കേരളത്തിൽ ഓൺലൈന്‍ലോണ്‍ തട്ടിപ്പുകള്‍ പെരുകുന്നുവെന്ന് സൈബര്‍ സെല്‍

ഓൺലൈന്‍ ലോണ്‍ തട്ടിപ്പുകള്‍ സംസ്ഥാനത്ത് പെരുകുന്നുവെന്ന് സൈബര്‍ സെല്‍. ഇതുവരെ 1440 പരാതികളാണ് ഈ വര്‍ഷം ലഭിച്ചത്.തട്ടിപ്പിനിരയാകുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബര്‍ സെല്‍ വ്യക്തമാക്കുന്നു. അശങ്കപെടുത്തുന്ന ഈ കണക്കുകള്‍ പുറത്തു വരുന്നത് കൊച്ചിയിലെ കൂട്ട ആത്മഹത്യയുടെ കാരണം ലോണ്‍ കെണിയാണെന്ന പരാതിക്ക് പിന്നാലെയാണ്.കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ പൊലീസിന് ലഭിച്ചത് 14897 ഓണ്‍ലൈന്‍ തട്ടിപ്പ് പരാതികള്‍.ലോണ്‍ ആപ്പുകളെ സംബന്ധിച്ചുള്ളതാണ് ഇതില്‍ പത്ത് ശതമാനവും. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്റനെറ്റില്‍ ലോണ്‍ എന്ന് തിരഞ്ഞാല്‍ ആപ്പുകളുടെ പരസ്യമെത്തും. ഫോണിലെ ലൊക്കേഷനും, കോണ്ടാക്റ്റും, ഫോട്ടോസും പങ്കിടാന്‍ അനുവാദം നല്‍കുന്നതോടെ സെക്കന്റുകള്‍ക്കുള്ളില്‍ ലോണ്‍ റെഡി. തിരിച്ചടവ് മുടങ്ങിയാലും, ചിലപ്പോള്‍ തിരിച്ചടവ് പൂര്‍ത്തിയാക്കിയാല്‍ പോലും പണം ആവശ്യപ്പെട്ട് ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തും. പണം നല്‍കില്ലെങ്കില്‍ അശ്ലീല ചിത്രങ്ങളില്‍ മുഖം മോര്‍ഫ് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കും. സ്ത്രീകളാണ് ഈ ചതിയില്‍പെടുന്നവരില്‍ അധികവും.അതേസമയം സഹകരണ ബാങ്കുകളും, തൊഴിലാളി സംഘങ്ങളും സജീവമായതിനാല്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് വളരെ കുറവാണെന്നും സൈബര്‍ പൊലീസ് അറിയിക്കുന്നു. 25 പരാതികളില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു