സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും ക്ലാസുകൾ ആരംഭിക്കുന്നു; ശുപാർശ നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും ക്ലാസുകൾ ആരംഭിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. തീരുമാനിച്ചതിലും നേരത്തെ അധ്യയനം ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തു. വിദ്യാർത്ഥികളിലെ പഠന നേട്ടവും സാഹചര്യവും വിലയിരുത്താനുള്ള നാഷണൽ അച്ചീവ്മെന്റ് സർവെ ഈ മാസം 12 ന് നടക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തിരിക്കുന്നത്.

മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനപ്പെടുത്തിയാണ് സർവെ നടത്തുന്നത്. ഇതിൽ എട്ടാം ക്ലാസ് ഒഴികെയുള്ള ക്ലാസുകൾ നവംബർ ഒന്നിന് തുറന്നിരുന്നു. എട്ട്, ഒൻപത്, പ്ലസ് വൺ ക്ലാസുകൾ നവംബർ 15 ന് തുറക്കാനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സർവെ നടത്തുന്നത്. ഡയറക്ടർ നൽകിയ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. എട്ടം ക്ലാസിന് അടുത്ത ആഴ്ചയിൽ തന്നെ അധ്യയനം തുടങ്ങാനാണ് ആലോചനയെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു.