എന്താണ് ബെൽസ് പാൾസി?കോവിഡ് രോഗമുക്തരായവരിൽ ബെൽസ് പാൾസി കേസുകൾ വർധിക്കുന്നതായി ആരോഗ്യ വിദഗ്ധർ

covid

ന്യൂഡൽഹി: കോവിഡ് വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരം പങ്കുവെച്ച് ആരോഗ്യ വിദഗ്ധർ. കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരിൽ പലർക്കും ബെൽസ് പാൾസി എന്ന രോഗം ബാധിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുഖത്തിന് താത്ക്കാലികമായി കോടൽ ഉണ്ടാക്കുന്ന രോഗമാണ് ബെൽസ് പാൾസി. കോവിഡ് രോഗമുക്തരിൽ പലരും ബെൽസ് പാൾസിയ്ക്ക് ചികിത്സ തേടിയെത്തുന്നതായി ഡോക്ടർമാർ വ്യക്തമാക്കുന്നു.

കോവിഡ് വൈറസ് ബാധിക്കുന്നതിനെ തുടർന്ന് മുഖത്തെ ഞരമ്പുകൾക്കുണ്ടാകുന്ന നീർക്കെട്ടാണ് ബെൽസ് പാൾസിയ്ക്ക് കാരണമാകുന്നത്. മുഖത്തെ പേശികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഞരമ്പുകളാണ്. അണുബാധയെ തുടർന്ന് ഈ ഞരമ്പുകൾ മുഖത്തെ പേശികളിലേക്ക് സന്ദേശങ്ങൾ അയക്കുന്നത് നിർത്തും. പിന്നീട് ഇത് മുഖത്തെ പേശികളുടെ തളർച്ചയ്ക്കും മുഖം കോടലിനും കാരണമാകും. മുഖത്തിന്റെ ഏത് വശം വേണമെങ്കിലും ഇത്തരത്തിൽ ബാധിക്കപ്പെടാമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ബെൽസ് പാൾസി ബാധിച്ച് ഫിസിയോതെറാപ്പി വകുപ്പിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചതായാണ് ചെമ്പുർ സെൻ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോ. വിനീത് കാരാന്ത് പറയുന്നത്. രോഗലക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ് വന്ന നെഗറ്റീവായവരിലും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് രോഗമുക്തി നേടി ഒന്നോ രണ്ടോ മാസങ്ങൾക്ക് ശേഷമാണ് ബെൽസ് പാൾസിയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നത്.

മുഖത്തിന്റെ ഒരു ഭാഗം ദുർബലമാകൽ, വായുടെ ഭാഗം കോടൽ, മുഖത്ത് വേദന, രുചിയില്ലായ്മ, സംസാരിക്കാൻ ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കാനും ചവയ്ക്കാനുമുള്ള ബുദ്ധിമുട്ട്, കണ്ണുകൾ പൂർണമായും അടയ്ക്കാനുള്ള ബുദ്ധിമുട്ട്, കണ്ണുകൾക്ക് അണുബാധ തുടങ്ങിയവയാണ് ബെൽസ് പാൾസിയുടെ പ്രധാന രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം നഡീരോഗ വിദഗ്ധനെ സമീപിച്ച് ചികിത്സ തേടണം. മരുന്നുകളും ഫിസിയോതെറാപ്പിയും ഉൾപ്പെട്ട ചികിത്സയിലൂടെ മൂന്നാഴ്ച കൊണ്ട് മുഖം പൂർവസ്ഥിതിയിലാക്കാൻ കഴിയും. നേരത്തെയുള്ള രോഗ നിർണയം പ്രധാനമാണെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു.