ട്രെയിൻ യാത്രാ ടിക്കറ്റ് ക്യാൻസൽ ചെയ്യാതെ ബന്ധുക്കൾക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കാം; പുതിയ സംവിധാനവുമായി റെയിൽവേ

കോഴിക്കോട്: ഉറപ്പായ ട്രെയിൻ യാത്രാ ടിക്കറ്റ് ക്യാൻസൽ ചെയ്യാതെ ബന്ധുക്കൾക്ക് യാത്ര ചെയ്യാൻ മാറ്റാൻ സംവിധാനവുമായി റെയിൽവേ. അച്ഛൻ, അമ്മ, മക്കൾ, സഹോദരങ്ങൾ, ഭാര്യ, ഭർത്താവ് എന്നിവർക്ക് ആ ടിക്കറ്റിൽ യാത്ര ചെയ്യാനുള്ള അവസരമാണ് റെയിൽവേ ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തയാളിന് ഓൺലൈനിലോ കൗണ്ടറിലോ എടുത്ത ടിക്കറ്റ് ബന്ധുവിന്റെ പേരിലേക്ക് മാറ്റാനുള്ള പുതിയ സംവിധാനം റെയിൽവേ അവതരിപ്പിച്ചു. ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂറിന് മുൻപ് ഇത് ചെയ്യണം.

ഒരു തവണ മാത്രമെ ടിക്കറ്റ് മാറ്റാൻ കഴിയൂ. ബന്ധം തെളിയിക്കുന്നതിന്റെ കോപ്പി ടിക്കറ്റ് മാറ്റാനായി സമർപ്പിക്കണം. ആധാർ, വോട്ടർ ഐഡി, ബാങ്ക് പാസ്ബുക്, റേഷൻ കാർഡ് എന്നീ രേഖകൾ ബന്ധം തെളിയിക്കാൻ ഉപയോഗിക്കാം. ചീഫ് റിസർവേഷൻ മാനേജർക്കോ സ്റ്റേഷൻ മാനേജർക്കോ ആണ് ടിക്കറ്റ് മാറ്റാൻ അധികാരമുള്ളത്.

അതേസമയം ടിക്കറ്റ് റദ്ദാക്കലും റെയിൽവേ പുനസ്ഥാപിച്ചു. ഫസ്റ്റ് ക്ലാസ്/എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകൾ 48 മണിക്കൂർ മുമ്പ് റദ്ദാക്കിയാൽ 260 രൂപയും സർവീസ് ചാർജ്ജും ഒരു ടിക്കറ്റിൽ കുറയും. ഫസ്റ്റ് ക്ലാസ്/എസി ടു ടിയർ 200 രൂപയും സർവീസ് ചാർജും, എസി ചെയർകാർ, ത്രീ ടിയർ, എസി ത്രീ ഇക്കോണമി 180 രൂപ. സ്ലീപ്പറിന് 120, സെക്കൻഡ് ക്ലാസിന് 60 രൂപ വീതവും കുറയും.