Highlights (Page 103)

ഇന്‍ഫ്രാറെഡ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബഹിരാകാശ ടെലിസ്‌കോപ്പായ ജയിംസ് വെബ് ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ സംയോജിപ്പിച്ചുള്ള ആദ്യചിത്രങ്ങള്‍ നാസ പുറത്തു വിട്ടിരുന്നു. എസ്എംഎസിഎസ് 0723 എന്നു പേരുള്ള ആദ്യചിത്രം ഇന്നലെ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണു പുറത്തു വിട്ടത്. പിന്നീട് ബാക്കി ചിത്രങ്ങള്‍ കൂടി നാസ പുറത്തിറക്കി.

1877ല്‍ എഡ്വേഡ് സ്റ്റെഫാന്‍ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് 5 താരസമൂഹങ്ങളടങ്ങിയ സ്റ്റെഫാന്‍സ് ക്വിന്ററ്റ് ഗാലക്‌സി ഗ്രൂപ്പ് കണ്ടെത്തിയത്. എന്‍ജിസി 7320 എന്നു പേരുള്ളതാണ് ഏറ്റവും തിളക്കമേറിയത്. താരസമൂഹങ്ങളുടെ ഈ ഗ്രൂപ്പിനുള്ളില്‍ നടക്കുന്ന കൂട്ടിയിടികളെക്കുറിച്ചും മറ്റും വിവരങ്ങള്‍ നല്‍കിയത്. എന്‍ജിസി 3132 എയ്റ്റ് റിങ് നെബുല എന്നും അറിയപ്പെടുന്നു. പ്ലാനറ്ററി നെബുല എന്ന ഗണത്തില്‍പെടുന്നു. ഭൂമിയില്‍ നിന്ന് 2000 പ്രകാശ വര്‍ഷം അകലെയായാണ് സതേണ്‍ റിങ് നെബുല സ്ഥിതി ചെയ്യുന്നത്. അര പ്രകാശ വര്‍ഷമാണ് ഈ നെബുലയുടെ വിസ്തീര്‍ണം. ഇതിന്റെ കേന്ദ്ര ഭാഗത്തായി ഒരു വെള്ളക്കുള്ളന്‍ നക്ഷത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഈ നക്ഷത്രം കാലങ്ങളായി വാതകങ്ങളും പൊടിപടലങ്ങളും എല്ലാ ദിശകളിലേക്കും വ്യാപിപ്പിക്കുന്നുണ്ടെന്ന് ജെയിംസ് വെബ് ചിത്രം വെളിവാക്കുന്നു. എക്‌സോപ്ലാനറ്റായ വാസ്പ് 96 ബിയുടെ അന്തരീക്ഷത്തില്‍ ജലമുണ്ടെന്ന് ചിത്രങ്ങളോടൊപ്പം ജയിംസ് വെബ് ടെലിസ്‌കോപ് ശേഖരിച്ച ശാസ്ത്രീയ വിവരങ്ങളില്‍ തെളിവ്. പ്രപഞ്ചത്തിലെ മറ്റു ഗ്രഹങ്ങളുടെയും അന്തരീക്ഷത്തെ വിലയിരുത്താനുള്ള ജയിംസ് വെബ്ബിന്റെ കഴിവു വെളിവാക്കുന്നതാണിത്. ഭൂമി സൂര്യനെ ഒരു വര്‍ഷമെടുത്തു ഭ്രമണം ചെയ്യുന്നു. എന്നാല്‍, വാസ്പ് 96ബി അതിന്റെ നക്ഷത്രത്തെ ചുറ്റുന്നത് വെറും 3.4 ദിവസം കൊണ്ടാണ്.

അറുപതുകളില്‍ നാസ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ജയിംസ് ഇ. വെബ്ബിന്റെ പേരാണു ടെലിസ്‌കോപ്പിനു നല്‍കിയിരിക്കുന്നത്.ജയിംസ് വെബ് വിക്ഷേപണ വിജയത്തിനു പിന്നില്‍ മലയാളി സാന്നിധ്യവുമുണ്ട്; ടെലിസ്‌കോപ്പിന്റെ ഇന്റഗ്രേഷന്‍ ആന്‍ഡ് സിസ്റ്റം എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ജോണ്‍ ഏബ്രഹാം, ടെസ്റ്റ് എന്‍ജിനീയറായ റിജോയ് തോമസ് എന്നിവര്‍. ഹൂസ്റ്റണ്‍ സ്വദേശികളായ ഇവര്‍ 8 വര്‍ഷം പദ്ധതിയില്‍ പ്രവര്‍ത്തിച്ചു.

ന്യൂഡൽഹി: പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. നടിയെ ആക്രമിച്ച കേസിലെ പൾസർ സുനിയുടെ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തളളിയത്. കേസുമായി ബന്ധപ്പെട്ട് പൾസർ സുനി മാത്രമാണ് ജയിലുള്ളതെന്ന് സുനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങിയെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതേസമയം, പൾസർ സുനിയുടെ ജ്യാമാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പൾസർ സുനിയെന്നും കേസിലെ പ്രധാന പ്രതിയാണെന്നും ജാമ്യം അനുവദിക്കരുതെന്നും സർക്കാർ വാദിച്ചു.

അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ജാമ്യേപക്ഷ തള്ളിയത്.

തിരുവനന്തപുരം: വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിച്ചുള്ള വ്യവസായ നിക്ഷേപം ആകർഷിക്കലാണ് കേരളം സ്വീകരിക്കുന്ന നയമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി നിയമസഭാ സാമാജികർക്കായി സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ, പ്രത്യേകിച്ചു മധ്യവരുമാന രാഷ്ട്രങ്ങളിലെ, ജീവിതനിലവാരത്തിന്റെ തോതിലേക്ക് ഉയരാൻ കേരളത്തിനു കഴിയണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കൂട്ടായി ശ്രമിച്ചാൽ ഇതു സാധിക്കും. ഓരോ മേഖലയും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളണമെന്നതാണ് ഈ ലക്ഷ്യപ്രാപ്തിക്ക് ഏറ്റവും പ്രധാനം. പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ പ്രവർത്തിക്കേണ്ട മേഖലയല്ലെന്നും അതിൽനിന്നു പിൻവലിയണമെന്നും ആസ്തികൾ വിറ്റു കാശാക്കി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നുമുള്ള ചിന്താഗതി രാജ്യത്തു വലിയ തോതിൽ വളരുകയാണ്. ഇക്കാര്യത്തിൽ കേരളം ബദലാകുകയാണ്. പൊതുമേഖല സംരക്ഷിക്കുകയും ഒപ്പം വ്യാവസായിക വികസനത്തിന് ആവശ്യമായ വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപം ആകർഷിക്കുകയും ചെയ്യുകയെന്നതാണു കേരളത്തിന്റെ നിലപാട്. സംസ്ഥാനത്തിന് അനുയോജ്യമായതും പരിസ്ഥിതിക്കു കോട്ടംതട്ടാത്തതുമായ വ്യവസായങ്ങൾ മാത്രമേ സ്വീകരിക്കൂ. അവയെ മാത്രമേ പ്രോത്സാഹിപ്പിക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വൻകിട വ്യവസായങ്ങളിൽ ചിലതു കേരളത്തിലേക്കു വരാൻ തയാറായിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികൾ പലതും ഇവിടേയ്ക്കു വരാൻ സന്നദ്ധത പ്രകടിപ്പിക്കുന്നു. ചിലതു വന്നുകഴിഞ്ഞു. ഇത് ഇനിയും ശക്തിപ്പെടുത്തണം. കേരളത്തിന്റെ സമ്പന്നമായ പ്രവാസി സമൂഹത്തിൽ പലരും വ്യവസായ മേഖലയിൽ വലിയ പ്രവർത്തനം നടത്തുന്നവരാണ്. ഇപ്പോൾ വ്യവസായ രംഗത്ത് ഇടപെട്ടു പ്രവർത്തിക്കുന്നവർക്കു സംസ്ഥാനത്തു പുതിയ വ്യവസായങ്ങൾ ആരംഭിക്കാൻ കഴിയും. വ്യവസായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കു കേരളത്തിലേക്കു വ്യവസായങ്ങൾ വരണമെന്നു സംരംഭകരോടു പറയാൻ കഴിയും. ഈ രണ്ടു സാധ്യതയും ഉപയോഗിക്കാൻ കഴിയണം. വൻകിട വ്യവസായങ്ങൾക്കൊപ്പം ചെറുകിട വ്യവസായങ്ങളും വലിയ തോതിൽ പ്രോത്സാഹിപ്പിക്കപ്പെടണം. ചെറുകിട വ്യവസായ മേഖലയ്ക്കു കേരളത്തിൽ വലിയ സാധ്യതയുണ്ടെന്ന തിരിച്ചറിവിൽനിന്നാണ് ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം മുന്നോട്ടുവച്ചുള്ള മുദ്രാവാക്യം ഉയർത്തിയിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ വ്യവസായ മേഖലയിൽ നിലനിന്നിരുന്ന അനാരോഗ്യ പ്രവണതകൾ പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞെന്നു മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും വ്യവസായം ആരംഭിക്കാൻ ആരെങ്കിലും മുന്നോട്ടുവന്നാൽ അവർ നാടിനു പറ്റാത്തവരാണെന്ന സമീപനം സ്വീകരിക്കുന്ന മനോഭാവം ഇല്ലാതാക്കാൻ കഴിഞ്ഞു. ഉദ്യോഗസ്ഥതലത്തിലെ കാലതാമസവും ഒഴിവാക്കി. സമയബന്ധിതമായി തീരുമാനങ്ങളെടുക്കണം. വ്യവസായങ്ങൾ ആരംഭിക്കുമ്പോൾ സ്ഥാപനത്തിന്റെ നിർമാണഘട്ടത്തിൽത്തന്നെ തങ്ങളുടെ ഇത്ര ആളുകൾക്ക് ജോലി വേണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇതും പൂർണമായി ഇല്ലാതായി. നോക്കുകൂലിയുടെ കാര്യത്തിലും നല്ല രീതിയിലുള്ള മാറ്റമുണ്ടാക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സർക്കാരിന്റെകാലത്തു സംസ്ഥാനത്ത് 69,138 ഇടത്തരം ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 6,448 കോടിയുടെ നിക്ഷേപം അതുവഴി വന്നു. 2,45,369 തൊഴിലുകൾ ഇതുവഴി നൽകാൻ കഴിഞ്ഞു. ഈ സർക്കാർ ഒരു വർഷംകൊണ്ട് 17,855 സംരംഭങ്ങൾ ആരംഭിച്ചു. 1,736 കോടിയുടെ നിക്ഷേപം ഇതിലൂടെയുണ്ടായി. 64,541 തൊഴിലുകൾ സൃഷ്ടിച്ചു. ഇത്തരത്തിൽ കഴിഞ്ഞ ആറു വർഷംകൊണ്ട് 86,993 സംരംഭങ്ങൾ, 8,184 കോടിയുടെ നിക്ഷേപം, 3,09,910 തൊഴിലുകൾ എന്നിവ സംസ്ഥാനത്തു കൊണ്ടുവരാൻ കഴിഞ്ഞു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ പുതിയ വ്യവസായങ്ങളും സംരംഭങ്ങളും ആകർഷിക്കുന്നതിനു നിയമസഭാ സാമാജികർ മുൻകൈയെടുക്കണം. ഇക്കാര്യത്തിൽ ആരോഗ്യകരമായ മത്സരമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംരംഭക വർഷം ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് പുതുതായി 36,969 വ്യവസായങ്ങൾ ആരംഭിക്കാൻ കഴിഞ്ഞതായി ചടങ്ങിൽ പങ്കെടുത്ത വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മൂന്നു മാസംകൊണ്ടാണ് ഈ ലക്ഷ്യപ്രാപ്തി നേടാൻ കഴിഞ്ഞത്. സംസ്ഥാനത്തേക്കു കൂടുതൽ വ്യവസായ നിക്ഷേപം ആകർഷിക്കാനുള്ള നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചുകഴിഞ്ഞതായും അദ്ദേഹം വിശദീകരിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടതില്ലെന്നും വിറ്റു കാശാക്കണമെന്നുമുള്ള ചിന്താഗതി രാജ്യത്തു വ്യാപകമായിക്കൊണ്ടിരിക്കെ പൊതുമേഖലയെ ഒപ്പം നിർത്തുന്ന നിലപാടു സ്വീകരിച്ച് കേരളം ബദൽ മാതൃക സൃഷ്ടിക്കുകയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ഓരോ നിയമസഭാ മണ്ഡലത്തിനുമായി വ്യവസായ വകുപ്പ് തയാറാക്കിയ കൈപ്പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. തൃത്താല മണ്ഡലത്തിന്റെ കൈപ്പുസ്തകം മുഖ്യമന്ത്രിയിൽനിന്നു നിയമസഭാ സ്പീക്കർ ഏറ്റുവാങ്ങി. ധർമടം മണ്ഡലത്തിന്റെ കൈപ്പുസ്തകം വ്യവസായ മന്ത്രിയിൽനിന്നു മുഖ്യമന്ത്രി ഏറ്റുവാങ്ങി. നിയമസഭയിലെ ശങ്കരൻ നാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബി്ല്ല, ഡയറക്ടർ എസ്. ഹരികിഷോർ തുടങ്ങിയവരും പ്രസംഗിച്ചു. മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ ശിൽപ്പശാലയിൽ പങ്കെടുത്തു.

കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഡിവൈഎഫ്‌ഐ നേതാവ് വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം.

രക്തസാക്ഷി ദിനാചാരണങ്ങള്‍ അമ്മമാരുടെയും വിധവകളുടെയും അനാഥരായ മക്കളുടെയും വേദനക്ക് പകരമാകുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടെയും അന്നം മുടക്കുകയാണ്. വാര്‍ഷിക അനുസ്മരണങ്ങള്‍ നടത്തി എതിരാളികളുടെ വൈരാഗ്യത്തിന് അഗ്‌നി പകരും. ഇതൊന്നും ഉറ്റവരുടെ കണ്ണുനീരിന് പകരമാകുന്നില്ല. കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പലപ്പോഴും പ്രോസിക്യൂഷന്‍ പരാജയപ്പെടുകയാണ്’- കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, വഞ്ചിയൂര്‍ വിഷ്ണു വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ 13 പ്രതികളെ ഇന്ന് ഹൈക്കോടതി വെറുതെ വിട്ടിരുന്നു. 2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നിലിട്ട് ആര്‍എസ്എസ് സംഘം വിഷ്ണുവിനെ വെട്ടിക്കൊന്നത്. 13 പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

ലണ്ടന്‍: രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പകരക്കാരനെ സെപ്റ്റംബര്‍ 5 ന് പ്രഖ്യാപിക്കുമെന്ന് ടോറി ലീഡര്‍ഷിപ്പ് ഇലക്ഷന്‍ അറിയിച്ചു. 1992 കമ്മിറ്റി ഓഫ് കണ്‍സര്‍വേറ്റീവ് ബാക്ക്ബെഞ്ച് എംപിമാരുടെ സംഘമാണ് തിരഞ്ഞെടുപ്പു നടപടികള്‍ നടത്തുക.

വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുന്‍ ബ്രിട്ടീഷ് ഇന്ത്യന്‍ മന്ത്രി ഋഷി സുനക് തുടങ്ങി 11 ഓളം പേര്‍ മത്സരപ്പട്ടികയിലുണ്ട്. നാമനിര്‍ദേശപത്രിക ചൊവ്വാഴ്ച വരെ സമര്‍പ്പിക്കാമെന്ന് കമ്മിറ്റി ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡി വ്യക്തമാക്കി. ആദ്യ ഘട്ട ബാലറ്റ് തിരഞ്ഞെടുപ്പ് ബുധനാഴ്ചയും രണ്ടാം ഘട്ടം വ്യാഴാഴ്ചയും നടക്കും. അവസാന ഘട്ടത്തില്‍ രണ്ട് സ്ഥാനാര്‍ത്ഥികളിലേക്ക് ചുരുങ്ങുകയും 2,00,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചരണം നടത്തും. ഒരു സ്ഥാനാര്‍ത്ഥി ഒരു വോട്ട് സമ്പ്രദായം എന്ന രീതിയിലാകും വിജയിയെ പ്രഖ്യാപിക്കുക. കൂടുതല്‍ വോട്ട് നേടി വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയെ ടോറി നേതാവായും യുകെയുടെ പുതിയ പ്രധാനമന്ത്രി ആയും പ്രഖ്യാപിക്കും.

അതേസമയം, കമ്മിറ്റി നിയമവ്യവസ്ഥകളില്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 ടോറി എംപിമാരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമെ നേതൃസ്ഥാനത്ത് എത്താനാവൂ. 30 വോട്ടുകള്‍ ലഭിച്ചാല്‍ മാത്രമാണ് തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനീകൂവെന്നും വ്യവസ്ഥയില്‍ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് നിരപരാധി എന്ന് സൂചിപ്പിക്കുന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റ് പുറത്ത്. 2021ലെ വാട്സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. 2021 മെയ് അഞ്ചു മുതൽ ജൂലൈ 1 വരെ, വിവിധ ദിവസങ്ങളിൽ ഇവർ വാട്സ്ആപ്പിലൂടെ സംസാരിച്ചിട്ടുള്ളതായി വാട്സ്ആപ്പ് ചാറ്റിൽ നിന്ന് വ്യക്തമാണ്.

ദിലീപും ശ്രീലേഖയും തമ്മിൽ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ചാറ്റിൽ നിന്നും മനസിലാക്കാൻ കഴിയുന്നു. ഫ്രീ ആയിരിക്കേേുമ്പാൾ വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ആദ്യം 2021 മെയ് 23 ന് മെസ്സേജ് അയച്ചിരിക്കുന്നത്. ദിലിപീനോട് സംസാരിക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തുന്ന മെസ്സേജ് ശ്രീലേഖ തിരിച്ചയിച്ചിട്ടുണ്ട്. സംസാരിക്കാൻ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായി എന്ന് ദിലീപ് ഇതിന് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിന്റെ ലിങ്കുകളാണ് ശ്രീലേഖ കൂടുതലായും ദിലീപിന് അയച്ചിട്ടുള്ളത്.

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്നു കരുതുന്നില്ലെന്നാണ് ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കിയെന്നും പ്രതി പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം പൊലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറഞ്ഞുിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ശ്രീലേഖ വെളിപ്പെടുത്തൽ നടത്തിയത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

പുറത്തുവന്ന വാട്ട്‌സ്ആപ്പ് ചാറ്റ്

ദിലീപ്: mam.. gdftn. hope you are fine.. am dilieep..actor cald you..when free plz give me a ring.

ശ്രീലേഖ: എന്റെ യുട്യൂബ് ചാനലാണ്. സമയം കിട്ടുമ്‌ബോൾ കണ്ട് നോക്കു.

it was nice talking to you.ദിലീപ്: ok… sure mam…

samsarikyan pattiyappo enikyum valya santhoshayi mam. god bless

01.07.2021
ശ്രീലേഖ: ഇതെന്റെ youtube ചാനൽ ആണ്. സമയം കിട്ടുമ്പോൾ കണ്ട് നോക്കൂplease share subscribe too. ഞാൻ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്.

ദിലീപ്: okk mam..

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിനു മുകളിൽ സ്ഥാപിച്ച ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത്. ആറര മീറ്റർ ഉയരവും 9500 കിലോ ഭാരവുമാണ് അശോക സ്തംഭത്തിനുള്ളത്. വെങ്കലം കൊണ്ടാണ് അശോക സ്തംഭം നിർമ്മിച്ചിട്ടുള്ളത്. ഇതിന് താഴെ 6500 കിലോ ഭാരമുള്ള ഉരുക്ക് ഘടനയും നിർമ്മിച്ചിട്ടുണ്ട്.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മധ്യത്തായുള്ള വിശ്രമ കേന്ദ്രത്തിന്റെ മുകളിലായാണ് ഇതു സ്ഥാപിച്ചിട്ടുള്ളത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂരയിൽ ദേശീയ ചിഹ്നം പതിപ്പിക്കുന്നതിനുള്ള രേഖാചിത്രവും മറ്റു പ്രക്രിയകളും ക്ലേ മോഡലിങ്/കമ്പ്യൂട്ടർ ഗ്രാഫിക്‌സ് മുതൽ വെങ്കലംകൊണ്ടു വാർക്കുന്നതും മിനുക്കുപണിയുംവരെയുള്ള എട്ടു വ്യത്യസ്തഘട്ടങ്ങളിലൂടെയാണു കടന്നുപോയത്.

അതേസമയം, പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ട തൊഴിലാളികളുമായി അനാച്ഛാദന ചടങ്ങിനിടെ പ്രധാനമന്ത്രി സംവദിച്ചു. ചടങ്ങിന് മുൻപായുള്ള പൂജാ കർമങ്ങളിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ലോക്‌സഭാ സ്പീക്കർ ഓം ബിർല, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവംശ്, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഹൈക്കോടതി വിധി അംഗീകരിച്ച് ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. സംവിധാനത്തിന്റെ നിയന്ത്രണത്തിലും തീര്‍ത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പൊലീസ് സഹായം തുടരും.

പ്രധാന തീരുമാനങ്ങള്‍

വിര്‍ച്വല്‍ ക്യൂവിന് ദേവസ്വം ബോര്‍ഡ് പ്രത്യേക സംവിധാനം ഒരുക്കും.

ഐടി വിഭാഗം ശക്തിപ്പെടുത്തും.

ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ പരിശീലനം പൊലീസ് നല്‍കും.

താല്‍ക്കാലിക സാങ്കേതിക സഹായവും നല്‍കും.

പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രവും സ്‌പോട്ട് ബുക്കിംഗ് കേന്ദ്രവും തുടരും.

ഉത്സവ സീസണുകളില്‍ 11 കേന്ദ്രങ്ങളില്‍ പൊലീസ് നടപ്പാക്കി വരുന്ന സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ ഇനി മുതല്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു നടത്തും.

അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനത്തിനും ഭീഷണികളുണ്ടായാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് പൊലീസിന്റെ നിയന്ത്രണം കൂടി ആവശ്യമുണ്ടെന്ന് യോഗം വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപന്‍ , ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ന്യൂഡല്‍ഹി: കാളി ഡോക്യുമെന്ററി വിവാദത്തില്‍ പരോക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കാളി രാജ്യത്തെ വിശ്വാസത്തിന്റെ കേന്ദ്രമാണ്. കാളിയുടെ അനുഗ്രഹം ബംഗാളില്‍ മാത്രമല്ല രാജ്യം മുഴുവനുമുണ്ട്. സ്വാമി വിവേകാനന്ദന്‍ കാളിയുടെ ആരാധകനായിരുന്നു’- പ്രധാനമന്ത്രി വിശദീകരിച്ചു.

അതേസമയം, കാളി വിവാദത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കും ലീന മണി മേഖലക്കുമെതിരെ എട്ടോളം കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബിജെപി ദില്ലി ഘടകവും മഹുവ മൊയ്ത്രക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. ലീന സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനെതിരെയും യുപിയില്‍ ബിജെപി പരാതി നല്‍കി.

ജൂലൈ രണ്ടിനാണ് കവിയും സംവിധായികയുമായ ലീന മണിമേഖല കാളി എ പെര്‍ഫോമന്‍സ് ഡോക്യുമെന്ററിയെന്ന പേരില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഡോക്യുമെന്ററിയില്‍ കാളിയുടെ വേഷമിട്ടത് ലീന തന്നെയാണ്. പുക വലിക്കുകയും എല്‍ജിബിടി അനുകൂല പതാക കൈയിലേന്തുകയും ചെയ്ത കാളിയുടെ ചിത്രമുള്ള പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് കാട്ടി വിവിധ ഹിന്ദു സംഘടനകളും നേതാക്കളും ഇതോടെ രംഗത്തെത്തി. യുപി ലക്‌നൗവിലെ ഹസറത്ഗംജ് പൊലീസാണ് ആദ്യം കേസെടുത്തത്. ലീന മണിമേഖലയെ ഒന്നാം പ്രതിയായും, അസോസിയേറ്റ് പ്രൊഡ്യൂസര്‍ ആശ, എഡിറ്റര്‍ ശ്രാവണ്‍ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് കേസെടുത്തത്. ദില്ലി പോലീസിന്റെ സൈബര്‍ വിഭാഗവും ലീനയ്‌ക്കെതിരെ കേസെടുത്തു.

തിരുവനന്തപുരം: കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ചെക്‌പോസ്റ്റുകള്‍വഴിയും കടല്‍വഴിയും വന്‍തോതില്‍ മായം കലര്‍ന്ന മീന്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രോളിങ് നിരോധനം മുതലെടുത്താണ് ഇത്. മീനിലെ മായം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ‘മത്സ്യ’യുടെ ഭാഗമായി ഇതുവരെ 17,283 കിലോഗ്രാം കേടായ മീന്‍ പിടികൂടി.

അതേസമയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. അമ്ബലപ്പുഴ, പുറക്കാട് മേഖലകളില്‍ വാഹനങ്ങളിലും കമ്മിഷന്‍ ഏജന്‍സികളിലുമായി നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ 60 കിലോഗ്രാം അയലയും, തിരുവനന്തപുരം ജില്ലയിലെ അമരവിള, പൂവാര്‍ ചെക്‌പോസ്റ്റുകളില്‍ നടത്തിയ പരിശോധനയില്‍ 70 കിലോഗ്രാം ചൂരയും പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ചെക്‌പോസ്റ്റ് വഴി എത്തിയ 15 വാഹനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിരുന്നു.

അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയവയാണ് ദിവസങ്ങളോളം മീനുകള്‍ കേടു കൂടാതെയിരിക്കാന്‍ ചേര്‍ക്കുന്നത്. അമോണിയ കൂടുതല്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഐസ് വേഗത്തില്‍ അലിയില്ല. അമോണിയയും ഫോര്‍മാലിനും മനുഷ്യശരീരത്തിലെത്തിയാല്‍ മാരക ആരോഗ്യപ്രശ്നങ്ങള്‍ക്കും രോഗങ്ങള്‍ക്കും കാരണമാവും.