ഇന്ത്യന്‍ വിപണിയില്‍ 10,000 കോടി രൂപയുടെ ടെലിവിഷന്‍ വില്‍പ്പന; പുതിയ ലക്ഷ്യവുമായി സാംസങ്

ഇന്ത്യൻ വിപണിയിൽ 10,000 കോടി രൂപയുടെ ടെലിവിഷൻ വിൽപ്പന ലക്ഷ്യമിട്ട് ഇലക്ട്രോണിക്‌സ് ബ്രാൻഡായ സാംസങ്. എഐ ടിവികൾ വിപണിയിലെത്തിക്കുന്നതിലൂടെയാണ് കമ്പനി 10,000 കോടി രൂപയുടെ ടെലവിഷൻ വിൽപ്പന ലക്ഷ്യമിടുന്നത്. ഓംഡിയയുടെ റിപ്പോർട്ടുകൾ പ്രകാരം 2023-ൽ 21 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷൻ ബ്രാൻഡ് സാംസങ് ആണ്. കഴിഞ്ഞ 5 വർഷങ്ങളായി ഇന്ത്യയിലെ മുൻനിര ടിവി ബ്രാൻഡ് തങ്ങളാണെന്നാണ് സാംസങിന്റെ അവകാശവാദം.

8കെ നിയോ ക്യുഎൽഇഡി, 4കെ നിയോ ക്യുഎൽഇഡി, ഒഎൽഇഡി ടെലിവിഷനുകൾ അവതരിപ്പിച്ചതിലൂടെ ഈ വർഷം ഇന്ത്യൻ വിപണയിൽ മുന്നേറാൻ സാധിക്കുമെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്. എഐ പിക്ചർ ടെക്‌നോളജി, എഐ അപ്സ്‌കെയിലിംഗ് പ്രൊ, എഐ മോഷൻ എൻഹാൻസർ പ്രൊ തുടങ്ങിയ എഐ ഫീച്ചറുകൾ സാംസങ്ങിന്റെ പുതിയ ടെലിവിഷൻ സീരീസുകളിൽ ലഭിക്കുന്നുണ്ട്.

യഥാർത്ഥമെന്ന് തോന്നിക്കും വിധമുള്ള പിക്ചർ ക്വാളിറ്റിയും പ്രീമിയം ഓഡിയോ ഫീച്ചറോടുംകൂടിയ ഞങ്ങളുടെ നിയോ ക്യുഎൽഇഡി 8കെ എഐ ടെലിവിഷനുകൾ സമാനതകളില്ലാത്ത കാഴ്ചാനുഭവമാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതെന്നും സാംസങ് കൂട്ടിച്ചേർത്തു.