Educational (Page 8)

തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് നിശ്ചയിച്ച ചോദ്യഘടനയിൽ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. വിഷയത്തിൽ എതിർപ്പും വിമർശനവും ശക്തമാകുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാട് വ്യക്തമാക്കിയത്. ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയാൽ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാപ്പെടാമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്.

കഴിഞ്ഞ വർഷമ 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു. എന്നാൽ ഇത്തവണ ഇത് 70 ശതമാനം മാത്രമാണ്. എ ഗ്രേഡും എ പ്ലസ് ഗ്രേഡും കിട്ടണമെങ്കിൽ പാഠപുസ്തകം മുഴുവൻ പഠിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതാണ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നത്.

അതേസമയം ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ വന്ന് ഉയർന്ന ഗ്രേഡുകൾ കിട്ടുന്നവരുടെ എണ്ണം കൂടുന്നത് കേരളത്തിലെ പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് ഹയർസെക്കന്ററി അക്കാദമിക് ജോയിൻറ് ഡയറക്ടർ ആർ സുരേഷ് കുമാർ ഒരു പ്രമുഖ മാദ്ധ്യമത്തിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ദിവസമാണ് എസ്‌സിഇആർടി നിശ്ചയിച്ച ഫോക്കസ് ഏരിയയ്ക്ക് വിദ്യാഭ്യാസവകുപ്പ് അംഗീകാരം നൽകിയത്. പാഠപുസ്തകങ്ങളുടെ ഫോക്കസ് ഏരിയയിൽ നിന്നു 70 ശതമാനം മാർക്കിനാണ് ചോദ്യം. ബാക്കി 30 ശതമാനം ഫോക്കസ് ഏരിയക്ക് പുറത്താണ്.

പലയിടത്തും മോഡൽ പരീക്ഷ നടക്കുമ്പോഴാണ് ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ പറയുന്നതെന്നും ഫോക്കസ് ഏരിയയിൽ നിന്നല്ലാതെ ചോദ്യങ്ങൾ ഉണ്ടാകുമെന്ന് നേരത്തേ പറയേണ്ടിയിരുന്നുവെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ഫോക്കസ് ഏരിയ മാറ്റം വിദ്യാർത്ഥികളിൽ ആശങ്കയും പരിഭ്രാന്തിയുമുണ്ടാക്കുകയാണ്. സർക്കാർ ഇതിന് അടിയന്തരപരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് 10, 11, 12 ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. കോളേജ് ക്ലാസുകളും ഓഫ്‌ലൈനായി തുടരും. അതേസമയം നിലവിലെ കോവിഡ് സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുവദിക്കുന്നതാണ്. ഇവർ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഇവിടങ്ങളിൽ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണം. ഡിസാസ്റ്റർ മാനേജ്‌മെന്റ് ഫണ്ടിൽനിന്ന് 22 കോടി രൂപ ജില്ലകൾക്ക് അനുവദിച്ചിട്ടുണ്ട്. നിലവിലെ കോവിഡ് സാഹചര്യത്തിൽ ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് എല്ലാ വ്യാഴാഴ്ചകളിലും നൽകേണ്ടതാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും.

എ കാറ്റഗറിയിൽ സാമൂഹ്യ, സാംസ്‌കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്. ബി. കാറ്റഗറിയിൽ സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സി കാറ്റഗറിയിൽ സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ലെന്നും നിർദ്ദേശമുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള മാർഗരേഖ പുറത്തിറക്കി സർക്കാർ. സംസ്ഥാനത്ത് ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കൂട്ടികൾക്ക് ജനുവരി 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് സ്‌കൂളുകളടച്ചത്. ഈ കാലയളവിൽ ഓൺലൈൻ ക്ലാസുകളായിരിക്കണമെന്നും രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നുമെന്നും സർക്കാർ അറിയിച്ചു. അതേസമയം 10, 11, 12 ക്ലാസുകാർക്ക് വെള്ളിയാഴ്ച മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ തുടരും.

ഓൺലൈൻ ക്ലാസുകൾക്കായി പുതുക്കിയ ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിക്കും. കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഡിജിറ്റൽ ക്ലാസ്സുകൾ തുടരുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഒന്നു മൂതൽ 9 വരെയുള്ള കാസ്സുകൾ വീണ്ടും ഡിജിറ്റൽ പഠനത്തിലേക്കും ഓൺലൈൻ പഠനത്തിലേക്കും മാറുന്നതിനാൽ പഠനത്തുടർച്ച ഉറപ്പുവരുത്തണം. രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. സ്‌കൂൾതല എസ്.ആർ.ജി.കൾ ഫലപ്രദമായി ചേരേണ്ടതാണ്. കൂട്ടികളുടെ പഠനപുരോഗതി കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ ഫീഡ്ബാക്ക് നൽകണം. കൂട്ടികളിലൂണ്ടാകുന്ന പഠനപുരോഗതി സ്റ്റുഡന്റ് പ്രൊഫൈലിൽ നിരന്തരം രേഖപ്പെടുത്തുകയും വേണം. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ക്ലാസ്സുകൾ കാണുന്നതിനാവശ്യമായ സാങ്കേതിക സൗകര്യമുണ്ടെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ ഓരോ സ്‌കൂളും ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.

സ്‌കൂളുകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ ആരോഗ്യവകുച്ച് അധികൃതരെ അറിയിച്ച് രണ്ടാഴ്ച വരെ അടച്ചിടണം. എല്ലാ സ്‌കൂളുകളുടേയും ഓഫീസ് നിലവിലെ കോവിഡ് നിയന്ത്രണങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടതും എല്ലാ അധ്യാപകരും സ്‌കൂളിൽ ഹാജരാകേണ്ടതുമാണെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് മാർഗരേഖ പുറത്തിറക്കിയത്.

sivan

തിരുവനന്തപുരം: കേരളത്തിൽ സ്‌കൂളുകൾ അടച്ചിടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ ഒമിക്രോൺ കേസുകളുടെ സാഹചര്യം നോക്കി വിദഗ്ധ സമിതി പുതിയ ശുപാർശ എന്തെങ്കിലും നൽകിയാൽ അത് പരിഗണിക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. സംസ്ഥാനത്ത് സ്‌കൂളുകൾ പ്രവർത്തിക്കുന്നത് കർശനമായ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 50 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂർ, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂർ സ്വദേശിക്കും ഒമിക്രോൺ സ്ഥീരികരിച്ചു.

ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 45 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ആർക്കും തന്നെ സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചിട്ടില്ല. എറണാകുളം യുഎഇ 13, ഖത്തർ 4, സ്വീഡൻ 1, തിരുവനന്തപുരം യുഎഇ 4, സൗദി അറേബ്യ, മാലിദ്വീപ്, യുകെ, ഇറ്റലി 1 വീതം, പത്തനംതിട്ട യുഎഇ 4, യുഎസ്എ 2, ഖത്തർ 1, കോട്ടയം യുഎസ്എ 2, യുകെ, യുഎഇ, ഉക്രൈൻ 1 വീതം, മലപ്പുറം യുഎഇ 5, കൊല്ലം യുഎഇ 3, ആലപ്പുഴ സിങ്കപ്പർ 1, തൃശൂർ യുഎഇ 1, പാലക്കാട് യുഎഇ 1 എന്നിങ്ങനെ രാജ്യങ്ങളിൽ നിന്നും വന്നതാണ്. കോയമ്പത്തൂർ സ്വദേശി ഈജിപ്റ്റിൽ നിന്നും വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 186 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 30 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ന്യൂഡൽഹി: മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള സാമ്പത്തികമായ ദുർബല വിഭാഗത്തിലെ ഗുണഭോക്താവിനെ നിശ്ചയിക്കാനുള്ള പുതിയ മാനദണ്ഡം ഈ അദ്ധ്യയന വർഷം നടപ്പിലാക്കില്ല. ഈ വർഷം മാനദണ്ഡം പഴയതു പോലെ തന്നെ നിലനിർത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പുതിയ മാനദണ്ഡം അനുസരിച്ചായിരിക്കും അടുത്ത വർഷം മുതൽ പ്രവേശനം അനുവദിക്കുന്നത്. സുപ്രീം കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ മാനദണ്ഡത്തിൽ വാർഷിക വരുമാന പരിധി എട്ട് ലക്ഷമായിത്തന്നെ നിലനിർത്തിയിട്ടുണ്ട്. അതേസമയം വരുമാനം കണക്കിലെടുക്കാതെ അഞ്ച് ഏക്കറോ അതിൽ കൂടുതലോ കൃഷിഭൂമിയുള്ള കുടുംബങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

നീറ്റ് വിദ്യാർഥികളുടെ പ്രവേശനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാനദണ്ഡം മാറ്റുന്നത് പ്രയാസങ്ങൾക്കിടയാക്കുമെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ഒബിസി വിഭാഗത്തെ നിർണയിക്കുന്നതിനുള്ള മാനദണ്ഡമായ എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനത്തിൽ സാമ്പത്തിക ദുർബല വിഭാഗത്തെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായി നിശ്ചയിച്ചത് എങ്ങനെയാണെന്ന് സുപ്രീം കോടതി നേരത്തെ കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു. ഇതിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് നൽകിയത്.

തിരുവനന്തപുരം: ഈ വര്‍ഷത്തെ പൊതു പരീക്ഷകളുടെ തിയ്യതി വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് 31 മുതല്‍ എപ്രില്‍ 22 വരെ നടക്കും. ഹയര്‍സെക്കന്ററി പരീക്ഷ മാര്‍ച്ച് 30 മുതല്‍ 22 വരെ നടക്കും. വിഎച്ച്എസ്ഇ പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ 22 വരെയും നടക്കും.

മാര്‍ച്ച് 21 മുതല്‍ 25 വരെ എസ്.എസ്.എല്‍.സിയുടെ മോഡല്‍ പരീക്ഷ നടക്കും. ഹയര്‍സെക്കന്ററി മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്‍െത് മാര്‍ച്ച് 16 മുതല്‍ 21 വരെയും നടക്കും.

പ്രാക്ടിക്കല്‍ പരീക്ഷകള്‍ എസ്.എസ്.എല്‍.സിയില്‍ മാര്‍ച്ച് 10 മുതല്‍ 19 വരെയും ഹയര്‍സെക്കന്റിറിയില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയും വി.എസ്.എസ്.ഇയില്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയും നടക്കും.

കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് സമ്മതമാണെന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിഷയത്തില്‍ അനാവശ്യമായ വിവാദം ഒഴിവാക്കണമെന്നും ലിംഗ വ്യത്യാസമില്ലാത്ത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നാരോപിച്ച് പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും എംഎസ്എഫ് അടക്കമുള്ള മുസ്ലീം സംഘടനകള്‍ നിവേദനം നല്‍കുകയും ചെയ്തു.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംവിധാനം നടപ്പിലായതിനെചൊല്ലിയാണ് വിവാദം ഉയരുന്നത്. വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികളും രംഗത്തെത്തിയിട്ടുണ്ട്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഹയര്‍സെക്കന്ററി സ്‌കൂളാണ് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ്. രക്ഷിതാക്കളുമായും വിദ്യാര്‍ത്ഥികളുമായും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കാനായി ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്. പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയാറാക്കാൻ വിദ്യാഭ്യാസ പരിശീലന ഗവേഷണ സമിതി (എസ്സിഇആർടി)യെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തി. സർക്കാരിന്റെ പ്രധാന നയങ്ങളായ വിജ്ഞാന സമൂഹം സൃഷ്ടിക്കൽ, പ്രാദേശിക സമ്പദ്ഘടന ശക്തിപ്പെടുത്തൽ, ലിംഗ നീതി ഉറപ്പാക്കൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്. തൊഴിൽ പരിചയം പഠനത്തിന്റെ ഭാഗമാക്കണം.

ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, സമത്വം തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാകണം. പ്രീ സ്‌കൂൾ, സ്‌കൂൾ, അധ്യാപക വിദ്യാഭ്യാസം, മുതിർന്ന പൗരന്മാർക്കുള്ള തുടർ വിദ്യാഭ്യാസം എന്നിങ്ങനെ 4 പാഠ്യപദ്ധതി ചട്ടക്കൂടുകളാണ് വികസിപ്പിക്കുന്നത്. പൊതുസമൂഹത്തിന്റെ നിർദേശങ്ങൾക്കായി ചർച്ചകൾ സംഘടിപ്പിക്കണം. അതിന്റെ അടിസ്ഥാനത്തിൽ ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ച് അന്തിമ രൂപരേഖ തയാറാക്കണമെന്നും പാഠപുസ്തകങ്ങളും അധ്യാപകർക്കുള്ള പഠന സഹായികളും തയാറാക്കണമെന്നും നിർദേശമുണ്ട്.

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ കഴിയും.

സുപ്രീം കോടതിയുടെ അനുമതിയോടെയായിരുന്നു സംസ്ഥാന സർക്കാർ പ്ലസ് വൺ പരീക്ഷ നടത്തിയത്. ഏകദേശം നാല് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ അധ്യയനം വൈകുന്നേരം വരെയാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്. നിലവില്‍ ഉച്ചവരെയാണ് ക്ലാസുകള്‍. ഡിസംബറോടു കൂടി ക്ലാസുകള്‍ വൈകുന്നേരം വരെയാക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. അതോടെ ഓണ്‍ലൈനില്‍ നിന്ന് ഓഫ്‌ലൈനിലേക്ക് പൂര്‍ണമായും ക്ലാസുകള്‍ മാറും. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്‌കൂള്‍ മാറ്റത്തിലെ കാര്യങ്ങള്‍ ചര്‍ച്ചയായത്.

അതേസമയം, പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണ് വിദ്യാഭ്യാസ വകുപ്പ്.

നിലവില്‍ സീറ്റ് ലഭിക്കാത്ത കുട്ടികളില്‍ ഭൂരിഭാഗവും ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളില്‍ ര്വേശനത്തിന് അപേക്ഷിച്ചവരാണ്. പുതിയതായി എത്ര ബാച്ചുകള്‍ വേണമെന്ന് തീരുമാനിക്കാന്‍ നാളെ വീണ്ടും യോഗം ചേരും.