ബംഗളൂരു മൈസൂരു അതിവേഗ പാതയിൽ കവർച്ചാ സംഘങ്ങളുടെ ശല്യം പെരുകുന്നു

ബംഗളുരു : ബംഗളൂരു മൈസൂരു അതിവേഗ പാത ഉദ്ഘാടനം ചെയ്തതിനുശേഷം നിരവധി അപകടങ്ങൾ ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ പാതയിലിപ്പോൾ കവർച്ചാ സംഘങ്ങളുടെ ശല്യമാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. വണ്ടികൾ റോഡരികിൽ നിർത്തുമ്പോൾ കവർച്ചാസംഘം ബൈക്കിലെത്തി ആക്രമിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും കവർച്ച നടത്തുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരൊറ്റ ദിവസം കൊണ്ട് ശ്രീരംഗപട്ടണത്ത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി 70 ഗ്രാം സ്വർണമാണ് കവർച്ചാസംഘം തട്ടിയെടുത്തത്.

നഗുവനഹള്ളി ഗേറ്റിന് സമീപം കാർ നിർത്തി വിശ്രമിച്ചപ്പോൾ ഉഡുപ്പി സ്വദേശികളായ ശിവപ്രസാദ്, ഭാര്യ സുമ എന്നിവരാണ് കവർച്ചയ്ക്കിരയായത്. ബൈക്കിലെത്തിയ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി 30 ഗ്രാമിന്റെ സ്വർണമാല ഇവരിൽ നിന്നും കവരുകയായിരുന്നു. അന്നുതന്നെ കോലാർ സ്വദേശികളായ ഡോ. മാനസ ഡോ. രക്ഷത് റെഡ്‌ഡി എന്നിവരിൽ നിന്ന് അക്രമികൾ 40 ഗ്രാമിന്റെ മാല ആയുധം കാട്ടി ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു.

രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പുതിയ പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് നിരോധനമുണ്ടെങ്കിലും രാത്രികാലങ്ങളിൽ കവർച്ചാ സംഘങ്ങൾ ബൈക്കിലെത്തുന്നുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഒരു കാരണവശാലും കാർ നിർത്തരുതെന്നും എന്തെങ്കിലും അസ്വഭാവികത ഉണ്ടായാൽ അറിയിക്കണമെന്നും മാണ്ട്യ എസ് പി പറഞ്ഞിരിക്കുകയാണ്.