ഐ എസ് തീവ്രവാദി നബീൽ, എൻ ഐ എ കസ്റ്റഡിയിൽ.

കേരളത്തില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ഐ.എസ്. തീവ്രവാദി നബീല്‍ ഈ മാസം 16 വരെ എന്‍.ഐ.എ. കസ്റ്റഡിയില്‍. വിശദമായി ചോദ്യം ചെയ്യാന്‍ ഏഴുദിവസത്തെ കസ്റ്റഡിയാണ് എന്‍.ഐ.എ. ആവശ്യപ്പെട്ടിരുന്നത്. ഭീകരാക്രമണപദ്ധതിയില്‍ സെയ്ത് നബീല്‍ അഹമ്മദ് എന്ന നബീലിനു മുഖ്യപങ്കാളിത്തമുണ്ടെന്ന് എന്‍.ഐ.എ. കോടതിയില്‍ അറിയിച്ചിരുന്നു.തൃശൂര്‍ സ്വദേശിയായ നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം കൊടുത്തതെന്നാണ് എന്‍ ഐ എ യുടെ കണ്ടെത്തല്‍. ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താനായിരുന്നു നബീലിന്റെ പദ്ധതി. പ്രതിയെ ഗൂഢാലോചന നടന്ന കേന്ദ്രങ്ങളിലടക്കമെത്തിച്ചു തെളിവെടുപ്പു നടത്തും. പെറ്റ് ലവേര്‍സ് എന്നപേരില്‍ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം നടന്നത്.കേസിലെ രണ്ടാം പ്രതിയായ നബീലിനെ കഴിഞ്ഞ ആറിനു ചെെന്നെ വിമാനത്താവളത്തില്‍ നിന്നാണ് എന്‍.ഐ.എ. പിടികൂടിയത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ നേപ്പാളിലേക്കു കടക്കാനെത്തിയതായിരുന്നു. കേരളത്തിലെ ഐ.എസ്. മൊഡ്യൂളിന്റെ പ്രധാനികളില്‍ ഒരാളാണ് നബീലെന്നും പാലക്കാടും തൃശൂരും നടന്ന ഗൂഢാലോചനകളില്‍ പങ്കാളിയായിട്ടുണ്ടെന്നുമായിരുന്നു കണ്ടെത്തല്‍.ക്രിസ്തീയ മതപണ്ഡിതനെ അപായപ്പെടുത്താനും പദ്ധതിയുണ്ടായിരുന്നു. ഐഎസ് പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ തൃശൂര്‍- പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. ഖത്തറില്‍ നിന്നാണ് നബീല്‍ ഐ.എസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. കൊച്ചി പ്രത്യേക എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നേരത്തെ റിമാന്റ്് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ടു കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.