500 ഏക്കറില്‍ പരസ്പരം ബന്ധിപ്പിച്ച വീടുകള്‍; കടലില്‍ ഒഴുകുന്ന നഗരം നിര്‍മ്മിക്കാനൊരുങ്ങി മാലിദ്വീപ്‌

കടലില്‍ ഒഴുകി നടക്കുന്ന നഗരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി മാലിദ്വീപ്. ലോകത്തെ ഏറ്റവും താഴ്ന്ന രാജ്യമായ മാലിദ്വീപ് തങ്ങള്‍ നേരിടുന്ന ഭീഷണിക്ക് ഒരു സുസ്ഥിര പരിഹാരം കാണുകയാണ്. ഹോളണ്ടിന്റെ സഹായത്തോടെയാണ് 5000 വീടുകള്‍ ഉള്ള ഒഴുകുന്ന നഗരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 5000 വീടുകളും ഒരു ചങ്ങലക്കണ്ണിയിലെന്ന പോലെ പരസ്പരം ബന്ധിപ്പിച്ചായിരിക്കും നിര്‍മ്മിക്കുക.

ഇവിടെ വരുന്ന സന്ദര്‍ശകര്‍ക്ക് മാലിദ്വീപിന്റെ തലസ്ഥാനമായ മാലിയില്‍ നിന്നും പത്ത് മിനിറ്റ് നേരം ബോട്ടില്‍ യാത്ര ചെയ്തു വേണം എത്താന്‍. വീടുകള്‍ക്ക് പുറമെ ഈ നഗരത്തില്‍ ഹോട്ടലുകളൂം ഷോപ്പുകളും റെസ്റ്റോറന്റുകളുമൊക്കെ ഉണ്ടാകും. നടന്നും സൈക്കിളിലും യാത്രചെയാനാകും. ഇലക്ട്രിക് സ്‌കൂട്ടറുകളും അനുവദനീയമായിരിക്കും. ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും ഈ പുതിയ ദ്വീപില്‍ പ്രവേശിക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം കനാലുകള്‍ ആയിരിക്കും. 1192 മുത്തുച്ചിപ്പി ദ്വീപുകളാണ് മാലിദ്വീപിനുള്ളത്. 26 അറ്റോളുകളായി രണ്ട് ശൃംഖലയില്‍ ഇവയെ വിഭജിച്ചിരിക്കുന്നു. പ്രകൃതിയുടെ ആവാസ വ്യവസ്ഥയ്ക്ക് പ്രശ്‌നം വരാത്ത വിധത്തിലായിരിക്കും ഒഴുകുന്ന നഗരം നിര്‍മ്മിക്കുക.

പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്ന ആശയത്തിലാണ് ഈ ദ്വീപിന് രൂപം കൊടുത്തിരിക്കുന്നത്. അതേസമയം, സ്ഥലവാസികള്‍ അല്ലാത്തവര്‍ക്ക് ഈ ദ്വീപില്‍ താമസിക്കണമെങ്കില്‍ പ്രത്യേക റസിഡന്റ് പെര്‍മിറ്റ് എടുക്കേണ്ടതായി വരും.