Crime (Page 3)

ഓൺലൈന്‍ ലോണ്‍ തട്ടിപ്പുകള്‍ സംസ്ഥാനത്ത് പെരുകുന്നുവെന്ന് സൈബര്‍ സെല്‍. ഇതുവരെ 1440 പരാതികളാണ് ഈ വര്‍ഷം ലഭിച്ചത്.തട്ടിപ്പിനിരയാകുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബര്‍ സെല്‍ വ്യക്തമാക്കുന്നു. അശങ്കപെടുത്തുന്ന ഈ കണക്കുകള്‍ പുറത്തു വരുന്നത് കൊച്ചിയിലെ കൂട്ട ആത്മഹത്യയുടെ കാരണം ലോണ്‍ കെണിയാണെന്ന പരാതിക്ക് പിന്നാലെയാണ്.കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ പൊലീസിന് ലഭിച്ചത് 14897 ഓണ്‍ലൈന്‍ തട്ടിപ്പ് പരാതികള്‍.ലോണ്‍ ആപ്പുകളെ സംബന്ധിച്ചുള്ളതാണ് ഇതില്‍ പത്ത് ശതമാനവും. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്റനെറ്റില്‍ ലോണ്‍ എന്ന് തിരഞ്ഞാല്‍ ആപ്പുകളുടെ പരസ്യമെത്തും. ഫോണിലെ ലൊക്കേഷനും, കോണ്ടാക്റ്റും, ഫോട്ടോസും പങ്കിടാന്‍ അനുവാദം നല്‍കുന്നതോടെ സെക്കന്റുകള്‍ക്കുള്ളില്‍ ലോണ്‍ റെഡി. തിരിച്ചടവ് മുടങ്ങിയാലും, ചിലപ്പോള്‍ തിരിച്ചടവ് പൂര്‍ത്തിയാക്കിയാല്‍ പോലും പണം ആവശ്യപ്പെട്ട് ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തും. പണം നല്‍കില്ലെങ്കില്‍ അശ്ലീല ചിത്രങ്ങളില്‍ മുഖം മോര്‍ഫ് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കും. സ്ത്രീകളാണ് ഈ ചതിയില്‍പെടുന്നവരില്‍ അധികവും.അതേസമയം സഹകരണ ബാങ്കുകളും, തൊഴിലാളി സംഘങ്ങളും സജീവമായതിനാല്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് വളരെ കുറവാണെന്നും സൈബര്‍ പൊലീസ് അറിയിക്കുന്നു. 25 പരാതികളില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു

സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചന കേസില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍എംഎല്‍എ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍. തന്റെ പിതാവിനെ ഉപദ്രവിച്ചവരോട് തന്റെ നയം അനുരഞ്ജനമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.സോളാര്‍ കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ടില്‍ ഇനിയൊരു അന്വേഷണവും വേണ്ട. കഴിഞ്ഞത് കഴിഞ്ഞു. പൊതുപണത്തില്‍ നിന്ന് കോടികള്‍ മുടക്കി ഇനിയൊരു അന്വേഷണം വേണ്ട. ടി ജി നന്ദകുമാറിന്റെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. സത്യപ്രതിജ്ഞാ ദിവസം സോളാറില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നത് ആദരവായി കാണുന്നുവെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിലെ രണ്ട് ആഭ്യന്തര മന്ത്രിമാര്‍ മുഖ്യമന്ത്രിമാരാകാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് ഉമ്മന്‍ചാണ്ടി തേജോവധത്തിന് ഇരയായതെന്നാണ് ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിനുപിന്നാലെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ നിന്ന് ആരും അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. കോണ്‍ഗ്രസിലും മുന്നണിയിലും ഭിന്നത ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പതിനഞ്ചുകാരന്‍ ആദിശേഖറിനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി പ്രിയരഞ്‌ജനുമായി തെളിവെടുപ്പ്‌. സംഭവം നടന്ന പൂവച്ചല്‍, പുളിങ്കോട്‌ ഭദ്രകാളി ക്ഷേത്രത്തിനു മുന്നിലെ റോഡിലാണ്‌ ഇന്നലെ രാവിലെ പത്തരയോടെ കാട്ടാക്കട സി.ഐയുടെ നേതൃത്വത്തില്‍ പ്രതിയുമായി തെളിവെടുപ്പ്‌ നടത്തിയത്‌. ആദിശേഖറിനെ കൊല്ലാന്‍ ഉപയോഗിച്ച ഇലക്‌ട്രിക്‌ കാര്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന സ്‌ഥലവും ആദിയും സുഹൃത്തും സൈക്കിളില്‍ നിന്നയിടവും സൈക്കിളില്‍ പോയ കുട്ടിയെ പിന്നിലൂടെ ഇടിച്ചു വീഴ്‌ത്തിയ സ്‌ഥലവും പോലീസിന്‌ പ്രതി കാട്ടിക്കൊടുത്തു.
തെളിവെടുപ്പിനുശേഷം മാധ്യമങ്ങളോടു സംസാരിക്കാന്‍ പ്രിയരഞ്‌ജന്‍ ശ്രമിച്ചെങ്കിലും വാഹനത്തിലേക്കു പോലീസ്‌ പിടിച്ചുകയറ്റി. ജീപ്പിനുള്ളില്‍ പ്രിയരഞ്‌ജന്‍ മുഖംപൊത്തി വിങ്ങിക്കരയുന്നുണ്ടായിരുന്നു. രാവിലെ കാട്ടാക്കട ഗവ. ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷമാണ്‌ തെളിവെടുപ്പിന്‌ എത്തിച്ചത്‌. കഴിഞ്ഞ 30 നായിരുന്നു സംഭവം നടന്നത്‌. പുളിങ്കോട്‌ ഭദ്രകാളി ക്ഷേത്രത്തിലെ പരിസരത്ത്‌ സ്‌ഥിരമായി മദ്യപിക്കാന്‍ എത്തുകയും മതിലിനോട്‌ ചേര്‍ന്ന്‌ മൂത്രം ഒഴിക്കുന്നതും പതി വാക്കിയ പ്രിയരഞ്‌ജനോട്‌ (42) ആദിശേഖര്‍ ഇത്‌ മോശമല്ലേ മാമാ എന്ന്‌ ചോദിച്ചതില്‍ ക്ഷുഭിതനായി അവസരം നോക്കിയിരുന്ന പ്രതി സൈക്കിളില്‍ പോകുകയായിരുന്ന ആദിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ കയറ്റിയിറക്കി കൊല്ലുകയായിരുന്നു

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ കേസില്‍ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും. കേസില്‍ വിസ്താരം പൂര്‍ത്തിയായി. കേസില്‍ സാക്ഷികളെയും തെളിവുകളും ഹാജരാക്കാനില്ലെന്ന് ഗ്രോ വാസു കോടതിയില്‍ അറിയിച്ചു.വഴി തടസ്സപ്പെടുത്തിയതിനാണ് തന്റെ പേരില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ താന്‍ വഴി തടസ്സപ്പെടുത്തിയിട്ടില്ല. ഗൂഢാലോചനയും നടത്തിയിട്ടില്ല. പോലീസ് കള്ളക്കേസ് എടുക്കുകയാണ് ചെയ്ത്. മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. അത് മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന നിലയിലാണ്. വഴി തടസ്സപ്പെടുത്തിയെന്ന് ആരും പരാതി പറഞ്ഞിട്ടുമില്ലെന്ന് അദ്ദേഹം കോടതീയിൽ പറഞ്ഞു .നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സൂക്ഷിച്ചിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ പ്രതിഷേധിച്ചതിന്റെ പേരിലാണ് ഗ്രോ വാസുവിനെതിരെ കേസെടുത്തത്. അറസ്റ്റിലായ ഗ്രോ വാസു ജാമ്യമെടുക്കാനോ പിഴ അടക്കാനോ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഒന്നര മാസമായി ജയിലിലാണ്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ആലത്തുര്‍ മുന്‍ എം.പിയും സിപിഎം നേതാവുമായ പി.കെ ബിജുവിനും കുരുക്ക് മുറുകുന്നതായി റിപ്പോര്‍ട്ട്. പി.കെ ബിജുവിനെ ഇ.ഡി ചോദ്യം ചെയ്യും. ഹാജരാകുന്നതിന് ഇ.ഡി ബിജുവിന് ഉടന്‍ നോട്ടീസ് അയക്കും.എംഎല്‍എ എ.സി മൊയ്തീനെ ഇ.ഡി ഇന്നലെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മൊഴിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് നല്‍കണോ എന്നതില്‍ ഇ.ഡി തീരുമാനമെടുക്കും.അതേസമയം, പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ഇ.ഡി ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയെന്ന് എ.സി മൊയ്തീന്‍ പ്രതികരിച്ചിച്ചുരുന്നു. ഇ.ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കി. വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നു പറഞ്ഞ മൊയ്തീന്‍, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഇനിയും ഹാജരാകുമെന്നും വ്യക്തമാക്കി. അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച് ഇഡിക്ക് കത്ത് നല്‍കിയെന്നും പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നൽകിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു

കേരളത്തില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ഐ.എസ്. തീവ്രവാദി നബീല്‍ ഈ മാസം 16 വരെ എന്‍.ഐ.എ. കസ്റ്റഡിയില്‍. വിശദമായി ചോദ്യം ചെയ്യാന്‍ ഏഴുദിവസത്തെ കസ്റ്റഡിയാണ് എന്‍.ഐ.എ. ആവശ്യപ്പെട്ടിരുന്നത്. ഭീകരാക്രമണപദ്ധതിയില്‍ സെയ്ത് നബീല്‍ അഹമ്മദ് എന്ന നബീലിനു മുഖ്യപങ്കാളിത്തമുണ്ടെന്ന് എന്‍.ഐ.എ. കോടതിയില്‍ അറിയിച്ചിരുന്നു.തൃശൂര്‍ സ്വദേശിയായ നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം കൊടുത്തതെന്നാണ് എന്‍ ഐ എ യുടെ കണ്ടെത്തല്‍. ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താനായിരുന്നു നബീലിന്റെ പദ്ധതി. പ്രതിയെ ഗൂഢാലോചന നടന്ന കേന്ദ്രങ്ങളിലടക്കമെത്തിച്ചു തെളിവെടുപ്പു നടത്തും. പെറ്റ് ലവേര്‍സ് എന്നപേരില്‍ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം നടന്നത്.കേസിലെ രണ്ടാം പ്രതിയായ നബീലിനെ കഴിഞ്ഞ ആറിനു ചെെന്നെ വിമാനത്താവളത്തില്‍ നിന്നാണ് എന്‍.ഐ.എ. പിടികൂടിയത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ നേപ്പാളിലേക്കു കടക്കാനെത്തിയതായിരുന്നു. കേരളത്തിലെ ഐ.എസ്. മൊഡ്യൂളിന്റെ പ്രധാനികളില്‍ ഒരാളാണ് നബീലെന്നും പാലക്കാടും തൃശൂരും നടന്ന ഗൂഢാലോചനകളില്‍ പങ്കാളിയായിട്ടുണ്ടെന്നുമായിരുന്നു കണ്ടെത്തല്‍.ക്രിസ്തീയ മതപണ്ഡിതനെ അപായപ്പെടുത്താനും പദ്ധതിയുണ്ടായിരുന്നു. ഐഎസ് പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ തൃശൂര്‍- പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. ഖത്തറില്‍ നിന്നാണ് നബീല്‍ ഐ.എസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. കൊച്ചി പ്രത്യേക എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നേരത്തെ റിമാന്റ്് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ടു കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

കൊച്ചി: ആലുവയിൽ ഉറങ്ങികിടന്ന പെൺകുട്ടിയെ വീട്ടിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവം കേരളത്തിന്‌ തന്നെ നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടെന്നും പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീടിനുള്ളിൽ പോലും നമ്മുടെ പെൺമക്കൾക്ക് രക്ഷയില്ലെന്ന അവസ്ഥായി കഴിഞ്ഞു. ആലുവയിൽ അഞ്ചരവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്ത സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് അടുത്ത ഹൃദയഭേദകരമായ വാർത്ത വന്നിരിക്കുന്നത്. അതിഥികളെന്ന് വിളിച്ച് കൊട്ടിഘോഷിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് ക്ഷണിക്കുന്ന സർക്കാർ അവരുടെ പിഞ്ചുമക്കളെ വേട്ടക്കാർക്ക് എറിഞ്ഞുകൊടുക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ പറ‍ഞ്ഞു.

കഴിഞ്ഞ ദിവസം യുപിയിൽ അധ്യാപിക കുട്ടിയെ മർദിച്ച സംഭവത്തിൽ വിദ്യാർത്ഥിയെ കേരളത്തിൽ പഠിപ്പിക്കാൻ തയ്യാറാണെന്ന് പറഞ്ഞ സർക്കാർ ആദ്യം ഇവിടെയുള്ള കുഞ്ഞുങ്ങൾക്ക് സംരക്ഷണമാണ് ഒരുക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ലഹരി മാഫിയകളും ക്രിമിനലുകളും അഴിഞ്ഞാടുമ്പോൾ പോലീസ് ഉറങ്ങുകയണ് എന്ന് കുറ്റപ്പെടുത്തിയ സുരേന്ദ്രൻ യുപി മോഡലിൽ ശക്തമായ നടപടി എടുക്കണം എന്നും ആവശ്യപ്പെട്ടു.

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോൾ ക്രിമിനലുകളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞു. പീഡനത്തിന്റെയും ബലാത്സംഗത്തിന്റെയും കാര്യത്തിൽ രാജസ്ഥാനുമായി മത്സരിക്കുകയാണ് കേരളമെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കൊച്ചി : ആലുവയിൽ ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്ത കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയെന്ന് സംശയം. ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾക്കായുള്ള ഊർജിതമായ തെരച്ചിലാണ് നടക്കുന്നത്. ചില മോഷണക്കേസിലും ഇയാൾ പ്രതിയാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. വീട്ടിൽ ഉറങ്ങി കിടന്ന എട്ടുവയസുകാരിയെ പുലർച്ചെ രണ്ട് മണിയോടെയാണ് തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്ത വാർത്ത ഇന്ന് പുലർച്ചെയാണ് പുറത്തുവന്നത്. കാണാതായ കുട്ടിയെ നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കുട്ടിയെ ഗുരുതര പരിക്കുകളോടെ പാടത്തിനു സമീപം കണ്ടെത്തുകയായിരുന്നു.

ചാത്തൻപുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊടുപോയത്. ബിഹാർ സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കൾ. കുട്ടിയുടെ അച്ഛൻ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് പോയതിനാൽ അമ്മയും മൂന്ന് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജനൽവഴി കൈയ്യിട്ട് വാതിൽ തുറന്ന പ്രതി കുട്ടിയുമായി പുറത്തിറങ്ങിയശേഷം വാതിൽ പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു.

പ്രതി കുട്ടിയുമായി പോകുന്നതിനിടെ കരച്ചിൽ കേട്ടാണ് സമീപവാസികൾ വിവരമറിയുന്നത്. ശബ്ദം കേട്ട് സമീപവാസി പുറത്തേക്ക് നോക്കിയപ്പോൾ ഒരാൾ കുട്ടിയുമായി ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇതോടെ മറ്റുള്ളവരെ വിവരമറിയിച്ച് തിരച്ചിൽ ആരംഭിച്ചു. ഇതോടെ പ്രതി കുട്ടിയെ സമീപത്തെ വയലിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് വിവരം.

തിരച്ചിലിനിറങ്ങിയ നാട്ടുകാർ ചോരയൊലിച്ചനിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വിവസ്ത്രയായി കരഞ്ഞുകൊണ്ടുവന്ന കുട്ടി ഹിന്ദിയിലാണ് സംസാരിച്ചത്. ഇതോടെയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണെന്ന് വ്യക്തമായത്. തുടർന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ വീടിന്റെ വാതിൽ പുറത്തുനിന്ന പൂട്ടിയിട്ടനിലയിലായിരുന്നു. തുടർന്ന് വീട് തുറപ്പിച്ചു. കുട്ടിയെ കണ്ട അമ്മ ഞെട്ടി നിലവിളിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാർ പൊലീസിനെ വിളിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പ്രതിക്ക് വേണ്ടി തിരച്ചിൽ വ്യാപിപ്പിച്ച പൊലീസിനു മണിക്കൂറുകൾക്കുള്ളിൽ തന്നെ തോട്ടുമുഖം ഭാഗത്തുനിന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി. കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയാക്കി.

ലണ്ടൻ : ഓൺലൈനിൽ വിഷം വിൽക്കുന്ന കാനഡ സ്വദേശിക്കെതിരെ അന്വേഷണം ശക്തമാക്കി യുകെ പോലീസ്. കെന്നത്ത് ലോയ്ക്കിന് യു കെ യിൽ ആത്മഹത്യ ചെയ്ത 88 വ്യക്തികളുടെ മരണവുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. കനേഡിയൻ വെബ്സൈറ്റുകളിൽ നിന്ന് ലഹരിവസ്തുക്കൾ വാങ്ങി ജീവനൊടുക്കിയവരുടെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. മരിക്കാനായി സഹായം നൽകൽ, പ്രേരിപ്പിക്കൽ തുടങ്ങി കുറ്റങ്ങൾ ചുമത്തി 57 കാരനായ ലോയെ കഴിഞ്ഞ മേയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജീവനൊടുക്കാൻ ആഗ്രഹിക്കുന്നവരെ ടാർഗറ്റ് ചെയ്ത് ഓൺലൈനിൽ ലഹരി വസ്തു വിറ്റതിനെതിരെയാണ് ലോയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

2021 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ കനേഡിയൻ വെബ്സൈറ്റിൽ നിന്ന് ആത്മഹത്യ ചെയ്യാനുള്ള മരുന്ന് വാങ്ങിയ 232 പേരെ കണ്ടെത്തിയതായി യുകെയുടെ നാഷണൽ ക്രൈം ഏജൻസി വെളിപ്പെടുത്തിയിട്ടുണ്ട് . ഇവരിൽ 88 പേർ മരിച്ചിട്ടുണ്ടെങ്കിലും കനേഡിയൻ വെബ്സൈറ്റും ഇവരുടെ മരണവും തമ്മിലുള്ള ബന്ധം ഇത് വരെയും വ്യക്തമാക്കിയിട്ടില്ലെന്ന് ബ്രിട്ടീഷ് അധികൃതർ പറഞ്ഞു. വിഷയത്തിൽ സൂക്ഷ്മമായി അന്വേഷണം നടന്ന് വരികയാണെന്നാണ് യുകെയിലെ ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തത്.

ആത്മഹത്യ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ലോയ്ക്ക് നൽകുന്നത് വൈറ്റ് ക്രിസ്റ്റലൈൻ സബ്സ്റ്റൻസ് എന്ന രാസവസ്തുവാണ്. ഇവ ഉപയോഗിക്കുമ്പോൾ ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ് ശ്വാസ തടസ്സമുണ്ടാകുകയും മരണത്തിനു കാരണമാവുകയുമാണ് ചെയ്യുന്നത്. 1200 പാക്കറ്റുകളാണ് 40 രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി ഓർഡർ ചെയ്തവർക്ക് ലോയ്ക്ക് അയച്ചു നൽകിയിരിക്കുന്നത്. നിലവിൽ അമേരിക്ക, ന്യൂസിലൻഡ്, ഇറ്റലി, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ കേസിലുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ബംഗളുരു : ബംഗളൂരു മൈസൂരു അതിവേഗ പാത ഉദ്ഘാടനം ചെയ്തതിനുശേഷം നിരവധി അപകടങ്ങൾ ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ പാതയിലിപ്പോൾ കവർച്ചാ സംഘങ്ങളുടെ ശല്യമാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. വണ്ടികൾ റോഡരികിൽ നിർത്തുമ്പോൾ കവർച്ചാസംഘം ബൈക്കിലെത്തി ആക്രമിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും കവർച്ച നടത്തുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരൊറ്റ ദിവസം കൊണ്ട് ശ്രീരംഗപട്ടണത്ത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി 70 ഗ്രാം സ്വർണമാണ് കവർച്ചാസംഘം തട്ടിയെടുത്തത്.

നഗുവനഹള്ളി ഗേറ്റിന് സമീപം കാർ നിർത്തി വിശ്രമിച്ചപ്പോൾ ഉഡുപ്പി സ്വദേശികളായ ശിവപ്രസാദ്, ഭാര്യ സുമ എന്നിവരാണ് കവർച്ചയ്ക്കിരയായത്. ബൈക്കിലെത്തിയ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി 30 ഗ്രാമിന്റെ സ്വർണമാല ഇവരിൽ നിന്നും കവരുകയായിരുന്നു. അന്നുതന്നെ കോലാർ സ്വദേശികളായ ഡോ. മാനസ ഡോ. രക്ഷത് റെഡ്‌ഡി എന്നിവരിൽ നിന്ന് അക്രമികൾ 40 ഗ്രാമിന്റെ മാല ആയുധം കാട്ടി ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു.

രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പുതിയ പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് നിരോധനമുണ്ടെങ്കിലും രാത്രികാലങ്ങളിൽ കവർച്ചാ സംഘങ്ങൾ ബൈക്കിലെത്തുന്നുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഒരു കാരണവശാലും കാർ നിർത്തരുതെന്നും എന്തെങ്കിലും അസ്വഭാവികത ഉണ്ടായാൽ അറിയിക്കണമെന്നും മാണ്ട്യ എസ് പി പറഞ്ഞിരിക്കുകയാണ്.