Crime (Page 9)

.

കണ്ണൂര്‍: പാനൂർ മൻസൂർ കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാള്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും.കേരളത്തിനു പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള അദ്ദേഹം തിരിച്ചെത്തുന്നതുവരെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐ.ജി ജി.സ്പര്‍ജന്‍കുമാര്‍ അന്വേഷണം ഏകോപിപ്പിക്കും എന്നാണ് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വിക്രമനാണ് അന്വേഷണച്ചുമതല.

ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് പാനൂർ മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂറിന് നേരെ ആക്രമണം നടന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിൽ സിപിഎം പ്രവർത്തകരുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ മൻസൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയിൽ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. ഇതുവരെ നാല് പേരാണ് പൊലീസിന്‍റെ പിടിയിലായത്. മറ്റുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്.
‌‌‌‌‌

മലപ്പുറം: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മന്‍സൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ നിയമപരമായി ഏതറ്റവും വരെയും പോകും എന്നും അന്വേഷണ സംഘത്തിന്റെ മേധാവി തന്നെ കേസ് അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥനാണ്. പഴയതുപോലെ കേസുകള്‍ തേച്ചു മായ്ച്ചു കളയാമെന്ന് സര്‍ക്കാര്‍ കരുതേണ്ട എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.അതേസമയം, മന്‍സൂറിനെ കൊലപ്പെടുത്താന് ഗൂഢാലോചന നടത്തിയത് വാട്‌സാപ്പ് സന്ദേശങ്ങളിലൂടെയാണെന്ന് പൊലീസ് പറഞ്ഞു.കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന് പണികൊടുക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ വാട്‌സാപ്പിലുണ്ട്. മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില് ഒളിവില് കഴിയുന്ന 24 പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
പൊലീസിനെതിരെ വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ അന്വേഷണസംഘത്തെ രണ്ടായി തിരിച്ചാണ് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നത്. രണ്ട് സിഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളായാണ് പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചിട്ടുള്ളത്.

കൊച്ചി : ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നുവെന്നും നിയമനടപടികളെ ക്രൈംബ്രാഞ്ച് ദുരുപയോഗം ചെയ്യുന്നുവെന്നും ആരോപിച്ച് ഇഡി ഹൈക്കോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദഗതികള്‍ക്ക് മറുപടിയായി ഇഡി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സന്ദീപ് നായരുടെ കത്തിനു പിന്നില്‍ ഉന്നതരാണെന്നും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇഡി ആരോപിച്ചു.

കണ്ണൂര്‍ : തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പുല്ലൂക്കര പാറാല്‍ മന്‍സൂര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായി. കൊലപാതകത്തിന് പിറകില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു.
149-ാം നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘര്‍ഷമുണ്ടായി. രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബെറിഞ്ഞ് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.അതേസമയം, പുതുപ്പള്ളി 55-ാം നമ്പര്‍ ബൂത്ത് ഏജന്റ് സോമന് ഇന്നലെ അര്‍ധരാത്രി വെട്ടേറ്റു.

supreme court

ന്യൂഡല്‍ഹി: മഅദ്‌നി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ.ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.2014ല്‍ ജാമ്യം ലഭിച്ച ശേഷം ഒരു പരാതി പോലുമില്ലെന്ന് മഅദ്‌നിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.

കൊല്ലം: റെയിൽവേ ട്രാക്കില്‍ തെങ്ങിന്‍തടി ​വെച്ച്‌ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച രണ്ടു പേർ അറസ്റ്റിലായി. അട്ടിമറി ശ്രമം നടത്തി മണിക്കൂറുകള്‍ക്കകമാണ് റെയില്‍വേ പൊലീസ് പ്രതികളെ പിടികൂടിയത്. ഇടവ തൊടിയില്‍ ഹൗസില്‍ സാജിദ് (27), കാപ്പില്‍ ഷൈലജ മന്‍സിലില്‍ ബിജു (30) എന്നിവരെ പിടികൂടി.ഞാ‍യറാഴ്ച പുലര്‍ച്ച 12.50ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയില്‍വേ ട്രാക്കിലാണ് സംഭവം.

ട്രാക്കിൽ തെങ്ങിൻ തടി വെച്ചതിനു പിന്നാലെ അതുവഴി കടന്നുവന്ന ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് ട്രെയിൻ തടിയിൽ തട്ടിയ ഉടൻ നിർത്തുകയായിരുന്നു. ട്രെയിൻ നിർത്തിയ ശേഷം ലോക്കോ പൈലറ്റ് ട്രാക്കിലുണ്ടായിരുന്ന വലിയ തടി കഷ്ണം എടുത്തു മാറ്റുകയായിരുന്നു. ട്രെയിൻ വേഗം കുറച്ചു വന്നതിനാലാണ് വൻ അപകടം ഒഴിവായതെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു.

ട്രാക്കിൽ നിന്ന് ലഭിച്ച തടിക്കഷണം ഉടൻ തന്നെ കൊല്ലം ആര്‍. പി. എഫ് പോസ്​റ്റില്‍ എത്തിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് ചീഫ് രാജേന്ദ്ര​ന്‍റെ നിര്‍ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചു. ഡി വൈ. എസ്. പി കെ. എസ്. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം റെയില്‍വേ പൊലീസ് സ്​റ്റേഷന്‍ സബ് ഇന്‍സ്പക്ടര്‍ ഇതിഹാസ് താഹ, കൊല്ലം റെയില്‍വേ പൊലീസ് സ്​റ്റേഷന്‍ ​ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, ഇന്‍റലിജന്‍സ് സ്ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യന്‍, വിമല്‍ എന്നിവരടങ്ങുന്ന പ്രത്യക സംഘം ആണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.

അധികം വൈകാതെ തന്നെ അന്വേഷണ സംഘം സംഭവ സ്ഥലത്തെത്തി. പുലർച്ചെ മുതൽ കാപ്പില്‍ പാറയില്‍ നിവാസികളായ നൂറോളം പേരെ പൊലീസ് സംഘം ചോദ്യം ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് തെങ്ങിൻ തടി കൊണ്ടുവന്നതെന്ന് സംശയം തോന്നിയ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. തുടർന്ന് ഇവരെ തുടർ നടപടികൾക്കായി കൊല്ലം ആർ പി എഫ് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു.

കണ്ണൂർ : പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ സിബിഐ ചോദ്യം ചെയ്തു. റിമാന്റിൽ കഴിയുന്ന 11 പ്രതികളെയാണ് ചോദ്യം ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയായിരുന്നു ചോദ്യം ചെയ്യൽ.

കേസ് ഏറ്റെടുത്തതിന് പിന്നാലെ പ്രതികളെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് കോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ ജയിലിൽ എത്തിയത്. മൂന്ന് ദിവസം മുൻപാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

കേസിലെ ആദ്യ മൂന്ന് പ്രതികളായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ, സിജെ സജി, കെ.എം സുരേഷ് എന്നിവരെ ചൊവ്വാഴ്ചയും, 4 മുതൽ 11 വരെയുള്ള പ്രതികളെ ഇന്നലെയും ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായാണ് പ്രതികൾ മൊഴി നൽകിയത് എന്നാണ് വിവരം.

തുടർന്ന് വ്യാഴാഴ്ച മുഴുവൻ പ്രതികളെയും വീണ്ടും ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ, കുറ്റപത്രത്തിലെ വിവരങ്ങൾ, സിബിഐയുടെ കണ്ടെത്തൽ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ

പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസിലെ അന്വേഷണം സിബിഐ ഏറ്റെടുത്തു. രണ്ട് കുട്ടികളുടെയും മരണത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.

സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈ.എസ്പി അനന്തകൃഷ്ണനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. മൂന്ന് പ്രതികൾക്കെതിരെയാണ് കേസ്. പോക്സോ, എസ്സി – എസ്ടി നിയമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് കേസ് സിബിഐക്ക് വിട്ടത്.

വാളയാർ അട്ടപ്പള്ളത്ത് 13കാ​​രി​​​യെ 2017 ജ​​നു​​വ​​രി 13നും സഹോദരിയായ ​​ഒ​​മ്പ​​തു വ​​യ​​സ്സു​​കാ​രി​യെ മാ​​ർ​​ച്ച് നാ​​ലി​​നും തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും പ്ര​​കൃ​​തി​​വി​​രു​​ദ്ധ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ​താ​​യി ക​​ണ്ടെ​​ത്തിയിരുന്നു. ഷിബു, വലിയ മധു, ചെറിയ മധു എന്നിവരാണ് കേസിലെ പ്രതികൾ.

പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിട്ടത്

ന്യൂഡല്‍ഹി: ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യ സ്ഥിതി മോശമാകുന്നതിനാല്‍ ജന്മദേശത്തേക്ക് പോകാന്‍ അനുവദിക്കണം എന്നാണ് ആവശ്യം. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ളു അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

ബെംഗളൂരു സ്‌ഫോടന കേസിലെ വിചാരണ പൂര്‍ത്തിയാകുന്നതു വരെ മദനിക്ക് ജാമ്യത്തില്‍ കഴിയാമെന്ന് 2014 ജൂലായില്‍ പുറപ്പടിവിച്ച ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പ്രമേഹവും ഹൃദ്രോഹവും ഉള്‍പ്പടെ നിരവധി അസുഖങ്ങള്‍ അലട്ടുന്നതിനാല്‍ ആയിരുന്നു മദനിക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ കാലയളവില്‍ ബെംഗളൂരു വിട്ട് മദനി പോകരുതെന്നും നിര്‍ദേശിച്ചിരുന്നു. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് 2014 നവംബര്‍ 14 ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമക്കായിരുന്നതാണ്.

എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല. വിചാരണ കോടതിയിലെ പഴയ ജഡ്ജി സ്ഥലംമാറി പോയതിനുശേഷം പുതിയ ജഡ്ജിയെ നിയമിച്ചിട്ടില്ല. നിലവില്‍ വിചാരണ നടപടികള്‍ ഒച്ച് ഇഴയുന്ന വേഗത്തിലാണ് പോകുന്നതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ മദനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ബെംഗളൂരുവില്‍ കോവിഡ് കേസ്സുകളുടെ എണ്ണം കൂടുന്നതിനാല്‍ ആവശ്യമായ ചികത്സ ലഭിക്കുന്നില്ല. അച്ഛന്റെ ആരോഗ്യ സ്ഥിതിയും മോശമാണെന്ന് മദനി തന്റെ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.