കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ 1047 കോടിയുടെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കി

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ 1047 കോടി രൂപയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം നല്‍കി. സമഗ്ര ശിക്ഷ കേരളയുടെ 2022 -23 അക്കാദമിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ പണം ചെലവഴിക്കും.

അതേസമയം, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആദിവാസി ഗോത്ര മേഖലയ്ക്കും ഭിന്നശേഷി മേഖലയ്ക്കും ഗുണകരമാകുന്ന നൂതന പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും തീരുമാനിച്ചു. ഇടുക്കിയിലെ ഇടമലക്കുടി മേഖലയില്‍ ആദിവാസി ഗോത്ര വിഭാഗത്തിലെ കുട്ടികള്‍ക്കു വേണ്ട അധിക പഠന പിന്തുണാ സംവിധാനങ്ങള്‍ സൗജന്യമായി നല്‍കും. തിരുവനന്തപുരത്തെ മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ മകനും എട്ടാം ക്ലാസുകാരനുമായ അബിന്‍ അര്‍ഷാദിന് 18 വയസ്സ് വരെയുള്ള പഠനാവശ്യങ്ങള്‍ക്ക് ധനസഹായം നല്‍കാനും സമഗ്ര ശിക്ഷ കേരളയെ ചുമതലപ്പെടുത്തി.

എലമെന്ററി മേഖലയ്ക്ക് 516.11 കോടി രൂപയും സെക്കണ്ടറി വിഭാഗത്തില്‍ 222.66 കോടി രൂപയും, ടീച്ചര്‍ എഡ്യൂക്കേഷന് 19.56 കോടി രൂപയുമാണ് സമഗ്ര ശിക്ഷ കേരളയുടെ വാര്‍ഷിക പദ്ധതി രേഖയില്‍ അനുവദിക്കുക. കൂടാതെ, 2022-23 അക്കാദമിക വര്‍ഷം 5 മേഖലകളിലായി ‘സ്റ്റാര്‍സ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 288.39 കോടി രൂപയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.