മോദിയുടെ സ്വന്തം ആബെ; ഇന്ത്യയുടെയും

ന്യൂഡല്‍ഹി: ഇന്ത്യയുമായും നരേന്ദ്ര മോദി സര്‍ക്കാരുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തിയ ആളായിരുന്നു ഷിന്‍സോ ആബെ. ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനായ ലോകനേതാവ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തന്നെ ആബെയുമായി സദൃഢമായ ബന്ധം കാത്തുസൂക്ഷിച്ച ആളായിരുന്നു മോദി. ഇരു നേതാക്കളും നിരവധി തവണ പരസ്പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

മഹത്തായ ഒരു രാജ്യത്തിന്റെ മികച്ച ഒരു നേതാവ് എന്നാണ് ആബെയെ മോദി വിശേഷിപ്പിച്ചിരുന്നത്. പലപ്പോഴും ലോക വേദികളിലടക്കം ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി ഷിന്‍സോ ആബെ രംഗത്തുണ്ടായിരുന്നു. ഒരു ഔദ്യോഗിക ബന്ധം എന്നതിലുപരി മോദിയും ആബെയും വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം ജപ്പാനില്‍ നിന്ന് ലഭിക്കുന്നത് ആബെ പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനായി നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി ഷിന്‍സോ ആബെക്ക് 2021-ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ഇന്ത്യന്‍ റിപ്പബ്ലിക് പരേഡില്‍ ആദ്യമായി പങ്കെടുത്ത ജപ്പാന്‍ പ്രധാനമന്ത്രിയാണ് ഇദ്ദേഹം. 2017ലായിരുന്നു ആബെ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. ഏറ്റവും കൂടുതല്‍ തവണ ഇന്ത്യ സന്ദര്‍ശിച്ച ജപ്പാന്‍ പ്രധാനമന്ത്രി എന്ന സ്ഥാനവും ആബെക്ക് സ്വന്തം.