മഴ കനക്കുന്നു; ഇടുക്കിയിൽ മലയോര മേഖലകളിലുള്ള രാത്രികാല യാത്ര നിരോധിച്ചു

ഇടുക്കി: ഓൾഡ് മൂന്നാർ ദേവികുളം റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽ മൂലം വാഹന ഗതാഗതം സാധ്യമല്ലാത്ത സാഹചര്യം ഉള്ളതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അടിമാലിയിൽ നിന്നും ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അടിമാലി-ഇരുട്ടുകാനം-ആനച്ചാൽ-കുഞ്ചിത്തണ്ണി രാജാക്കാട്-പൂപ്പാറ വഴിയും ബോഡിമെട്ടിൽ നിന്നും തിരികെ വരുന്ന വാഹനങ്ങൾ പൂപ്പാറ രാജാക്കാട് – കുഞ്ചിത്തണ്ണി ആനച്ചാൽ വഴിയും വഴി തിരിച്ചു വിടാൻ മൂന്നാർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന് നിർദേശം നൽകി.

ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലുള്ള രാത്രികാല യാത്ര (രാത്രി എട്ടു മുതൽ രാവിലെ ആറ് വരെ) അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ നിരോധിച്ചിരിക്കുകയാണ്.

പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ സിവിൽ ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം. ഫയർ ആൻഡ് റസ്‌ക്യു, സിവിൽ സപ്ലൈസ്, കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവ ഉൾപ്പെടെയുള്ള അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കും.

അതേസമയം, ഇടുക്കി ജില്ലയിലെ എല്ലാവിധ ഓഫ് റോഡ് ട്രക്കിംങ്ങ്, എല്ലാവിധ ഖനന പ്രവർത്തനങ്ങൾ, ജലാശയങ്ങളിലുള്ള മത്സ്യബന്ധനങ്ങൾ, വിനോദ സഞ്ചാരത്തോടനുബന്ധിച്ചുള്ള സ്വകാര്യ ബോട്ടുകൾ ഉൾപ്പെടെയുള്ള എല്ലാവിധ ബോട്ടിംങ്ങ് എന്നിവ താൽക്കാലികമായി നിരോധിച്ചു. കാലവർഷം ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇൻറർവ്യൂകൾക്ക് എന്നിവയ്ക്ക് മാറ്റമില്ല