍ പേജായ മൈ ഗവ് ഇന്ത്യ ട്വീറ്റ് ചെയ്തു.

കാനഡ, ബ്രിട്ടന്‍, യുഎസ്, ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ജി-7 രാജ്യങ്ങല്‍. ഈ രാജ്യങ്ങളെല്ലാം ചേര്‍ന്ന് ആഗസ്ത് മാസത്തില്‍ ഇന്ത്യ നല്‍കിയതിനേക്കാള്‍ കുറവ് വാക്സിന്‍ മാത്രമാണ് നല്‍കിയത്.

കാനഡ ഓഗസ്റ്റില്‍ വെറും 30 ലക്ഷം ഡോസ് വാക്സിനാണ് നല്‍കിയത്. യുകെ 50 ലക്ഷവും, ഇറ്റലി 80 ലക്ഷവും, ജര്‍മ്മനി 90 ലക്ഷവും, ഫ്രാന്‍സ് 1.3 കോടിയും യുഎസ് 2.3 കോടിയും വാക്സിന്‍ ഓഗസ്റ്റ് മാസത്തില്‍ നല്‍കി. ഏറ്റവും കൂടുതല്‍ ഡോസ് നല്‍കിയ ജി-7 രാജ്യം ജപ്പാനാണ് നാല് കോടി ഡോസ് വാക്സീന്‍. എന്നാല്‍, ഇന്ത്യ ഇതുവരെ 68.46 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു.

ടോക്കിയോ: ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയ്ക്ക് സാക്ഷ്യം വഹിച്ച ടോക്കിയോ പാരാലിമ്പിക്സിന് സമാപനം. അവസാന ദിവസമായ ഇന്നലെ ഓരോ സ്വര്‍ണവും വെള്ളിയും നേടിയ ഇന്ത്യ അഞ്ചു സ്വര്‍ണവും എട്ടു വെള്ളിയും ആറു വെങ്കലങ്ങളുമടക്കം 19 മെഡലുകളുമായാണ് മടങ്ങുന്നത്.

പാരാലിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍ രണ്ടക്കം കടക്കുന്നത്. 1984 ലും 2016 ലെ റിയോ ഗെയിംസിലും 4 മെഡലുകള്‍ വീതം നേടിയതാണ് ഇതുവരെ ഏറ്റവും മികച്ച പ്രകടനമായിരുന്നത്.

അവസാന ദിവസമായ ഇന്നലെ ബാഡ്മിന്റണ്‍ വ്യത്യസ്ത കാറ്റഗറികളിലായി കൃഷ്ണ നാഗര്‍ സ്വര്‍ണവും ഐ.എ.എസുകാരന്‍ കൂടിയായ സുഹാസ് യതിരാജ് വെള്ളിയും നേടി. അവനി ലെഖാര, സുമിത് ആന്റില്‍, മനീഷ് നര്‍വാള്‍, പ്രമോദ് ഭഗത് എന്നിവരാണ് സ്വര്‍ണം നേടിയ മറ്റു താരങ്ങള്‍.

സമാപനച്ചടങ്ങുകളുടെ ഭാഗമായി ഇന്നലെ നടന്ന മാര്‍ച്ച് പാസ്റ്റില്‍ അവനി ലെഖാര ദേശീയ പതാകയേന്തി.

ന്യൂഡൽഹി: താലിബാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. കശ്മീരിൽ ഉൾപ്പെടെ എവിടെയും മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്ന താലിബാൻ പരാമർശത്തിനെതിരെയാണ് അദ്ദേഹം മറുപടിയുമായി എത്തിയത്. ഇവിടെ പളളികളിൽ ആരാധനയ്ക്കെത്തുന്നവർ വെടിയുണ്ടകളാലും ബോബുകളാലും കൊല്ലപ്പെടുകയോ പെൺകുട്ടികളെ സ്‌കൂളിൽ പോകുന്നത് തടയുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ പിന്തുടരുന്നത് ഭരണഘടനയെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ മുസ്ലിങ്ങളെ വെറുതെ വിടാൻ താലിബാനോട് അഭ്യർത്ഥിക്കുകയാണ്. ഇവിടെ പളളികളിൽ ആരാധനയ്ക്കെത്തുന്നവരെ വെടിയുണ്ടകളും ബോംബുകളും ഉപയോഗിച്ച് ആക്രമിക്കാറില്ല. പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് തടയുന്നില്ല. അവരുടെ തലയും കാലുകളും മുറിച്ച് മാറ്റിയിട്ടില്ല. ഇവിടുത്തെ സർക്കാരുകളുടെ വിശുദ്ധ ഗ്രന്ഥം ഭരണഘടനയാണ്. രാജ്യം അത് പിന്തുടരുന്നതായും അദ്ദേഹം വിശദമാക്കി ഭരണഘടന ഉൾക്കൊള്ളുന്ന വികസനം രാജ്യം ഉറപ്പ് നൽകുകയും എല്ലാവരുടെയും സഹകരണം ഉറപ്പ് നൽകുകയും ചെയ്യുന്നുണ്ട്. അതിലൂടെ രാജ്യം നയിക്കപ്പെടുന്നതായും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

കശ്മീരിലും ഇന്ത്യയിലും മറ്റേതൊരു രാജ്യത്തും മുസ്ലിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്നായിരുന്നു താലിബാൻ പറഞ്ഞിരുന്നത്. താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഏതെങ്കിലും ഒരു രാജ്യത്തിനു നേരേ ആയുധമെടുക്കാൻ ഉദ്ദേശ്യമില്ലെന്നും താലിബാൻ അഭിപ്രായപ്പെട്ടിരുന്നു.