Educational (Page 9)

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബിരുദ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടും പരിഹാരം കാണാതെ സര്‍വകലാശാലക്ക് കീഴിലെ സര്‍ക്കാര്‍ കോളേജുകള്‍. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് സീറ്റ് കിട്ടാതെ വിഷമിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണമാണ് സീറ്റ് വര്‍ധിപ്പിക്കാന്‍ മടിക്കുന്നതെന്നാണ് കോളേജധികൃതര്‍ നല്‍കുന്ന വിശദീകരണം.

പാലക്കാട് ചിറ്റൂര്‍ കോളേജില്‍ ഇത്തവണ ബിരുദത്തിന് അഡ്മിഷന്‍ നല്‍കിയത് 659 കുട്ടികള്‍ക്ക്. കൂടുതല്‍ കുട്ടികള്‍ പുറത്തു നില്‍ക്കുന്നതിനാല്‍ 945 പേര്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ സിന്‍ഡിക്കേറ്റ് അനുമതി നല്‍കി. എന്നാല്‍ കോളേജ് അതിന് തയാറായില്ല. ‘കോളേജിലുള്ള ഭൗതികസാഹചര്യം കോളേജ് കൗണ്‍സിലും ടീച്ചേഴ്‌സും വിലയിരുത്തിയിട്ടാണ് കാര്യങ്ങള്‍ ചെയ്തിരിക്കുന്നത്. പരമാവധി ഈ വര്‍ഷം എടുക്കാന്‍ പറ്റുന്ന ലെവലിലെ എല്ലാ ക്ലാസിലെ കുട്ടികളെയും എടുത്തിട്ടുണ്ടെന്നാണ്’ ചിറ്റൂര്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. സുവര്‍ണകുമാര്‍ നല്‍കുന്ന വിശദീകരണം.

പാലക്കാട് വിക്ടോറിയ കോളേജിലെയും സ്ഥിതി ഇതു തന്നെ. 563 പേര്‍ക്കാണ് ഇക്കുറി ബിരുദ കോഴ്‌സില്‍ അഡ്മിഷന്‍ നല്‍കിയത്. ഇനി 383 സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കന്‍ അനുമതിയുണ്ടെങ്കിലും കോളേജധികൃതര്‍ തയ്യാറാവുന്നില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മിക്ക സര്‍ക്കാര്‍ കോളേജുകളിലും സ്ഥിതി ഇങ്ങനെ തന്നെ. 90 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ച 33,000 വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അപേക്ഷ നല്‍കിയിരുന്നു. അതില്‍ പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും അഡ്മിഷന്‍ ലഭിക്കാതെ പുറത്തു നില്‍ക്കുകയാണ്.

പ്ലസ്ടുവിന് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ മുപ്പത്തിമൂവായിരം കുട്ടികളാണ് ബിരുദ പ്രവേശനത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അപേക്ഷ നല്കിയത്. അതില്‍ ഇരുപത്തിരണ്ടായിരം കുട്ടികള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍, എയ്ഡഡ് കോളെജുകളില്‍ അഡ്മിഷന്‍ ലഭിച്ചത്.

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും ക്ലാസുകൾ ആരംഭിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. തീരുമാനിച്ചതിലും നേരത്തെ അധ്യയനം ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തു. വിദ്യാർത്ഥികളിലെ പഠന നേട്ടവും സാഹചര്യവും വിലയിരുത്താനുള്ള നാഷണൽ അച്ചീവ്മെന്റ് സർവെ ഈ മാസം 12 ന് നടക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തിരിക്കുന്നത്.

മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനപ്പെടുത്തിയാണ് സർവെ നടത്തുന്നത്. ഇതിൽ എട്ടാം ക്ലാസ് ഒഴികെയുള്ള ക്ലാസുകൾ നവംബർ ഒന്നിന് തുറന്നിരുന്നു. എട്ട്, ഒൻപത്, പ്ലസ് വൺ ക്ലാസുകൾ നവംബർ 15 ന് തുറക്കാനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സർവെ നടത്തുന്നത്. ഡയറക്ടർ നൽകിയ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. എട്ടം ക്ലാസിന് അടുത്ത ആഴ്ചയിൽ തന്നെ അധ്യയനം തുടങ്ങാനാണ് ആലോചനയെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു.

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി അടിസ്ഥാന സൗകര്യങ്ങളില്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പു വരുത്തുമെന്നും, അക്കാദമിക് മികവിന് പ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തിയ മാതൃകയിലാവും ഉന്നത വിദ്യാഭ്യാസ രംഗവും നവീകരിക്കുന്നത്. അതിനായി സംസ്ഥാനത്തെ പാഠ്യപദ്ധതി ഉള്‍പ്പടെ പരിഷ്‌ക്കരിക്കുമെന്നും ഗവേഷണ രംഗം മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തു കൂടുതല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സുകള്‍ ഉണ്ടാകുന്നതിനായി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കേന്ദ്രങ്ങളായി അവയെ വളര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് അക്കാദമിക് സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ അന്യദേശത്തു നിന്നും പഠനത്തിനായി വിദ്യാര്‍ഥികള്‍ എത്തും. അക്കാഡമിക് രംഗത്തെ നവീകരണത്തോടെ സംസ്ഥാനത്തെ കലാലയങ്ങള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും മികച്ച ഗ്രേഡിങ് നേടാന്‍ കഴിയുമെന്നും അതുവഴി കേരളം വിദ്യാഭ്യാസ രംഗത്തെ ഹബ്ബായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമന്‍സ് കോളേജിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന (നീറ്റ്-യു.ജി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മൂന്ന് പേരാണ് ഒന്നാം റാങ്ക് നേടിയത്. തെലങ്കാനയിൽ നിന്നുള്ള മൃണാൾ കുട്ടേരി, ഡൽഹിയിൽ നിന്നുള്ള തന്മയ് ഗുപ്ത, മഹാരാഷ്ട്രയിൽ താമസിക്കുന്ന കാർത്തിക ജി നായർ ( മഹാരാഷ്ട്ര) എന്നിവരാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. മുംബൈ മലയാളിയാണ് കാർത്തിക ജി നായർ.

നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള ഗൗരിശങ്കർ എസ് പതിനേഴാം റാങ്കും വൈഷണ ജയവർധനൻ 23-ാം റാങ്കും നിരുപമ പി 60-ാം റാങ്കും നേടിയിട്ടുണ്ട്. neet.nta.nic.in, എന്ന വെബ്സൈറ്റിൽ പരീക്ഷാ ഫലം ലഭ്യമാണ്. സെപ്തംബർ 12 നായിരുന്നു നീറ്റ് പരീക്ഷ നടന്നത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. 16 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം കുരുന്നുകളുടെ ആരവങ്ങളുമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉണര്‍ന്നു. പത്ത് ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്‌കൂളിലേക്ക് എത്തിയത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 8.30ന് തിരുവനന്തപുരം ഗവ: കോട്ടണ്‍ഹില്‍ യുപി സ്‌കൂളില്‍ വിദ്യാഭ്യസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു.

കുട്ടികള്‍ സ്‌കൂളിലേക്ക് മടങ്ങിയെത്തുമ്പോള്‍ അവരുടെ ആരോഗ്യകാര്യങ്ങളില്‍ ഒരു ആശങ്കയും വേണ്ട. അമ്മമാര്‍ പരിപാലിക്കുന്നതു പോലെ തന്നെ കുട്ടികളുടെ കാര്യങ്ങള്‍ അധ്യാപകര്‍ നോക്കുന്നതായിരിക്കും. കുട്ടികളുടെ ശുചിത്വം, സുരക്ഷ എന്നിവക്ക് വേണ്ടുന്ന എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആഘോഷപൂര്‍വമായി തന്നെയാണ് കുരുന്നുകളെ വരവേറ്റത്. ശരീര താപനില പരിശോധിച്ച ശേഷം സാനിറ്റൈസര്‍ ഉപയോഗവും ഉറപ്പാക്കിയിരുന്നു. ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസുകള്‍ നടത്തുക. 8,9 ക്ലാസുകള്‍ 15 നാണ് തുടങ്ങുക. പ്ലസ് വണ്‍ ക്ലാസുകളും 15 ന് തന്നെ തുടങ്ങും. വാക്‌സിനെടുക്കാത്ത അധ്യാപകരോട് സ്‌കൂളിലേക്ക് വരരുതെന്നും നിര്‍ദ്ദേശമുണ്ട്.

sivan

കൊല്ലം: സംസ്ഥാനത്ത് വീണ്ടും സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യത്തിന് എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ധൈര്യമായി സ്‌കൂളിൽ എത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്‌കൂളുകൾ ഒഴികെ എല്ലാ സ്‌കൂളുകളും നാളെ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

രക്ഷകർത്താക്കൾക്ക് ഉത്കണ്ഠപ്പെടേണ്ട സാഹചര്യമില്ല. ക്ലാസിൽ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാൻ തയാറല്ലാത്തവർക്ക് ഡിജിറ്റൽ പഠനം തുടരാം. വാക്‌സിന് സ്വീകരിക്കാത്ത അധ്യാപകരും സ്‌കൂളിൽ എത്തേണ്ടതില്ല. അവർ ഓൺലൈനായി വിദ്യാഭ്യാസം നൽകണമെന്ന് മന്ത്രി വ്യക്തമാക്കി.

സ്‌കൂളുകളിൽ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകൾ രൂപീകരിക്കും. ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു അധ്യാപകന് നൽകും. 24300 തെർമ്മൽ സ്‌ക്യാനർ വിതരണം ചെയ്തിട്ടുണ്ട്. 2282 അധ്യാപകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂളുകൾ ആദ്യ ആഴ്ചകളിൽ ലളിതമായ തരത്തിലുള്ള ക്ലാസുകൾ മാത്രമായിരിക്കും സംഘടിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

പല അധ്യാപകരും ഇനിയും വാക്സിൻ എടുത്തിട്ടില്ല. കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാത്ത അധ്യാപകർ സ്‌കൂളുകളിൽ ക്ലാസ് എടുക്കുവാൻ വരണമെന്നില്ല. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധ്യാന്യം നൽകുകയെന്നും അദ്ദേഹം വിശദമാക്കി. നവംബർ ഒന്നു മുതലാണ് സ്‌കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുന്നത്.

ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളുമാണ് നവംബർ ഒന്നു മുതൽ ആരംഭിക്കുന്നത്. നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള മാർഗ നിർദ്ദേശങ്ങൾ വിശദമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറന്ന് ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിന് ശേഷമായിരിക്കും പാഠഭാഗങ്ങൾ ഏതൊക്കെ പഠിപ്പിക്കണം എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക. ടൈം ടേബിൾ അതാത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. പരമാവധി കുട്ടികളെ സ്‌കൂളിലേക്കെത്തിക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

വലിയ ഇടവേളക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ ആദ്യം നേരെ പാഠഭാഗങ്ങൾ പഠിപ്പിക്കില്ലെന്നാണ് തീരുമാനം. നീണ്ട കാലം വീട്ടിലിരുന്ന കുട്ടികളെ ആദ്യ ആഴ്ചയിൽ വിലയിരുത്തും. വിക്ടേഴ്‌സ് വഴി നടന്ന പഠനത്തോടുള്ള കുട്ടിയുടെ പ്രതികരണം മനസ്സിലാക്കും. കളി ചിരികളിലൂടെ മെല്ലെ മെല്ലെ പഠനത്തിന്റെ ലോകത്തേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആ രീതിയിലാണ് അക്കാദമിക് മാർഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ആഴ്ചകളിൽ വീഡിയോകൾ വഴിയും ഗെയിമുകൾ വഴിയുമോക്കെ പാഠഭാഗങ്ങൾ കാണിച്ച് കൂട്ടായി ചർച്ച ചെയ്ത് കുട്ടിയെ മനസ്സിലാക്കുമെന്നും അദ്ദേഹം വിശദമാക്കി.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്‌കൂളിലേക്കെത്താൻ ആദ്യനാളുകളിൽ ആരെയും നിർബന്ധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ അക്കാദമിക മാർഗരേഖ പുറത്തിറക്കി സർക്കാർ. എല്ലാ സ്‌കൂളുകളിലും അക്കാദമിക പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന രീതിയിലാണ് സർക്കാർ മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. സ്‌കൂൾ അന്തരീക്ഷവുമായി വിദ്യാർഥികളെ സ്വാഭാവികമായി കണ്ണിചേർക്കുന്നതിനാണ് തുടക്കത്തിലുള്ള പ്രവൃത്തി ദിവസങ്ങൾ ഉപയോഗിക്കേണ്ടതെന്നാണ് മാർഗ രേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയെ മറികടന്ന് സ്‌കൂളുകൾ തുറക്കുമ്പോൾ എല്ലാ വിദ്യാർത്ഥികളേയും സ്‌കൂളിലേക്ക് തിരികെ എത്തിക്കാനാണ് സർക്കാർ ലക്ഷ്യംവെയ്ക്കുന്നത്. എല്ലാ സ്‌കൂളുകളിലും ഒരേ രീതിയിൽ അക്കാദമിക പ്രവർത്തനങ്ങൾ നടക്കണമെന്നും സർക്കാർ പദ്ധതിയിടുന്നു.

കുട്ടികൾക്കുള്ള ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരം നൽകണമെന്ന് മാർഗരേഖയിൽ നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് അധ്യാപകർ മുൻഗണന നൽകണം. സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കണം. ലഘുവ്യായാമങ്ങൾ ചെയ്യിപ്പിക്കണം. ഇഷ്ടപുസ്തകങ്ങൾ വായിക്കാൻ അവസരം നൽകണമെന്നും മാർഗനിർദ്ദേശത്തിൽ വിശദീകരിക്കുന്നു.

പഠനത്തിനായി ഓൺലൈൻ, ഓഫ്ലൈൻ സാധ്യതകൾ അധ്യാപകർ പ്രയോജനപ്പെടുത്തണം. അസൈൻമെന്റ് പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയാക്കണം. സ്‌കൂളിൽ എത്താൻ സാധിക്കാത്ത വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. കോവിഡ് സുരക്ഷാ മാനദണ്ഡം പാലിക്കാൻ ഓരോ സ്‌കൂളും പ്രവർത്തന സമയം ക്രമീകരിക്കണം. പഠനവിടവ് പരിഹരിക്കാൻ രക്ഷിതാക്കളുടെ സഹകരണം ഉറപ്പാക്കണമെന്നും താൽപര്യമുള്ള എല്ലാ വിദ്യാർഥികളേയും സ്‌കൂളിലെത്തിക്കാനുള്ള സൗകര്യം ഉറപ്പാക്കണമെന്നും മാർഗരേഖയിൽ പറയുന്നുണ്ട്.

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ഇന്നുമുതൽ അപേക്ഷ നൽകാം. മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. ചൊവ്വാഴ്ച്ച രാവിലെ പത്തുമണി മുതലാണ് അപേക്ഷ സ്വീകരിക്കുന്നത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിവരെ പുതുക്കൽ, പുതിയ അപേക്ഷാഫോറം എന്നിവ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. വേക്കൻസിയും മറ്റു വിശദാംശങ്ങളും www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ click for higher secondary admission എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോൾ കാണുന്ന ഹയർസെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതുകൊണ്ട് അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഹെൽപ്‌ഡെസ്‌കുകളിലൂടെ ദൂരീകരിക്കാൻ വേണ്ട സജ്ജീകരണങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽമാർ ഒരുക്കേണ്ടതാണെന്ന നിർദ്ദേശവും പൊതുവിദ്യാഭ്യാസ ഡയറക്ടർ മുന്നോട്ടു വെച്ചു.