നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് പേർ ഒന്നാം റാങ്ക് നേടി

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന (നീറ്റ്-യു.ജി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മൂന്ന് പേരാണ് ഒന്നാം റാങ്ക് നേടിയത്. തെലങ്കാനയിൽ നിന്നുള്ള മൃണാൾ കുട്ടേരി, ഡൽഹിയിൽ നിന്നുള്ള തന്മയ് ഗുപ്ത, മഹാരാഷ്ട്രയിൽ താമസിക്കുന്ന കാർത്തിക ജി നായർ ( മഹാരാഷ്ട്ര) എന്നിവരാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. മുംബൈ മലയാളിയാണ് കാർത്തിക ജി നായർ.

നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള ഗൗരിശങ്കർ എസ് പതിനേഴാം റാങ്കും വൈഷണ ജയവർധനൻ 23-ാം റാങ്കും നിരുപമ പി 60-ാം റാങ്കും നേടിയിട്ടുണ്ട്. neet.nta.nic.in, എന്ന വെബ്സൈറ്റിൽ പരീക്ഷാ ഫലം ലഭ്യമാണ്. സെപ്തംബർ 12 നായിരുന്നു നീറ്റ് പരീക്ഷ നടന്നത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. 16 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.