Highlights (Page 104)

ഗൂഗിള്‍ ഹാങ്ഔട്ട്‌സ് 2022 നവംബറോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. ഉപയോക്താക്കള്‍ക്ക് നവംബറിന് മുമ്ബ് അവരുടെ ഹാങ്ഔട്ട് ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാമെന്നും ഗൂഗിള്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്കായി പുതിയ ടൂളുകള്‍ ഉപയോഗിച്ച് ചാറ്റില്‍ മാറ്റങ്ങള്‍ വരുത്തിയതായും കമ്ബനി വ്യക്തമാക്കി. ‘ആളുകളെ ഒന്നിപ്പിക്കാനും അവര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കാനും ഞങ്ങള്‍ ചാറ്റില്‍ നിക്ഷേപം തുടരുകയാണ്. ഇപ്പോള്‍ ശേഷിക്കുന്ന ഹാങ്ഔട്ട് ഉപഭോക്താവിനെ ചാറ്റിലേക്ക് മാറാന്‍ സഹായിക്കുന്നതിന് വേണ്ട നടപടികള്‍ ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്,’- ഗൂഗിള്‍ ചാറ്റിന്റെ പ്രൊഡക്ട് മാനേജര്‍ രവി കണ്ണേഗണ്ടി ഒരു ബ്ലോഗ്പോസ്റ്റില്‍ പറഞ്ഞു.

ഫോണില്‍ ഹാങ്ഔട്ട്സ് ഉപയോഗിക്കുന്നവര്‍ക്ക് ജിമെയിലിലേക്കോ ചാറ്റ് ആപ്പിലേക്കോ ചാറ്റ് മാറ്റാന്‍ ആവശ്യപ്പെടുന്ന ഒരു പോപ്പ്-ആപ്പ് സ്‌ക്രീന്‍ ലഭിക്കും. കമ്ബ്യൂട്ടറില്‍ ഹാങ്ഔട്ട്‌സ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ ചാറ്റ് വെബിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ ചാറ്റ് വെബ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യണം. സൈഡ്-ബൈ-സൈഡ് എഡിറ്റിംഗ് ഉപയോഗിച്ച് ഡോക്‌സ്, സ്ലൈഡുകള്‍, ഷൂട്ടുകള്‍ എന്നിവയിലെ ഫയലുകള്‍ എഡിറ്റ് ചെയ്യാന്‍ നിങ്ങളുടെ ചാറ്റ് അനുവദിക്കും. ഈ രീതിയില്‍, ആളുകള്‍ക്ക് സഹപ്രവര്‍ത്തകരുമായോ സുഹൃത്തുക്കളുമായോ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും വ്യത്യസ്ത ഫയലുകള്‍ മാനേജ് ചെയ്യാനും കഴിയും. സ്ലാക്ക്, ഫ്‌ലോക്ക് എന്നീ പ്ലാറ്റ്‌ഫോമുകളായിരിക്കും ചാറ്റിന്റെ പ്രധാന എതിരാളികള്‍. ചാറ്റിലേക്ക് മാറുന്ന ഉപയോക്താക്കള്‍ക്ക് മറ്റ് ഫീച്ചറുകളും ഗൂഗിള്‍ അവതരിപ്പിക്കുന്നുണ്ട്. സ്‌കിന്‍-ടോണ്‍ അനുസരിച്ചുള്ള ഇമോജികള്‍, മെന്‍ഷന്‍ നോട്ടിഫൈ ഫീച്ചര്‍, ജിഐഎഫ് മുതലായ രസകരമായ സവിശേഷതകള്‍ അവതരിപ്പിക്കുമെന്നും കമ്ബനി പറഞ്ഞു.

കടലില്‍ ഒഴുകി നടക്കുന്ന നഗരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി മാലിദ്വീപ്. ലോകത്തെ ഏറ്റവും താഴ്ന്ന രാജ്യമായ മാലിദ്വീപ് തങ്ങള്‍ നേരിടുന്ന ഭീഷണിക്ക് ഒരു സുസ്ഥിര പരിഹാരം കാണുകയാണ്. ഹോളണ്ടിന്റെ സഹായത്തോടെയാണ് 5000 വീടുകള്‍ ഉള്ള ഒഴുകുന്ന നഗരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 5000 വീടുകളും ഒരു ചങ്ങലക്കണ്ണിയിലെന്ന പോലെ പരസ്പരം ബന്ധിപ്പിച്ചായിരിക്കും നിര്‍മ്മിക്കുക.

ഇവിടെ വരുന്ന സന്ദര്‍ശകര്‍ക്ക് മാലിദ്വീപിന്റെ തലസ്ഥാനമായ മാലിയില്‍ നിന്നും പത്ത് മിനിറ്റ് നേരം ബോട്ടില്‍ യാത്ര ചെയ്തു വേണം എത്താന്‍. വീടുകള്‍ക്ക് പുറമെ ഈ നഗരത്തില്‍ ഹോട്ടലുകളൂം ഷോപ്പുകളും റെസ്റ്റോറന്റുകളുമൊക്കെ ഉണ്ടാകും. നടന്നും സൈക്കിളിലും യാത്രചെയാനാകും. ഇലക്ട്രിക് സ്‌കൂട്ടറുകളും അനുവദനീയമായിരിക്കും. ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും ഈ പുതിയ ദ്വീപില്‍ പ്രവേശിക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം കനാലുകള്‍ ആയിരിക്കും. 1192 മുത്തുച്ചിപ്പി ദ്വീപുകളാണ് മാലിദ്വീപിനുള്ളത്. 26 അറ്റോളുകളായി രണ്ട് ശൃംഖലയില്‍ ഇവയെ വിഭജിച്ചിരിക്കുന്നു. പ്രകൃതിയുടെ ആവാസ വ്യവസ്ഥയ്ക്ക് പ്രശ്‌നം വരാത്ത വിധത്തിലായിരിക്കും ഒഴുകുന്ന നഗരം നിര്‍മ്മിക്കുക.

പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്ന ആശയത്തിലാണ് ഈ ദ്വീപിന് രൂപം കൊടുത്തിരിക്കുന്നത്. അതേസമയം, സ്ഥലവാസികള്‍ അല്ലാത്തവര്‍ക്ക് ഈ ദ്വീപില്‍ താമസിക്കണമെങ്കില്‍ പ്രത്യേക റസിഡന്റ് പെര്‍മിറ്റ് എടുക്കേണ്ടതായി വരും.

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ 1047 കോടി രൂപയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം നല്‍കി. സമഗ്ര ശിക്ഷ കേരളയുടെ 2022 -23 അക്കാദമിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ പണം ചെലവഴിക്കും.

അതേസമയം, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആദിവാസി ഗോത്ര മേഖലയ്ക്കും ഭിന്നശേഷി മേഖലയ്ക്കും ഗുണകരമാകുന്ന നൂതന പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും തീരുമാനിച്ചു. ഇടുക്കിയിലെ ഇടമലക്കുടി മേഖലയില്‍ ആദിവാസി ഗോത്ര വിഭാഗത്തിലെ കുട്ടികള്‍ക്കു വേണ്ട അധിക പഠന പിന്തുണാ സംവിധാനങ്ങള്‍ സൗജന്യമായി നല്‍കും. തിരുവനന്തപുരത്തെ മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ മകനും എട്ടാം ക്ലാസുകാരനുമായ അബിന്‍ അര്‍ഷാദിന് 18 വയസ്സ് വരെയുള്ള പഠനാവശ്യങ്ങള്‍ക്ക് ധനസഹായം നല്‍കാനും സമഗ്ര ശിക്ഷ കേരളയെ ചുമതലപ്പെടുത്തി.

എലമെന്ററി മേഖലയ്ക്ക് 516.11 കോടി രൂപയും സെക്കണ്ടറി വിഭാഗത്തില്‍ 222.66 കോടി രൂപയും, ടീച്ചര്‍ എഡ്യൂക്കേഷന് 19.56 കോടി രൂപയുമാണ് സമഗ്ര ശിക്ഷ കേരളയുടെ വാര്‍ഷിക പദ്ധതി രേഖയില്‍ അനുവദിക്കുക. കൂടാതെ, 2022-23 അക്കാദമിക വര്‍ഷം 5 മേഖലകളിലായി ‘സ്റ്റാര്‍സ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 288.39 കോടി രൂപയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യയുമായും നരേന്ദ്ര മോദി സര്‍ക്കാരുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തിയ ആളായിരുന്നു ഷിന്‍സോ ആബെ. ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനായ ലോകനേതാവ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തന്നെ ആബെയുമായി സദൃഢമായ ബന്ധം കാത്തുസൂക്ഷിച്ച ആളായിരുന്നു മോദി. ഇരു നേതാക്കളും നിരവധി തവണ പരസ്പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

മഹത്തായ ഒരു രാജ്യത്തിന്റെ മികച്ച ഒരു നേതാവ് എന്നാണ് ആബെയെ മോദി വിശേഷിപ്പിച്ചിരുന്നത്. പലപ്പോഴും ലോക വേദികളിലടക്കം ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി ഷിന്‍സോ ആബെ രംഗത്തുണ്ടായിരുന്നു. ഒരു ഔദ്യോഗിക ബന്ധം എന്നതിലുപരി മോദിയും ആബെയും വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം ജപ്പാനില്‍ നിന്ന് ലഭിക്കുന്നത് ആബെ പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനായി നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി ഷിന്‍സോ ആബെക്ക് 2021-ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ഇന്ത്യന്‍ റിപ്പബ്ലിക് പരേഡില്‍ ആദ്യമായി പങ്കെടുത്ത ജപ്പാന്‍ പ്രധാനമന്ത്രിയാണ് ഇദ്ദേഹം. 2017ലായിരുന്നു ആബെ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. ഏറ്റവും കൂടുതല്‍ തവണ ഇന്ത്യ സന്ദര്‍ശിച്ച ജപ്പാന്‍ പ്രധാനമന്ത്രി എന്ന സ്ഥാനവും ആബെക്ക് സ്വന്തം.

ന്യൂഡൽഹി: കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി 2009-10 മുതൽ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘മിഷൻ വാത്സല്യ’ ശിശു സംരക്ഷണ സേവന (സിപിഎസ്) പദ്ധതി വനിതാ ശിശുവികസന മന്ത്രാലയം നടപ്പിലാക്കുന്നു. ഇന്ത്യയിലെ ഓരോ കുട്ടിക്കും ആരോഗ്യകരവും സന്തോഷകരവുമായ ഒരു ബാല്യകാലം ഉറപ്പാക്കുക, അവരുടെ മുഴുവൻ കഴിവുകളും കണ്ടെത്തി വളരാൻ അവരെ സഹായിക്കുക ,കുട്ടികളുടെ വികസനത്തിനായി സുസ്ഥിരമായ രീതിയിൽ ഒരു അന്തരീക്ഷം സൃഷ്ടിക്കുക ,ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 ന്റെ ഉത്തരവുകൾ പാലിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സംസ്ഥാനങ്ങളെ/ കേന്ദ്രഭരണ പ്രദേശങ്ങളെ സഹായിക്കുക എന്നിവയാണ് മിഷൻ വാത്സല്യയുടെ ലക്ഷ്യം. അവസാന ആശ്രയമെന്ന നിലയിൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ കുട്ടികൾക്ക് കുടുംബാധിഷ്ഠിത സ്ഥാപനേതര പരിചരണം മിഷൻ വാത്സല്യ പ്രോത്സാഹിപ്പിക്കുന്നു.

നിയമാനുസൃത സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക; സേവന വിതരണ ഘടനകളെ ശക്തിപ്പെടുത്തുക; ഉയർന്ന തലത്തിലുള്ള സ്ഥാപന പരിചരണം/സേവനങ്ങൾ; സ്ഥാപനേതര സമൂഹാധിഷ്ഠിത പരിചരണം പ്രോത്സാഹിപ്പിക്കുക; അടിയന്തര ഔട്ട്‌റീച്ച് സേവനങ്ങൾ; പരിശീലനവും വിഭവ ശേഷി വർദ്ധിപ്പിക്കലും എന്നിവയാണ് മിഷൻ വാത്സല്യയുടെ കീഴിലുള്ള ഘടകങ്ങൾ

പദ്ധതി നടപ്പിലാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മന്ത്രാലയവുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. കേന്ദ്ര-സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സർക്കാരുകൾ തമ്മിലുള്ള നിശ്ചിത ചെലവ് പങ്കിടൽ അനുപാതം അനുസരിച്ച് മിഷൻ വാത്സല്യ കേന്ദ്രാവിഷ്‌കൃത പദ്ധതിയായി നടപ്പിലാക്കും.

മന്ത്രാലയം, മിഷൻ വാത്സല്യ പദ്ധതിയുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ചു മിഷൻ വാത്സല്യ പദ്ധതിക്ക്കീഴിൽ ,സംസ്ഥാന ഗവൺമെന്റുകളോടും/കേന്ദ്ര ഭരണ പ്രദേശ ങ്ങളോടും 2022-23 വർഷത്തേക്കുള്ള സാമ്പത്തിക നിർദ്ദേശങ്ങളും പദ്ധതികളും തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വാത്സല്യ പദ്ധതിയുടെ മാനദണ്ഡങ്ങൾ 01 ഏപ്രിൽ 2022 മുതൽ പ്രാബല്യത്തിലുണ്ട്.

ലണ്ടന്‍: പ്രധാനമന്ത്രിസ്ഥാനം രാജിവെക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വിവാദങ്ങളില്‍ കുടുങ്ങിയ മന്ത്രിസഭയില്‍ നിന്ന് കഴിഞ്ഞ രണ്ടു മണിക്കൂറിനിടെ എട്ട് മന്ത്രിമാര്‍ രാജിവെച്ചതിന് പിന്നാലെയാണ് സ്ഥാനം ഒഴിയാന്‍ ജോണ്‍സണ്‍ നിര്‍ബന്ധിതനായത്.

അതേസമയം, നിരവധി അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ബോറിസ് ജോണ്‍സണ്‍ അധികാരത്തിലിരിക്കാന്‍ യോഗ്യനല്ലെന്ന വാദം സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയരുന്നുണ്ട്. ‘പാര്‍ട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോണ്‍സനെതിരെ സ്വന്തം പാളയത്തില്‍ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വന്‍ എതിര്‍പ്പുകളാണ് ഉയര്‍ത്തിവിട്ടത്. തുടര്‍ന്ന് പാര്‍ട്ടിനേതാവ് സ്ഥാനത്ത് ജോണ്‍സന്‍ തുടരണമോ എന്നതില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു. പാര്‍ലമെന്റില്‍ 359 എം.പി.മാരാണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 എം.പി.മാര്‍ ജോണ്‍സനെതിരേ വിശ്വാസവോട്ടിനു കത്തുനല്‍കിയതോടെ ബോറിസ് ജോണ്‍സണ്‍ പുറത്തു പോയെക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണായിരുന്നു വിജയം.

മന്ത്രിമാരെക്കൂടാതെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മുപ്പതോളംപേര്‍ ഇതിനോടകം രാജിവെച്ചിട്ടുണ്ട്. പിഞ്ചര്‍ കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാല്‍ ബോറിസ് ജോണ്‍സണ്‍ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 2019-ലാണ് വമ്പന്‍ ജോണ്‍സണ്‍ അധികാരത്തിലെത്തിയത്.

ഇടുക്കി: ഓൾഡ് മൂന്നാർ ദേവികുളം റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽ മൂലം വാഹന ഗതാഗതം സാധ്യമല്ലാത്ത സാഹചര്യം ഉള്ളതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അടിമാലിയിൽ നിന്നും ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അടിമാലി-ഇരുട്ടുകാനം-ആനച്ചാൽ-കുഞ്ചിത്തണ്ണി രാജാക്കാട്-പൂപ്പാറ വഴിയും ബോഡിമെട്ടിൽ നിന്നും തിരികെ വരുന്ന വാഹനങ്ങൾ പൂപ്പാറ രാജാക്കാട് – കുഞ്ചിത്തണ്ണി ആനച്ചാൽ വഴിയും വഴി തിരിച്ചു വിടാൻ മൂന്നാർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന് നിർദേശം നൽകി.

ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലുള്ള രാത്രികാല യാത്ര (രാത്രി എട്ടു മുതൽ രാവിലെ ആറ് വരെ) അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ നിരോധിച്ചിരിക്കുകയാണ്.

പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ സിവിൽ ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം. ഫയർ ആൻഡ് റസ്‌ക്യു, സിവിൽ സപ്ലൈസ്, കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവ ഉൾപ്പെടെയുള്ള അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കും.

അതേസമയം, ഇടുക്കി ജില്ലയിലെ എല്ലാവിധ ഓഫ് റോഡ് ട്രക്കിംങ്ങ്, എല്ലാവിധ ഖനന പ്രവർത്തനങ്ങൾ, ജലാശയങ്ങളിലുള്ള മത്സ്യബന്ധനങ്ങൾ, വിനോദ സഞ്ചാരത്തോടനുബന്ധിച്ചുള്ള സ്വകാര്യ ബോട്ടുകൾ ഉൾപ്പെടെയുള്ള എല്ലാവിധ ബോട്ടിംങ്ങ് എന്നിവ താൽക്കാലികമായി നിരോധിച്ചു. കാലവർഷം ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇൻറർവ്യൂകൾക്ക് എന്നിവയ്ക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് 25 സര്‍ക്കാര്‍ ആശുപത്രികളില്‍ അര്‍ബുദ ചികിത്സയ്ക്കുള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളേജുകള്‍, തിരുവനന്തപുരം ആര്‍.സി.സി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് കാന്‍സര്‍ ചികിത്സ ഇത്തരം കേന്ദ്രങ്ങളിലൂടെ യാഥാര്‍ത്ഥ്യമാക്കിയത്.

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രി, തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, കോട്ടയം പാലാ ജനറല്‍ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജില്ലാ ആശുപത്രി, തൃശ്ശൂര്‍ വടക്കാഞ്ചേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, തൃശ്ശൂര്‍ ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, കാസര്‍കോട് കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കീമോതെറാപ്പി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ലഭിക്കുന്നത്.

തിരുവനന്തപുരം: പത്മശ്രീ ഗാന്ധിയൻ ഗോപിനാഥൻ നായർ നിര്യാതനായി. 100 വയസ്സായിരുന്നു. ഏറെനാളായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം.

2016 രാജ്യം ഗോപിനാഥൻ നായരെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. സ്വതന്ത്ര സമര സേനാനിയായിരുന്ന അദ്ദേഹം. ശാന്തിനികേതനയിൽ വിദ്യാർത്ഥിയായിരുന്നു. 2003ലെ മാറാട് കലാപ കാലത്ത് വർഗീയ സംഘർഷം വളരാതിരിക്കാൻ സമാധാന സന്ദേശങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

2005 ലെ ബജാജ് അവാർഡിനും ഗോപിനാഥൻ അർഹനായിരുന്നു. ഗാന്ധി സ്മാരക നിധിയുടെ അഖിലേന്ത്യ ചെയർമാനായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. വീനോബാജിയുടെ ഭൂദാനം പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തു.

മലയടി വിനോബാ കേന്ദ്രത്തിന്റെ പ്രസിഡന്റായും പത്തുവർഷം പ്രവർത്തിച്ചിരുന്നു. ഒരു മാസം മുമ്പ് പക്ഷാഘാത്തെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. രണ്ടു നാൾ മുമ്പ് വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇതോടെ അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയായിരുന്നു.

കൊച്ചി: ക്രൈം ബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഗൂഢാലോചന കേസിലാണ് സ്വപ്ന ചോദ്യം ചെയ്യലിനായി ഹാജരായത്. കെ ടി ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്നയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

രണ്ട് തവണ ക്രൈംബ്രാഞ്ച് കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയ്ക്ക് നോട്ടീസ് നൽകിയെങ്കിലും ചോദ്യം ചെയ്യലിനായി ഹാജരായിരുന്നില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ ചൂണ്ടിക്കാട്ടിയാണ് സ്വപ്‌ന ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനായി ഹാജരാകാതിരുന്നത്. അതേസമയം, ഗൂഢാലോചന കേസിൽ സ്വപ്ന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. ഇത് തള്ളിയാൽ സ്വപ്‌നയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

രഹസ്യമൊഴി പിൻവലിക്കാൻ ഇടപെട്ടു എന്ന് സ്വപ്ന ആരോപിച്ച ഷാജ് കിരൺ ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിയ്ക്ക് കൈമാറുമെന്ന് ഷാജ് കിരൺ വ്യക്തമാക്കി.