ഓൺലൈനിൽ വിഷം വിൽക്കുന്ന കാനഡ സ്വദേശിക്കെതിരെ അന്വേഷണം ശക്തമാക്കി യുകെ പോലീസ്

ലണ്ടൻ : ഓൺലൈനിൽ വിഷം വിൽക്കുന്ന കാനഡ സ്വദേശിക്കെതിരെ അന്വേഷണം ശക്തമാക്കി യുകെ പോലീസ്. കെന്നത്ത് ലോയ്ക്കിന് യു കെ യിൽ ആത്മഹത്യ ചെയ്ത 88 വ്യക്തികളുടെ മരണവുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. കനേഡിയൻ വെബ്സൈറ്റുകളിൽ നിന്ന് ലഹരിവസ്തുക്കൾ വാങ്ങി ജീവനൊടുക്കിയവരുടെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. മരിക്കാനായി സഹായം നൽകൽ, പ്രേരിപ്പിക്കൽ തുടങ്ങി കുറ്റങ്ങൾ ചുമത്തി 57 കാരനായ ലോയെ കഴിഞ്ഞ മേയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജീവനൊടുക്കാൻ ആഗ്രഹിക്കുന്നവരെ ടാർഗറ്റ് ചെയ്ത് ഓൺലൈനിൽ ലഹരി വസ്തു വിറ്റതിനെതിരെയാണ് ലോയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

2021 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ കനേഡിയൻ വെബ്സൈറ്റിൽ നിന്ന് ആത്മഹത്യ ചെയ്യാനുള്ള മരുന്ന് വാങ്ങിയ 232 പേരെ കണ്ടെത്തിയതായി യുകെയുടെ നാഷണൽ ക്രൈം ഏജൻസി വെളിപ്പെടുത്തിയിട്ടുണ്ട് . ഇവരിൽ 88 പേർ മരിച്ചിട്ടുണ്ടെങ്കിലും കനേഡിയൻ വെബ്സൈറ്റും ഇവരുടെ മരണവും തമ്മിലുള്ള ബന്ധം ഇത് വരെയും വ്യക്തമാക്കിയിട്ടില്ലെന്ന് ബ്രിട്ടീഷ് അധികൃതർ പറഞ്ഞു. വിഷയത്തിൽ സൂക്ഷ്മമായി അന്വേഷണം നടന്ന് വരികയാണെന്നാണ് യുകെയിലെ ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തത്.

ആത്മഹത്യ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ലോയ്ക്ക് നൽകുന്നത് വൈറ്റ് ക്രിസ്റ്റലൈൻ സബ്സ്റ്റൻസ് എന്ന രാസവസ്തുവാണ്. ഇവ ഉപയോഗിക്കുമ്പോൾ ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ് ശ്വാസ തടസ്സമുണ്ടാകുകയും മരണത്തിനു കാരണമാവുകയുമാണ് ചെയ്യുന്നത്. 1200 പാക്കറ്റുകളാണ് 40 രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി ഓർഡർ ചെയ്തവർക്ക് ലോയ്ക്ക് അയച്ചു നൽകിയിരിക്കുന്നത്. നിലവിൽ അമേരിക്ക, ന്യൂസിലൻഡ്, ഇറ്റലി, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ കേസിലുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.