ഗൂഢാലോചന കേസ്; ക്രൈം ബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി സ്വപ്ന സുരേഷ്

കൊച്ചി: ക്രൈം ബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഗൂഢാലോചന കേസിലാണ് സ്വപ്ന ചോദ്യം ചെയ്യലിനായി ഹാജരായത്. കെ ടി ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്നയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

രണ്ട് തവണ ക്രൈംബ്രാഞ്ച് കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയ്ക്ക് നോട്ടീസ് നൽകിയെങ്കിലും ചോദ്യം ചെയ്യലിനായി ഹാജരായിരുന്നില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ ചൂണ്ടിക്കാട്ടിയാണ് സ്വപ്‌ന ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനായി ഹാജരാകാതിരുന്നത്. അതേസമയം, ഗൂഢാലോചന കേസിൽ സ്വപ്ന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. ഇത് തള്ളിയാൽ സ്വപ്‌നയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

രഹസ്യമൊഴി പിൻവലിക്കാൻ ഇടപെട്ടു എന്ന് സ്വപ്ന ആരോപിച്ച ഷാജ് കിരൺ ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിയ്ക്ക് കൈമാറുമെന്ന് ഷാജ് കിരൺ വ്യക്തമാക്കി.