പത്മശ്രീ ഗാന്ധിയൻ ഗോപിനാഥൻ നായർ നിര്യാതനായി

തിരുവനന്തപുരം: പത്മശ്രീ ഗാന്ധിയൻ ഗോപിനാഥൻ നായർ നിര്യാതനായി. 100 വയസ്സായിരുന്നു. ഏറെനാളായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം.

2016 രാജ്യം ഗോപിനാഥൻ നായരെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. സ്വതന്ത്ര സമര സേനാനിയായിരുന്ന അദ്ദേഹം. ശാന്തിനികേതനയിൽ വിദ്യാർത്ഥിയായിരുന്നു. 2003ലെ മാറാട് കലാപ കാലത്ത് വർഗീയ സംഘർഷം വളരാതിരിക്കാൻ സമാധാന സന്ദേശങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

2005 ലെ ബജാജ് അവാർഡിനും ഗോപിനാഥൻ അർഹനായിരുന്നു. ഗാന്ധി സ്മാരക നിധിയുടെ അഖിലേന്ത്യ ചെയർമാനായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. വീനോബാജിയുടെ ഭൂദാനം പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തു.

മലയടി വിനോബാ കേന്ദ്രത്തിന്റെ പ്രസിഡന്റായും പത്തുവർഷം പ്രവർത്തിച്ചിരുന്നു. ഒരു മാസം മുമ്പ് പക്ഷാഘാത്തെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. രണ്ടു നാൾ മുമ്പ് വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇതോടെ അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയായിരുന്നു.