Crime (Page 4)

തിരുവനന്തപുരം : ഡോക്ടർ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ വിദ്യാഭാസ വകുപ്പ് ജോലിയിൽ പിരിച്ചു വിട്ടു. കൊല്ലം നെടുമ്പന യു പി സ്കൂളിലെ അധ്യാപകനായിരുന്ന സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. ഇയാളെ കേസിൽ പ്രതി ആയപ്പോൾ തന്നെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. സന്ദീപ് അധ്യാപകർക്കെല്ലാം കളങ്കമാണെന്ന് വിദ്യാഭാസ മന്ത്രി ശിവൻ കുട്ടി പറഞ്ഞു.

കഴിഞ്ഞ മെയ് 10 ന് പുലർച്ചെയായിരുന്നു കോട്ടയം സ്വദേശിയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനുമായ വന്ദനയെ സന്ദീപ് കുത്തി കൊലപ്പെടുത്തിയത്. ആറു തവണ കുത്തേറ്റ വന്ദന ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് മരിച്ചത്. അടുത്തിടെ വന്ദനയ്ക്കുള്ള ആദരസൂചകമായി ഡോക്ടർ പദവി ആരോഗ്യ സർവ്വകലാശാല അച്ഛനും അമ്മയ്ക്കും സമ്മാനിച്ചിരുന്നു

കൊച്ചി : പ്രതിയുടെ എ ടി എം കാർഡ് വാങ്ങി 4 ലക്ഷം രൂപ പണം തട്ടിയ സി ഐ ഉൾപ്പെടെ മൂന്ന് കർണാടക പോലീസ് ഉദ്യോഗസ്ഥരെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. പണം തട്ടിയ ശേഷം പ്രതി അഖിലിനെ വഴിയിലിറക്കി വിട്ട പോലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 26 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലായിരുന്നു അഖിൽ, നിഖിൽ എന്നിവരെ കർണാടക വൈറ്റ് ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകി കർണാടക പോലീസ് ഇവരിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എ ടി എം കാർഡ് ഉപയോഗിച്ച് 4 ലക്ഷം രൂപ കർണാടക പോലീസ് കൈക്കലാക്കിയതിനെ തുടർന്നാണ് കളമശ്ശേരി പോലീസിൽ പ്രതി പരാതി നൽകിയത്. അന്വേഷണത്തിനൊടുവിൽ എറണാകുളം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നാണ് കർണാടക പോലീസിനെ കേരള പോലീസ് പിടികൂടിയത്. വൈറ്റ് ഫോർട്ട് പോലീസ് സ്റ്റേഷനിലെ ശിവണ്ണ, സന്ദേശ്, വിജയകുമാർ എന്നീ പോലീസുകാരെയാണ് പ്രതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയതിൽ കസറ്റഡിയിലെടുത്തത്.

കൊട്ടാരക്കര : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസ് കൊലക്കേസിന്റെ കുറ്റ പത്രം ചൊവ്വാഴ്ച്ച കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. പ്രതിയും സ്കൂൾ അധ്യാപകനുമായിരുന്ന സന്ദീപ് മനപൂർവ്വമാണ് കൊല നടത്തിയതെന്ന് കാണിക്കുന്ന തെളിവുകളും നൂറോളം സാക്ഷി മൊഴികളും ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കയ്യിലുണ്ട്. പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടാണ് കൃത്യം നടത്തിയതെന്നാണ് പ്രതി ഭാഗത്തിന്റെ വാദം. കുറ്റപത്രം വാങ്ങി ഉടൻ തന്നെ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന ആവശ്യം അന്വേഷണ സംഘം കോടതിയ്ക്ക് മുൻപാകെ സമർപ്പിക്കും.

സന്ദീപിന്റെ വസ്ത്രത്തിലെ വന്ദനയുടെ രക്തക്കറയും സി സി ടി വി ദൃശ്യകളും ദൃക്‌സാക്ഷികളായ വന്ദനയുടെ സുഹൃത്തുക്കളുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും കൊണ്ട് പ്രതി രക്ഷപ്പെടാത്ത രീതിയിലുള്ള കുറ്റപത്രമാണ് സമർപ്പിക്കുന്നത്. യാതൊരു വിധത്തിലുള്ള മാനസിക രോഗവും പ്രതിക്കില്ലെന്ന് അന്വേഷണ സംഘം സാക്ഷ്യപ്പെടുത്തിയെങ്കിലും മദ്യാസക്തിയെ തുടർന്നുള്ള വിത്ത് ഡ്രോവൽ സിൻഡ്രോവുമായി ബന്ധപ്പെട്ട് മാനസിക പ്രശ്നം പ്രതി പ്രകടിപ്പിച്ചുവെന്ന് പ്രതിഭാഗം വാദിക്കുന്നുണ്ട്. എഫ് ഐ ആറിലെ പിഴവ് അടക്കം അനേകം പ്രശ്നങ്ങൾ അന്വേഷണ സംഘം നേരിട്ടെങ്കിലും അത് കേസിനെ സ്വാധീനിക്കില്ലെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തുന്നത്.

തിരുവനന്തപുരം : ആലുവയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി നടൻ കൃഷ്ണകുമാർ. ജനം എല്ലാം കാണുന്നുണ്ടെന്നും കണക്ക് പറയാൻ അവർക്ക് കൈതരിക്കുന്നുണ്ടെന്നും നടൻ പ്രതികരിച്ചു. മണിപ്പൂരിലെ ഉൾഗ്രാമങ്ങളിൽ ഉണ്ടായ സംഭവങ്ങളിൽ പ്രതികരണം നടത്താൻ തീപ്പെട്ടി തെളിക്കുന്ന പ്രബുദ്ധ മലയാളികളെ നമ്മൾ കണ്ടില്ലലോ എന്നും അദ്ദേഹം വിമർശനം നടത്തി.

മണിപ്പൂർ കലാപത്തിൽ അപമാന ഭാരം കൊണ്ട് ഒരു പ്രമുഖ നടന്റെ തല താഴ്ന്ന് പോയിട്ട് തിരികെ വന്നോയെന്ന് നടൻ പരിഹസിക്കുകയും ചെയ്തു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു നടന്റെ ആലുവ വിഷയത്തിലെ പ്രതികരണം. മദ്യവും മയക്കുമരുന്നുമൊക്കെ നിറച്ച് കേരളത്തെ നമ്പർ വൺ ആക്കിയ സർക്കാർ ഉള്ളിടത്തോളം കാലം കേരളത്തിൽ ആരും സുരക്ഷിതർ അല്ലെന്നും ഹിന്ദുവായി ജനിച്ചാൽ പിന്നെ പറയേണ്ട എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ആലുവയിലെ അഞ്ച് വയസുകാരിക്ക് മാപ്പ് ചോദിച്ചു കൊണ്ടാണ് നടന്റെ ഫേസ്‌ബുക് പോസ്റ്റ് അവസാനിക്കുന്നത്.

ആലുവ : ചാന്ദ്നിയുടെ കൊലപാതകം ദാരുണമായ സംഭവമെന്ന പ്രതികരണവുമായി മന്ത്രി പി രാജീവ്. പ്രതിയെ വേഗത്തിൽ പിടികൂടിയതിനാൽ കുട്ടിയെ തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മന്ത്രി പ്രതികരിച്ചു. കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വളരെ വേദനിപ്പിക്കുന്ന സംഭവമാണ് നടന്നതെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പ്രതികരിച്ചു. പ്രതി ഇന്നലെ വൈകിട്ട് മദ്യ ലഹരിയിൽ അടിപിടി കൂടുമ്പോൾ കുട്ടി ഇല്ലായിരുന്നുവെന്നും അതിനാൽ ആരുടെയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോ എന്ന പരിശോധിച്ച് വരികയാണെന്നും ഡി ഐ ജി ശ്രീനിവാസ് പറഞ്ഞു.

കൊലപാതകത്തെകുറിച്ച് കൂടുതൽ വിവരം ലഭിച്ചിട്ടില്ലെന്നും ഇൻക്വസ്റ്റ് നടന്ന് വരുന്നതിനാൽ കൂടുതൽ വിവരങ്ങൾ അതിന് ശേഷം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. അതെ സമയം പ്രതിയുമായി തെളിവെടുപ്പിനെത്തിയ പോലീസ് ജനങ്ങളുടെ പ്രതിഷേധം മൂലം നടപടികൾ പൂർത്തിയാക്കാതെ പ്രതിയുമായി തിരികെ പോയി.

കൊച്ചി : ആലുവയിൽ പെൺകുട്ടിയെ തട്ടി കൊണ്ട് പോയി കൊലപ്പെടുത്തിയത് അസ്ഫാക്ക് ആലം തന്നെയെന്ന് കണ്ടെത്തി. പ്രതിക്കൊപ്പം സഹായികൾ ഉണ്ടായിരുന്നോ എന്ന വസ്തുതയാണ് ഇനി പൊലീസിന് പരിശോധിക്കേണ്ടതായുള്ളത്. കുട്ടിയെ സുഹൃത്തിന് കൈ മാറിയെന്നുള്ള പ്രതിയുടെ ആദ്യത്തെ മൊഴി സി സി ടി വി ദൃശ്യങ്ങളിലൂടെയാണ് കളവാണെന്ന് തെളിഞ്ഞത്. ആലുവ ചൂർണിക്കര പഞ്ചായത്തിലെ ഗാരേജിന് സമീപം താമസിക്കുന്ന ബീഹാർ സ്വദേശികളുടെ മകൾ ചാന്ദ്നി കുമാരി (5 ) നെയാണ് ആസാം സ്വദേശി അസ്ഫാക്ക് കൊലപ്പെടുത്തിയത്.

ആലുവ മാർക്കെറ്റിന് സമീപം കാട് മൂടിയ മാലിന്യ കൂമ്പാരത്തിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 21 മണിക്കൂർ പിന്നിട്ട ശേഷം ചാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയെ എന്തിന് കൊന്നുവെന്നോ , എങ്ങനെ കൊലപ്പെടുത്തിയെന്നോ പ്രതി വ്യക്തമാക്കിയിട്ടില്ല. രണ്ട് ദിവസം മുൻപാണ് പ്രതി പെൺകുട്ടി താമസിക്കുന്ന വീടിന് മുകളിലത്തെ നിലയിൽ താമസിക്കാനെത്തിയത്. തായിക്കാട്ടുകാര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ചാന്ദ്നിക്കും സഹോദരങ്ങൾക്കും കഴിഞ്ഞ ദിവസം സ്കൂൾ അവധിയായിരുന്നതിനാൽ വീട്ടിൽ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയെ വീട്ടിൽ നിന്ന് കൊണ്ട് പോയ പ്രതി കടയിൽ നിന്ന് ജ്യൂസ് വാങ്ങി നൽകി പാളം മുറിച്ചു കടന്നു പോകുന്ന ദൃശ്യങ്ങൾ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

പ്രതിയെ ആദ്യ ദിവസം തന്നെ പിടികൂടിയെങ്കിലും മദ്യലഹരിയിലായതിനാൽ വ്യക്തമായ വിവരം ഇയാളിൽ നിന്ന് ലഭിച്ചിരുന്നില്ല. മലയാളം നന്നായി അറിയാവുന്ന ചാന്ദ്നിയെ വീട്ടുക്കാർ ജോലി കഴിഞ്ഞെത്തിയപ്പോഴാണ് കാണാനില്ലെന്ന് മനസിലായത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാവിലെ ഒടിച്ച് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം ലഭിക്കുന്നത്.

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ഭീകരരെ ആയുധ ശേഖരങ്ങളുമായി പിടി കൂടി. കർണാടക സ്വദേശികളായ അഞ്ച് പേരെയാണ് വെടിക്കോപ്പുകളും തോക്കുകളുമായി സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്തസിർ, സാഹിദ് എന്നിവരെയാണ് ഹെബ്ബാളിനടുത്തുള്ള സുൽത്താൻ പാളയത്തിലെ ഒരു വീട്ടിൽ നിന്ന് പിടി കൂടിയത്. സംഘത്തിലുള്ള മറ്റ് 5 ഭീകരർക്കായി സി സി ബി അന്വേഷണം തുടരുകയാണെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ത് വ്യക്തമാക്കി.

ഇവരെ ബെംഗളൂരു സെൻട്രൽ ജയിലിൽ വച്ച് തീവ്രവാദപ്രവർത്തനത്തിന് പ്രേരിപ്പിച്ചത് തടിയന്റവിട നസിറാണെന്നും ആക്രമണത്തിന്റെ സൂത്രധാരൻ അയാൾ തന്നെയാണെന്നും സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം വ്യക്തമാക്കുന്നു. ലഷ്‌കർ ത്വയ്യിബയുമായി ബന്ധമുള്ള ഇവർ ബംഗളുരുവിൽ വലിയ സ്ഫോടനം നടത്താൻ പദ്ധതിയിട്ടതായി സി സി ബി അറിയിച്ചു. 7 നാടൻ തോക്കുകൾ, 45 ഉണ്ടകൾ, കത്തികൾ, വാക്കി ടോക്കി സെറ്റുകൾ, 12 മൊബൈലുകൾ, നിരവധി സിം കാർഡുകൾ എന്നിവ ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. പ്രതികളെല്ലാം 2017 മുതൽ കൊലക്കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു ജയിലിലായിരുന്നുവെന്നും ജാമ്യത്തിലിറങ്ങി വര്ഷങ്ങളായി ഭീകരാക്രമത്തിന് പദ്ധതി ഇട്ട് വരുന്നതായും പോലീസ് പറഞ്ഞു.

സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്ന പരിശീലനം ജയിലിൽ പ്രതികൾക്ക് കിട്ടിയെന്നാണ് വിവരം. സി സി ബിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കൊലപാതകം, പിടിച്ചുപറി എന്നീ കുറ്റങ്ങളിൽ ജയിലിലകപ്പെട്ടയിവർ പരപ്പന അഗ്രഹാര ജയിലിൽ വച്ചാണ് തടിയന്ടവിട നസിറുമായി ചങ്ങാത്തം കൂടുന്നതും ഭീകരപ്രവർത്തനത്തിന് പദ്ധതിയിടുന്നതുമെന്ന് പോലീസ് പറഞ്ഞു. അന്വേഷണം നടക്കുന്നതിനാൽ പ്രതികളെപ്പറ്റി കൂടുതൽ വിവരങ്ങൾ പിന്നീട് മാത്രമേ പുറത്തുവിടുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു

ബംഗളൂരു: ബംഗളൂരുവിനെ നടുക്കി ഇരട്ടക്കൊലപാതകം. ടെക് കമ്പനിയുടെ എംഡിയും സിഇഒയുമാണ് കൊല്ലപ്പെട്ടത്. എയ്‌റോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എംഡി പാണീന്ദ്ര സുബ്രഹ്മണ്യ, സിഇഒ വിനു കുമാർ തുടങ്ങിയവരാണ് കൊലചെയ്യപ്പെട്ടത്. ഈ കമ്പനിയിലെ മുൻ ജീവനക്കാരൻ ഫെലിക്‌സ് എന്ന യുവാവാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

നോർത്ത് ബെംഗളൂരുവിലെ അമൃതഹള്ളിയിൽ പമ്പ എക്സ്റ്റൻഷനിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിൽ പോയി. ജോക്കർ ഫെലിക്‌സ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉള്ള ആളാണ് പ്രതി. ഫെലിക്‌സ് ഉൾപ്പടെ മൂന്ന് പേർ കൊലപാതക സംഘത്തിൽ ഉൾപ്പെട്ടുണ്ട്. സംഘം ഓഫീസിൽ അതിക്രമിച്ച് കയറി ഇരുവരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ജോലിയിൽ നിന്ന് പിരിച്ചു വിട്ട ശേഷം ഫെലിക്‌സ് മറ്റൊരു സ്റ്റാർട്ട് അപ്പ് തുടങ്ങിയിരുന്നു. എയ്‌റോണിക്‌സ് എന്ന കമ്പനി തന്റെ സ്റ്റാർട്ട് അപ്പിന് ഭീഷണിയാകുമോയെന്ന് ഫെലിക്‌സ് ഭയപ്പെട്ടിരുന്നു. ഇക്കാരണത്താൽ കൂടിയാണ് ഫെലിക്സ് ഇത്തരമൊരു ഹീനകൃത്യത്തിന് മുതിർന്നത്.

തിരുവനന്തപുരം: വ്യാജ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് സജീവം. പല ഉപഭോക്താക്കളില്‍ നിന്നും പണം നഷ്ടമായതോടെ ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, വൈദ്യുതി ബോര്‍ഡിന്റെ പേരിലും ഇത്തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ വഴി പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഒറ്റത്തവണ പാസ്വേഡ് ദുരുപയോഗം ചെയ്ത് പണം തട്ടുന്ന രീതി ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. സ്‌ക്രീന്‍ പങ്കുവെക്കല്‍ സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അവ തുറന്നാലുടന്‍ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക ലഭിക്കും.

ഇത്തരത്തിലുള്ള ചില ആപ്‌ളിക്കേഷനുകള്‍ പരിചയപ്പെടാം

  • എനി ഡെസ്‌ക് റിമോട്ട് ഡെസ്‌ക്ടോപ് സോഫ്‌റ്റ്വേര്‍
  • ടീം വീവര്‍ റിമോട്ട് കണ്‍ട്രോള്‍
  • എയര്‍ ട്രോയിഡ് ഫയല്‍ ആന്‍ഡ് റിമോട്ട് ആക്‌സസ്
  • സ്‌ക്രീന്‍ ഷെയര്‍ റിമോട്ട് അസിസ്റ്റന്റ്
  • ടീം വീവര്‍ ക്വിക് സപ്പോര്‍ട്ട്
  • എയര്‍ മിറര്‍ റിമോട്ട് കണ്‍ട്രോള്‍
  • റെമോട്രോയിഡ്
  • വി.എന്‍.സി. വ്യൂവര്‍ റിമോട്ട് ഡെസ്‌ക്ടോപ്
  • ടീം വീവര്‍ ഹോസ്റ്റ്

അതേസമയം, ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യസ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ല. ഒരു ആപ്ലിക്കേഷനും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടാറില്ല. ഇത്തരം ഫോണ്‍കോളുകള്‍, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകള്‍ എന്നിവ അവഗണിക്കുകയും, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, അവയുടെ കാലാവധി അവസാനിക്കുന്ന തിയ്യതി, സി.വി.സി, ഒ.ടി.പി, പിന്‍ നമ്പറുകള്‍ എന്നിവ ആരുമായും പങ്കുവെക്കുകയുമരുത്.

nalanda

ന്യൂഡൽഹി: ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സർവ്വകലാശാലയായിരുന്നു നളന്ദ സർവകലാശാല. ലോകത്തിൽ ഇന്ന് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഓക്‌സ്‌ഫോർഡ് സർവകലാശാല സ്ഥാപിതമാകുന്നതിനും മുൻപ് തന്നെ നളന്ദ സർവ്വകലാശാല നിലവിലുണ്ട്.

ഗുപ്ത സാമ്രാജ്യത്തിലെ കുമാരഗുപ്തൻ പണി കഴിപ്പിച്ച നളന്ദ സർവകലാശാലയിൽ ലോകമെമ്പാടുമുള്ള രണ്ടായിരത്തിലേറെ അധ്യാപകരും പതിനായിരത്തിലേറെ വിദ്യാർത്ഥികളും ഉണ്ടായിരുന്നു. 427 മുതൽ 1197 വരെ നിലവിൽ ഉണ്ടായിരുന്ന നളന്ദ സർവകലാശാലയിൽ വിദ്യാർത്ഥികൾ എല്ലാം തന്നെ അവിടെ താമസിച്ചു കൊണ്ടാണ് വിദ്യ അഭ്യസിച്ചിരുന്നത്.

നൂറ്റാണ്ടുകൾക്ക് മുൻപ് നശിപ്പിക്കപ്പെട്ട നളന്ദ സർവ്വകലാശാല പുനരുദ്ധാരണത്തിന്റെ പാതയിലാണിപ്പോൾ. കുത്തുബ്ദീൻ ഐബക്കിന്റെ സൈന്യാധിപനായ ഖിൽജിയാണ് 1193 ൽ നളന്ദ സർവ്വകലാശാല നശിപ്പിച്ചത്.

നളന്ദ യൂണിവേഴ്‌സിറ്റി അതിന്റെ ഗതകാലപ്രൗഢിയോടെ പുനരുദ്ധരിക്കണമെന്ന സ്വപ്നം ആദ്യമായി കണ്ടത് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ആയിരുന്നു. അതിനായി അമർത്യ സെൻ അടക്കമുള്ള ചിലർക്കായിരുന്നു 2010 മുതൽ ഇതിന്റെ ചുമതല നൽകിയിരുന്നത്. കോടികൾ ധൂർത്തടിച്ചിട്ടും ഡൽഹിയിലെ പഞ്ചനക്ഷത്ര പാർട്ടികൾ അല്ലാതെ നളന്ദ സർവ്വകലാശാല പുനരുദ്ധാരണം നടന്നില്ല.

താത്ക്കാലിക ക്യാമ്പസിൽ ചില കോഴ്സുകൾ തുടങ്ങിയത് മാത്രമായിരുന്നു ഇക്കാലയളവിൽ ഉണ്ടായ ഒരേയൊരു നേട്ടം. എന്നാൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ നളന്ദ യൂണിവേഴ്‌സിറ്റിയുടെ പുനർനിർമ്മാണം പൂർത്തിയായി. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിലാണ് സർവ്വകാലാശാല രൂപകൽപ്പന ചെയ്തിരിക്കുന്നത്.

400 ഏക്കറുള്ള ക്യാമ്പസിൽ 100 ഏക്കർ ജലാശയമാണ്. 2017 ൽ അമർത്യ സെന്നിനെ ചുമതലയിൽ നിന്ന് മാറ്റിയ ശേഷമാണ് സർവ്വകലാശാലയുടെ പുനർ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞത്. നളന്ദയുടെ പുനർനിർമ്മാണത്തിന് മുൻനിരയിൽ നിന്നും പ്രവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് സർവ്വകലാശാല അധികൃതർ പദ്ധതിയിടുന്നത്. മികച്ച സൗകര്യങ്ങളിലാണ് സർവ്വകലാശാല ഒരുക്കിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.