സമരം ചെയ്യുന്ന അഭിഭാഷകർക്കെതിരെ കർശന നടപടി സ്വീകരിക്കും; പുതിയ നിയമങ്ങൾ രൂപീകരിക്കുമെന്ന് ബാർ കൗൺസിൽ

ന്യൂഡൽഹി: സമരം ചെയ്യുന്ന അഭിഭാഷകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകി ബാർ കൗൺസിൽ. ഇതിനു വേണ്ടി പുതിയ നിയമങ്ങൾ രൂപീകരിക്കുമെന്നും ബാർ കൗൺസിൽ അറിയിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിനു മുന്നിലാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ മിശ്ര ഇക്കാര്യം അറിയിച്ചത്.

വിഷയത്തിൽ ചർച്ച നടത്താനായി രാജ്യത്തെ എല്ലാ ബാർ കൗൺസിലുകളുടേയും ഒരു യോഗം സെപ്തംബർ നാലിന് വിളിച്ചു ചേർത്തിട്ടുണ്ടെന്നും പുതിയ നിയമങ്ങൾ അടുത്ത മാസം തുടക്കത്തിൽ തന്നെ നിലവിൽ വരത്തക്ക വിധത്തിൽ തീരുമാനം എടുക്കുമെന്നും മനൻ മിശ്ര കോടതിയിൽ വ്യക്തമാക്കി. സമരം ചെയ്യുന്ന അഭിഭാഷകർക്കെതിരെ മാത്രമല്ല സമരം ചെയ്യാൻ അവരെ പ്രകോപിപ്പിക്കുന്ന വിധത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നവരെയും ശിക്ഷിക്കുന്ന വിധത്തിൽ നിയമം നിർമിക്കാനാണ് ശ്രമിക്കുന്നതെന്ന് മനൻ മിശ്ര പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തെ മറയാക്കി അഭിഭാഷകർ അടിക്കടി സമരം ചെയ്യുന്നത് കാരണം കോടതി നടപടികൾ തടസപ്പെടുന്നുണ്ടെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. ഇത് രാജ്യത്തെ ജനങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ നിഷേധിക്കുന്നതിനു തുല്ല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ ഈ പരാമർശത്തെ പിന്തുണച്ചാണ് ബാർ കൗൺസിൽ അഭിഭാഷകരുടെ സമരങ്ങൾക്കെതിരായ കരട് നിയമം രൂപീകരിക്കാനൊരുങ്ങുന്നത്. കരട് നിയമം അടുത്ത മാസം തന്നെ സുപ്രീം കോടതിയുടെ അനുമതിക്കായി സമർപ്പിക്കുമെന്ന് ബാർ കൗൺസിൽ വിശദമാക്കി.