Highlights (Page 105)

കോഴിക്കോട്: കേരളം അന്താരാഷ്ട്ര വിപണിയിലേക്ക് ലഹരി കടത്താനുള്ള സുരക്ഷിത കൈമാറ്റ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആർ എസ് എസ്. തീര-മലയോര മേഖലയും വിമാനത്താവളങ്ങളും ലഹരിക്കടത്തിന്റെ ഇടനാഴികളാണെന്ന് ആർഎസ്എസ് വ്യക്തമാക്കി. ഇവിടെ വരുന്ന വൻതോതിലുള്ള ലഹരി വസ്തുക്കൾ മാലിദ്വീപ്, ശ്രീലങ്ക വഴി അന്താരാഷ്ട്ര വിപണിയിലേക്ക് കടത്തുകയാണെന്നും മെട്രോ നഗരമായ കൊച്ചി മയക്കുമരുന്നിന്റെ ഹബ് ആയി മാറിയിരിക്കുകയാണെന്നും ആർ എസ് എസ് പ്രാന്ത കാര്യകാരി മണ്ഡൽ യോഗം വ്യക്തമാക്കി.

2021 ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നാലിലൊന്നും എറണാകുളത്ത് മാത്രമാണ്. മറ്റു ജില്ലകളിലും സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം ലഹരി മാഫിയയുടെ പിടിയിലമരുന്നുവെന്ന് ആർഎസ്എസ് ചൂണ്ടിക്കാട്ടി.

ലഹരിക്ക് അടിമകളാകുന്ന കുട്ടികളെ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരകളാക്കുന്നു. ഇവരിൽ മിക്കപേരും പിന്നീട് ലഹരിക്കടത്തിന്റെ കണ്ണികളായി മാറുകയും ചെയ്യുന്നു. കേരളത്തെ ഈ ലഹരിവിപത്തിൽനിന്ന് മോചിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത വഴിപിഴച്ച പേരന്റിങ് രീതി തിരുത്തണം. കുട്ടികളെ നേർവഴിക്കു നടത്തേണ്ടുന്നതിന്റെ കാര്യത്തിൽ രക്ഷാകർതൃസമൂഹവും അദ്ധ്യാപകരും ജാഗ്രത പുലർത്തണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു. പിറന്നാൾ, വിവാഹം തുടങ്ങിയ കുടുംബ ആഘോഷങ്ങളിൽ ലഹരിയുടെ ഉപയോഗം കടന്നുവരുന്നത് തടയണം. സിനിമകളിലൂടെയും സാഹിത്യത്തിലൂടെയും തന്റേടത്തിന്റെ അടയാളമായി ലഹരി ഉപയോഗിക്കുന്നതിനെ അവതരിപ്പിക്കുന്ന പ്രവണതകളുടെ അർത്ഥശൂന്യത പുതിയ തലമുറയെ ബോദ്ധ്യപ്പെടുത്തണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു.

അരാജകവാദത്തെ പുരോഗമനത്തിന്റെ മുദ്രാവാക്യമാക്കി മാറ്റുന്ന ഒരുവിഭാഗം സാംസ്‌കാരിക നായകരുടെയും അദ്ധ്യാപകരുടെയും അർബൻ നക്സലുകളുടെയും കാപട്യത്തെ തുറന്നു കാണിക്കേണ്ടതുണ്ട്. കേരളത്തെ സമ്പൂർണ നാശത്തിലേക്കു നയിക്കുന്ന ലഹരിയുടെ വ്യാപകവും ആസൂത്രിതവുമായ വ്യാപനത്തിനെതിരെ ജാഗ്രത വേണമെന്ന് ആർ എസ് എസ് പ്രാന്ത കാര്യകാരി മണ്ഡൽ വ്യക്തമാക്കി.

വിദ്യാർത്ഥീ വിദ്യാർത്ഥിനികളും വിദ്യാസമ്പന്നരായ യുവതീയുവാക്കളും ഈ വിപത്തിന്റെ ഇരകളാവുകയാണ്. സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയും സാംസ്‌കാരിക ജീവിതത്തെ ശിഥിലമാക്കുകയും ചെയ്യുന്നതിന് ലഹരിക്കടത്ത് ആയുധമാക്കുന്ന ശക്തികൾ കേരളത്തിൽ സജീവമാണ്. വൻ ചൂതാട്ട സംഘങ്ങളും അന്താരാഷ്ട്ര ബന്ധമുള്ള മാഫിയ, ഭീകരവാദ ഗ്രൂപ്പുകളും ഇതിനു പിന്നിലുണ്ടെന്ന് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജോലി നേടുക മാത്രമാണെന്ന വികലധാരണയും സ്വാതന്ത്ര്യമെന്നത് ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ള അവസ്ഥയാണെന്ന ചിന്തയും ഈ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നു. കേരളത്തിൽ ശക്തമായി വേരോടിയിട്ടുള്ള ഭീകരവാദ പ്രവർത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സായി ലഹരി വ്യാപാരത്തെ മാറ്റുന്നു. ഭീകര ശക്തികൾക്ക് പങ്കുള്ള ലഹരിക്കടത്തിനെ രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി ഭരണകൂടം നടപടികൾ എടുക്കാതിരിക്കുന്നുവോ എന്ന സംശയവും ഉയരുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.

നവോത്ഥാന നായകർ സൃഷ്ടിച്ച ലഹരിമുക്ത കേരളത്തെ വീണ്ടെടുക്കാനുള്ള യജ്ഞത്തിൽ എല്ലാ സജ്ജനങ്ങളും സാമുദായിക – മത-സാംസ്‌കാരിക സംഘടനകളും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും യുവജന സംഘടനകളും ഭാഗഭാക്കാകണം. ലഹരിമുക്ത കേരളത്തെ സൃഷ്ടിച്ച്, രാജ്യത്തിന്റെ അഭിമാന കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള ഉത്തരവാദിത്തം എല്ലാ ഔദ്യോഗിക സ്ഥാപനങ്ങൾക്കും ഉണ്ടെന്ന കാര്യം എല്ലാ ഭരണാധികാരികളും ഓർമ്മിക്കണമെന്നും ആർഎസ്എസ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി തള്ളി ലോകായുക്ത. കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ഡോ ആർ ചന്ദ്ര ബാബുവിനെ നിയമിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത പരാതിയാണ് ലോകായുക്ത തള്ളിയത്. തൃശൂർ താന്നിക്കുടം സ്വദേശി ശ്രീ വി.എസ്. സത്യശീലനാണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്.

ഡോ ആർ ചന്ദ്ര ബാബുവിനെക്കാൾ യോഗ്യരായ 20 അപേക്ഷകർ ഉണ്ടായിരുന്നുവെന്നും ഡോ ആർ ചന്ദ്ര ബാബു അപേക്ഷയോടൊപ്പം നൽകിയ തന്റെ ബയോഡാറ്റയിൽ തെറ്റായ വസ്തുതകൾ ഉൾപ്പെടുത്തിയിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സത്യശീലൻ പരാതി നൽകിയത്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് സമർത്ഥിക്കുവാൻ ഉതകുന്ന ഒരു തെളിവും പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റീസ് ഹാറുൺ ഉൾ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

യു ജി സി മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഡോ ആർ ചന്ദ്ര ബാബുവിനെ വൈസ് ചാൻസലർ ആയി നിയമിച്ചത് എന്ന് തെളിയിക്കുവാൻ സാധിച്ചിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കൊച്ചി: സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹർജിയിൽ അമിക്കസ് ക്യൂരിയെ നിയോഗിച്ച് ഹൈക്കോടതി. രഹസ്യമൊഴി പൊതുരേഖയാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ഈ നിയമപ്രശ്‌നത്തിൽ കോടതിയെ സഹായിക്കുന്നതിനാണ് അമിക്കസ് ക്യൂരിയെ നിയോഗിച്ചത്. അഡ്വ. ധീരേന്ദ്ര കൃഷ്ണനെയാണ് അമിക്കസ് ക്യൂരിയായി നിയമിച്ചത്.

സ്വപ്നയുടെ രഹസ്യമൊഴിയിൽ തനിക്കെതിരെ പരാമർശമുണ്ടെന്നറിഞ്ഞെന്നും അതിനാൽത്തന്നെ മൊഴിയുടെ പകർപ്പ് കിട്ടാൻ അവകാശമുണ്ടെന്നുമാണ് സരിത കോടതിയെ അറിയിച്ചത്. ജൂലൈ 11 ന് ഹർജി കോടതി വീണ്ടും പരിഗണിക്കും. അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

പാലക്കാടും തിരുവനന്തപുരത്തും പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചിരിക്കുന്ന ആവശ്യം. തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ഹൈക്കോടതി സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാലാം തവണയാണ് സ്വപ്ന ഇഡിയ്ക്ക് മുന്നിൽ ഹാജരായത്. കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങിയത്.

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാൻ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രി തെന്നിമാറുകയാണ്. ഇത് മടിയിൽ കനമുള്ളതുകൊണ്ടാണോയെന്ന് അദ്ദേഹം ചോദിക്കുന്നു.

സ്വർണ്ണക്കടത്ത്, കറൻസികടത്ത് തുടങ്ങിയവയിൽ ഹൈക്കോടതി മേൽ നോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. അതിനോട് മുഖ്യമന്ത്രി മുഖം തിരിക്കുകയാണ്. സ്വപ്നയുടെ രഹസ്യമൊഴി കളവെങ്കിൽ നിയമ നടപടി സ്വീകരിക്കാത്തത് എന്തെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി പറയാൻ തയ്യാറാകാത്തത് ദുരൂഹത വർധിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ ബാഗേജ് കാണാതായ സംഭവുമായി ബന്ധപ്പെട്ട പരസ്പരവിരുദ്ധ കാര്യങ്ങളാണ് ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വപ്നയെ സംരക്ഷിക്കുന്നത് ആർഎസ്എസ് ആണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ എന്തുകൊണ്ട് അവരുടെ രഹസ്യമൊഴിയെ കോടതിയിൽ ചോദ്യം ചെയ്യുന്നില്ലെന്നും മറ്റുനിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും വിശദീകരിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടാൽ പോലും കേസെടുക്കുന്ന ഈ സർക്കാരിന്റെ കാലത്ത് ഗുരുതര സ്വഭാവമുള്ള രഹസ്യമൊഴി നൽകിയിട്ടും നിയമ നടപടി സ്വീകരിക്കാത്തത് വിചിത്രമാണെന്നും അദ്ദേഹം വിമർശിച്ചു.

ബാഗേജ് മറന്നു പോയിട്ടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞപ്പോൾ കസ്റ്റംസിന് നൽകിയ എം.ശിവശങ്കറിന്റെതായി പുറത്ത് വന്ന മൊഴിയിൽ പറയുന്നത് അതിഥികൾക്കുള്ള ആറന്മുള കണ്ണാടി ഉൾപ്പെടെയുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗേജ് വിട്ടു പോയപ്പോൾ കോൺസുൽ ജനറലിന്റെ സഹായത്തോടെ എത്തിച്ചുയെന്നാണ്.എന്നാൽ ഈ വിഷയത്തിൽ സ്വപ്ന പറഞ്ഞതാകട്ടെ കോൺസ്ലേറ്റ് ജനറലിന്റെ സഹായത്തോടെ എത്തിച്ച ബാഗിൽ നിറയെ കറൻസിയായിരുന്നുവെന്നുമാണ്. ഇതിൽ ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും സുധാകരൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകള്‍ 1000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

‘സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി ഉയരുന്നെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല. ആശുപത്രികളിലും ഐസിയുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. 27,991 ആക്ടീവ് കേസുകളുണ്ടായിരുന്നതില്‍ 1285 പേര്‍ ആശുപത്രികളിലും 239 പേര്‍ ഐസിയുവിലും 42 വെന്റിലേറ്ററുകളിലും ചികിത്സയിലുള്ളത്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്‌സിന്‍ എടുക്കാത്തവരിലുമാണ് കൂടുതലും രോഗം ഗുരുതരമാകുന്നത്. അതിനാല്‍ തന്നെ അവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാ കാലവും അടച്ചിടല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. ആരില്‍ നിന്നും ആരിലേക്കും കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വ്യക്തിപരമായ ശ്രദ്ധ ഏറെ പ്രധാനമാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈ വൃത്തിയാക്കണം. കൈ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്. ആദ്യ ഡോസും രണ്ടാം ഡോസും കരുതല്‍ ഡോസും എടുക്കാനുള്ള എല്ലാവരും വാക്‌സിന്‍ എടുക്കണം’- മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളെയും ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായി മാസ്‌ക് ധരിപ്പിച്ച് മാത്രം സ്‌കൂളില്‍ വിടുക. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുക. കുട്ടികളില്‍ നിന്നും പ്രായമുള്ളവരിലേക്കും മറ്റസുഖമുള്ളവരിലേക്കും കോവിഡ് ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളുകളില്‍ വിടരുത്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. രോഗലക്ഷണങ്ങളുള്ളവര്‍ കോവിഡ് പരിശോധന നടത്തുകയും വിശ്രമിക്കുകയും വേണം. പ്രായമായവര്‍, മറ്റനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് വിദഗ്ധ ചികിത്സ ഉപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: സ്‌കൂളുകളിലെ ശുചിത്വ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സ്വച്ഛ് വിദ്യാലയ പുരസ്‌കാരത്തിന് അർഹമായ സ്‌കൂളുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്ത് തിരുവനന്തപുരം ജില്ലാ കളക്ടർ നവ്‌ജ്യോത് സിംഗ് ഖോസ. അർബൻ വിഭാഗത്തിൽ ആർമി പബ്ലിക് സ്‌കൂളും, പാപ്പനംകോടും എച്.എസ് എൽ.പി.എസും പുരസ്‌കാരം നേടി. അയിരൂർ എം.ജി.എം മോഡൽ സ്‌കൂൾ, വിളപ്പിൽശാല ഗവൺമെന്റ് യു.പി.എസ്, പടനിലം ഗവൺമെന്റ് എൽ.പി.എസ്, മടത്തുവാതുക്കൽ ഗവൺമെന്റ് എൽ.പി.എസ് എന്നീ വിദ്യാലയങ്ങൾക്കാണ് റൂറൽ വിഭാഗത്തിലെ പുരസ്‌കാരം. ഇതിൽ ആർമി പബ്ലിക് സ്‌കൂൾ, അയിരൂർ എം.ജി.എം മോഡൽ സ്‌കൂൾ എന്നിവ ഫൈവ് സ്റ്റാർ റേറ്റിംഗും ബാക്കിയുള്ളവ ഫോർ സ്റ്റാർ റേറ്റിംഗും നേടി.

ക്ലാസ് മുറികളിലെയും പരിസരങ്ങളുടെയും ശുചിത്വം, കുട്ടികൾക്കുള്ള ശുചിമുറി, കുടിവെള്ള സംവിധാനം, കുട്ടികളിലെ കോവിഡ് പ്രതിരോധം, മാസ്‌ക് ഉപയോഗം, ഹാൻഡ് വാഷ് തുടങ്ങിയ 68 ഇനങ്ങൾ പരിശോധിച്ചാണ് സ്‌കൂളുകൾക്ക് പുരസ്‌കാരം നൽകുന്നത്.

ജില്ലയിൽ 112 സ്‌കൂളുകളാണ് പുരസ്‌കാരത്തിന് അപേക്ഷിച്ചത്. ഇതിൽ 75 ശതമാനത്തിന് മുകളിൽ പോയിന്റ് നേടി ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയ ആറ് സ്‌കൂളുകളെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. കളക്ടറേറ്റ് ചേംബറിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എസ്, അവാർഡിന് അർഹരായ സ്‌കൂൾ പ്രതിനിധികൾ, വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ച് ശശി തരൂർ എംപി. 2019 ൽ കേന്ദ്ര റെയിൽവേ മന്ത്രി തറക്കല്ലിട്ട നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ടാണ് ശശി തരൂർ മന്ത്രിയ്ക്ക് കത്തയച്ചത്.

2011-12 റെയിൽവേ ബഡ്ജറ്റിലാണ് കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. റെയിൽവേ ബോർഡ് ഒരു വിശദീകരണവും ഇല്ലാതെയാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് തരൂർ വ്യക്തമാക്കുന്നത്. പദ്ധതിയുടെ പുരോഗതിയെ കുറിച്ച് പല തവണ ചോദിച്ചപ്പോഴും കൃത്യമായ മറുപടി മന്ത്രി തന്നിരുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ഇപ്പൊൾ റെയിൽവേ ബോർഡ് രാജ്യസഭാ സെക്രട്ടേറിയറ്റിനു നൽകിയ മറുപടിയിൽ ഈ ഡിപിആർ പ്രായോഗികമല്ലെന്ന് കാട്ടി ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

2019-ൽ ആണ് ഏകദേശം 117 കോടി രൂപയുടെ ഡിപിആർ ദക്ഷിണ റെയിൽവേ അധികൃതർ റെയിൽവേ ബോർഡിന്റെ അനുമതിക്കായി സമർപ്പിച്ചത്.

മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ അഥിതികള്‍ക്കുള്ള ഉപഹാരമടങ്ങിയ ബാഗ് പിന്നീട്‌ എത്തിച്ചിരുന്നെന്നും, കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയാണ് ബാഗ് എത്തിച്ചതെന്നുമുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴി പുറത്ത്. എന്നാല്‍, തന്റെ ബാഗേജ് മറന്നിട്ടില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.

സ്വര്‍ണക്കള്ളക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്ത 2020 ജൂലൈ അഞ്ചിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ മുന്നോട്ട് വരുന്നത്. ഇതില്‍ ശിവശങ്കര്‍ നല്‍കിയ മൊഴിയാണ് പുറത്തു വന്നത്. യുഎഇ സന്ദര്‍ശന വേളയില്‍ ചില ബാഗേജുകള്‍ അവിടെ വച്ച് മറന്നു പോയി. അത് കോണ്‍സുലേറ്റിന്റെ സഹായത്തോടെ മടക്കിയെത്തിച്ചുവെന്ന മൊഴിയാണ് കസ്റ്റംസിന് നല്‍കിയിരിക്കുന്നത്. മൂന്നു ബാഗേജുകള്‍ മറുന്നുവച്ചുവെന്നായിരുന്നു മൊഴി.

അതേസമയം, നിയമസഭയില്‍ സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നാലെയാണിത്. ഇന്ന് ഉച്ചയ്ക്ക് 1 മണിക്കാണ് അടിയന്തര പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച.

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എംഎ ബേബി. തീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതിനെക്കുറിച്ച് പ്രതികരിക്കാത്തതിലാണ് അദ്ദേഹം രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ചത്.

അചഞ്ചലയായ മനുഷ്യാവകാശപ്പോരാളിയായ തീസ്ത സെതൽവാദിനെയും ഗുജറാത്തിലെ മുൻ എഡിജിപി ആയിരുന്ന ആർ ബി ശ്രീകുമാർ ഐപിഎസിനെയും ഗുജറാത്ത് പോലീസ് അറസ്റ്റുചെയ്തകാര്യം താങ്കൾ അറിഞ്ഞുകാണുമല്ലോ. 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയിൽ അഹമ്മദാബാദിലെ ഗുൽബർഗ ഹൗസിങ് സൊസൈറ്റിയിൽ തീവെച്ചു കൊല്ലപ്പെട്ടത് താങ്കളുടെ പാർടിയുടെ പാർലമെന്റ് അംഗം ആയിരുന്ന ഇഹ്‌സാൻ ജാഫ്രി അടക്കമുള്ള ആളുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എസ് എഫ് ഐ ക്കാരോട് കണക്കുചോദിക്കാൻ മുന്നുദിവസത്തേക്ക് വയനാട്ടിലേക്കുവരുന്ന കോൺഗ്രസിൻറെ ഹൈക്കമാൻഡ്, രാഹുൽ ഗാന്ധിയോട് ഒരു ചോദ്യം എന്ന വരിയോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.

മുസ്ലിങ്ങളെ തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുന്നത് കണ്ട് മുൻ എംപി ആയ ഇഹ്‌സാൻ ജാഫ്രിയുടെ വീട്ടിൽ അഭയം പ്രാപിച്ച 69 പേരെയാണ് തീവെച്ചും വെട്ടിയും കൊന്നത്. സഹായത്തിനു വേണ്ടി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ളവരെ ഇഹ്‌സാൻ ജാഫ്രി വിളിച്ചു. ആരും സഹായിച്ചില്ല. ഭരണകൂടം അക്രമികളെ സഹായിച്ചു എന്ന് അന്ന് ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ ആർ നാരായണൻ നാനാവതി കമ്മീഷന് കത്തെഴുതി. ഇക്കാര്യത്തിൽ നീതിക്കായി താങ്കളുടെ പാർടി ഒന്നും ചെയ്തില്ല. യുപിഎ 2 സർക്കാരിന് ഇക്കാര്യത്തിൽ നിയമനടപടി എടുക്കാമായിരുന്നു. ചെയ്തില്ല. കോൺഗ്രസുകാരനായ ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി ഇക്കാര്യത്തിൽ സുപ്രീം കോടതി വരെ കേസ് നടത്തി. ഈ കേസിലെ വിവാദപരമായ വിധി കാണിച്ച്, തീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും പ്രതിയാക്കി കേസ് എടുത്തു. തീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവായിരുന്ന ഇഹ്‌സാൻ ജാഫ്രിയുടെ കൊലയ്ക്ക് നീതി തേടി കോടതിയിൽ പോരാടിയവരെ അറസ്റ്റ് ചെയ്തപ്പോൾ അവരെ അപമാനിച്ചു കൊണ്ട്, താങ്കളുടെ പാർടിയുടെ വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞത് ഇങ്ങനെയാണ്, ‘ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെക്കുറിച്ച് അറിയുകയുണ്ടായി. 2002ന് തൊട്ടുപിന്നാലെയുള്ള വർഷങ്ങളിൽ നടന്ന വ്യാജരേഖ ചമയ്ക്കൽ, കെട്ടിച്ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് അറസ്റ്റ് ഉണ്ടായതെന്ന് മനസ്സിലാക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഇതുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ ഇക്കാര്യത്തിൽ കേസിന്റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയാൻ കോൺഗ്രസിനു സാധിക്കില്ല.’

ഇഹ്‌സാൻ ജാഫ്രിയുടെ കേസിൽ നീതിക്കായി പോരാടിയ തീസ്തയെ സംഘപരിവാറിനൊപ്പം ചേർന്നുനിന്ന് അപമാനിക്കുകയാണ് കോൺഗ്രസ്. താങ്കളാണെങ്കിൽ ഇക്കാര്യത്തിൽ മിണ്ടുകയില്ല എന്ന വാശിയിലും. കോൺഗ്രസ് പാർലമെന്റ് അംഗം ആയിരുന്ന ആളാണെങ്കിലും മുസ്ലിം ആയതിനാൽ ഇഹ്‌സാൻ ജാഫ്രിയുടെ ജീവന് നീതി ചോദിക്കില്ല എന്നുവാശിയുള്ള താങ്കളുടെ ഹിന്ദുത്വ പ്രീണനം കഴിഞ്ഞ് എന്ത് മതേതരത്വത്തെക്കുറിച്ചാണ് താങ്കൾ സംസാരിക്കുന്നതെന്ന് എംഎ ബേബി ചോദിച്ചു. ആർഎസ്എസിന്റെയും മോദിയുടെയും ഹിന്ദു രാഷ്ട്രത്തിനുപകരം ഹിന്ദു രാജ്യം വരണം എന്നാണല്ലോ താങ്കളുടെ ആഗ്രഹം. അപ്പോൾ ഈ കാലത്ത് എസ്എഫ്‌ഐക്കാരോട് കണക്ക് ചോദിക്കുക മുൻഗണനയിൽ വരിക സ്വാഭാവികമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് വ്യക്തമാക്കി.

‘ജീവനക്കാരുടെ ഉള്‍പ്പെടെ പാസ് പരിശോധിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. അവര്‍ പരിശോധന കര്‍ക്കശമാക്കിയതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചില ബുദ്ധിമുട്ടുകളുണ്ടാക്കിയത്. ആ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പരിഹരിക്കാന്‍ ഇടപെട്ടു. രാവിലെ താത്കാലത്തേക്ക് ഉണ്ടായ ആ ബുദ്ധിമുട്ടിനെ മാധ്യമവിലക്കെന്ന് ചിത്രീകരിച്ചത് കടന്നുപോയി. മന്ത്രിമാരുടെയും സ്പീക്കറുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളില്‍ പോകാന്‍ പാസുള്ള ഒരു മാധ്യമപ്രവര്‍ത്തകനും തടസമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാസുള്ള എല്ലാ മാധ്യമപ്രവര്‍ത്തകരെയും നിയമസഭയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ എവിടെയെല്ലാം പോകാന്‍ സ്വാതന്ത്ര്യമുണ്ടോ അതുണ്ടായിരിക്കും. ക്യാമറ ക്രൂവിന് മീഡിയ റൂം വരെ പ്രവേശിപ്പിക്കൂ. അത് ഇന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണമല്ല. പാസ് ഇന്ന് കര്‍ശനമായി ചോദിച്ചുട്ടുണ്ടാകും. മുഖപരിചയം ഉണ്ടെങ്കില്‍ പാസ് ചോദിക്കാതെ വിടുന്ന പതിവുണ്ട്. കര്‍ശനമായി ചോദിച്ചതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടായി കാണും. പാസ് ചോദിക്കാന്‍ പാടില്ലെന്ന ശാഠ്യം വേണ്ട, പാസ് ചോദിക്കും. മാധ്യമ വിലക്ക് എന്ന് പറഞ്ഞ് ആര്‍ക്കെങ്കിലും പാസ് അനുവാദിക്കാതിരുന്നിട്ടുണ്ടോ? മാധ്യമപ്രവര്‍ത്തകരുടെ പാസ് പുതുക്കാനുള്ള എല്ലാ അപേക്ഷയും പുതുക്കി നല്‍കിയിട്ടുണ്ട്. ചിലര്‍ പുതുക്കാന്‍ അപേക്ഷിച്ചിട്ടില്ല. തത്കാലം പഴയ പാസാണെങ്കിലും പ്രവേശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു എന്നിട്ടാണ് മാധ്യമവിലക്കെന്ന് വാര്‍ത്ത നല്‍കിയത്’- അദ്ദേഹം ചൂണ്ടിക്കാട്ടി.