Recent Posts (Page 1,632)

ന്യൂഡൽഹി: സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിനായി അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. മലയാളി യുവതി സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

വിവരങ്ങൾ അടങ്ങിയ നോട്ടീസ് പൊതുയിടങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്. മലയാളിയായ ആതിര ആർ മേനോനാണ് ഹർജി സമർപ്പിച്ചത്. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിൽ എതിർപ്പ് അറിയിക്കാനുള്ള വ്യവസ്ഥയടക്കമുള്ള ചട്ടങ്ങൾ ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. പൊതുതാത്പര്യ ഹർജിയിലൂടെ നിയമത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.

തിരുവനന്തപുരം: 2019 ല്‍ പുറത്തിറക്കിയ ബഫര്‍ സോണ്‍ വിഷയത്തിലെ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍. ഉത്തരവ് റദാക്കിയിട്ടില്ലെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ആവശ്യമായ രേഖകളും വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

അതേസമയം, സര്‍ക്കാര്‍ പോസിറ്റീവ് ആയി മറുപടി പറയുന്നില്ലെന്ന് പ്രതിപക്ഷ എംഎല്‍എ സണ്ണി ജോസഫ് കുറ്റപ്പെടുത്തി. 2019 ലെ മന്ത്രിസഭാ തീരുമാനം, സര്‍ക്കാര്‍ ഉത്തരവ് എന്നിവ റദ്ദാക്കണമെന്നും പ്രതിപക്ഷം ആവര്‍ത്തിച്ചു. ബഫര്‍ സോണ്‍ അപകടകരമായ സ്ഥിതി വിശേഷമാണെന്നും എല്ലാത്തിന്റെയും പൂര്‍ണ ഉത്തരവാദി സര്‍ക്കാരും വനം മന്ത്രിയുമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

എന്നാല്‍, നിലവിലുള്ളത് പുതിയ ഉത്തരവാണെന്ന് വനംമന്ത്രി വിശദീകരിച്ചു. തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് പ്രതിപക്ഷ നേതാവിന്റേത്. മന്ത്രിസഭാ ഉത്തരവും സുപ്രീം കോടതി വിധിയും തമ്മില്‍ ബന്ധമില്ല. കേരളത്തെ കേള്‍ക്കാതെ ആയിരുന്നു സുപ്രീം കോടതി ഉത്തരവെന്നും ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെഎസ്ആർടിസിയെ ദയാവധത്തിന് വിട്ടു കൊടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് അദ്ദേഹം പറഞ്ഞു. മാനേജ്‌മെന്റിന്റേയും സർക്കാരിന്റേയും കെടുകാര്യസ്ഥത മൂലം തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ് കെഎസ്ആർടിസിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാവപ്പെട്ടവന്റെ പൊതുഗതാഗത സംവിധാനത്തെ രക്ഷപ്പെടുത്താൻ സർക്കാരിന് താത്പര്യമില്ല. അടിയന്തരപ്രമേയ നോട്ടീസായി വിഷയം സഭയിൽ ഉന്നയിച്ചുവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കെഎസ്ആർടിസി ശമ്പള വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കണമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ ശേഷമാണ് ശമ്പള പരിഷ്‌കരണം നടത്തിയത്. ഇപ്പോൾ എതിർക്കുന്നു. അധിക വരുമാനമുണ്ടാക്കാൻ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കണമെന്നും ഈ ആഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യൂണിയനുകളുമായി വിഷയം ചർച്ച ചെയ്യുമെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.

ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ‘ആനക്കൊമ്പ് പിടിക്കുമ്പോള്‍ ലാലിന്റെ കൈയ്യില്‍ ഉടമസ്ഥാവകാശ രേഖ ഉണ്ടായിരുന്നില്ല. ലാലിന് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടോ? ഹര്‍ജി തള്ളിയാല്‍ സര്‍ക്കാരല്ലേ അപ്പീല്‍ നല്‍കേണ്ടത്?’- കോടതി ചോദിച്ചു. എന്നാല്‍, പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം.

അതേസമയം, കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി പെരുമ്പാവൂര്‍ കോടതി തള്ളിയതിനെതിരെ നടന്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തുകയായിരുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും, പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2012 ല്‍ ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ ആദായ നികുതി വകുപ്പ് പിടികൂടുന്നത്.

തിരുവനന്തപുരം: മന്ത്രിസഭാ വികസനം ഓണാവധിയ്ക്ക് ശേഷം മാത്രമെ ഉണ്ടാകൂവെന്ന് റിപ്പോർട്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വി ഗോവിന്ദൻ സ്ഥാനമേറ്റതോടെ മന്ത്രിസഭാ വികസനം ഉറപ്പായിരിക്കുകയാണ്. മന്ത്രിസഭയിലേക്ക് കെ കെ ശൈലജയെ പരിഗണിച്ചേക്കുമെന്നാണ് വിവരം. കണ്ണൂർ ജില്ലയിൽ നിന്നുള്ള എം വി ഗോവിന്ദന് പകരം മന്ത്രി അതേ ജില്ലയിൽ നിന്ന് മതിയെന്ന് തീരുമാനിച്ചാൽ ശൈലജ മന്ത്രിസഭയിലേക്കെത്താനാണ് സാധ്യത. കഴിഞ്ഞ മന്ത്രിസഭയിലുള്ളവരെ വേണ്ടെന്ന തീരുമാനം ശൈലജയ്ക്ക് വേണ്ടി മാത്രം മാറ്റുമോയെന്ന കാര്യം വ്യക്തമല്ല.

മലപ്പുറത്ത് നിന്ന് സി.ഐ.ടി.യു പ്രമുഖനായ പി. നന്ദകുമാറിനെയും കാസർകോട് നിന്ന് സി.എച്ച്. കുഞ്ഞമ്പുവിനെയും മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിസഭാ പുനഃസംഘടന ചർച്ചാവിഷയമാകും. വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറിയാക്കാനും വി ജോയിയെ മന്ത്രിയാക്കാനും സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

സ്പീക്കർ എം.ബി. രാജേഷിനെ മന്ത്രിസ്ഥാനത്തേക്കും മന്ത്രി വീണാ ജോർജിനെ സ്പീക്കർ പദവിയിലേക്കും പരിഗണിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതേസമയം, മന്ത്രിസഭയിൽ കാര്യമായ അഴിച്ചുപണി ഉണ്ടാവില്ലെന്നാണ് നേതൃത്വം അറിയിച്ചിട്ടുള്ളത്.

ന്യൂഡൽഹി: പാർട്ടിയിലെ എല്ലാവരുടെയും പിന്തുണ രാഹുൽ ഗാന്ധിയ്ക്കാണെന്ന് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. വിദേശത്തുനിന്നു മടങ്ങിയെത്തിയാൽ രാഹുലിനെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനായി നിർബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി ആദ്യം പരിഗണിക്കുന്ന പേര് രാഹുൽ ഗാന്ധിയുടേത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് അദ്ധ്യക്ഷനാകാൻ പാർട്ടി ആദ്യം പറയുന്നത് രാഹുൽ ഗാന്ധിയെ തന്നെയാണ്. അതിൽ മാറ്റമില്ല. എന്നാൽ കോൺഗ്രസ് തങ്ങളുടെ അഭ്യർഥന അംഗീകരിക്കുമോ എന്നതിനെക്കുറിച്ച് വ്യക്തമല്ല. അക്കാര്യത്തിൽ ഒരു സൂചനയും അദ്ദേഹം നൽകിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വിദേശത്ത് നിന്ന് എത്തുമ്പോൾ അനുനയിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 17 നാണ് എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്. 19 നാണ് വോട്ടെണ്ണൽ. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനമായത്. സെപ്തംബർ 27 ന് വിജ്ഞാപനമിറങ്ങും. നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തിയതി സെപ്തംബർ 30 ആണ്. സ്ഥാനാർഥി പട്ടിക ഒക്ടോബർ 8ന് പ്രസിദ്ധീകരിക്കും.

ന്യൂഡൽഹി: രാജ്യത്തെ 25-ലധികം നഗരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മീറ്റ് ദ ചാമ്പ്യൻ’ പരിപാടി സംഘടിപ്പിച്ച് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം. രാജ്യത്തെ 26 വിദ്യാലയങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദേശീയ കായിക ദിനത്തോട് അനുബന്ധിച്ചാണ് നടപടി.

കോമൺവെൽത്ത് ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും സ്വർണമെഡൽ നേടിയ നിഖാത് സരീൻ, പാരാലിമ്പിക്‌സ്-കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവ് ഭാവിന പട്ടേൽ, ടോക്കിയോ ഒളിമ്പിക്‌സിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടിയ മൻപ്രീത് സിംഗ് തുടങ്ങിയവർ ഉൾപ്പെടെ രാജ്യത്തിന്റെ അഭിമാന കായിക താരങ്ങൾ പരിപാടിയിൽ പങ്കെടുക്കും.

വിവിധ മത്സരങ്ങളിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ മെഡൽ ജേതാക്കൾ രാജ്യത്തെ വിദ്യാലയങ്ങൾ സന്ദർശിക്കുന്ന പരിപാടിയാണ് ‘മീറ്റ് ദ ചാമ്പ്യൻ’. കഴിഞ്ഞ വർഷം ഡിസംബറിലാണ് പദ്ധതി ആരഭിച്ചത്. ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. വിദ്യാലയങ്ങൾ സന്ദർശിക്കുന്ന കായിക താരങ്ങൾ അവരുടെ അനുഭവങ്ങളും ജീവിത പാഠങ്ങളും ഭക്ഷണക്രമങ്ങളുമെല്ലാം വിദ്യാർത്ഥികളോട് പങ്കുവെയ്ക്കും. ദേശീയ കായിക ദിനത്തോടനുബന്ധിച്ചും ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായും കോമൺവെൽത്ത് ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുത്ത കായിക താരങ്ങളെ ഉൾപ്പെടുത്തി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ സംരംഭം വിപുലീകരിച്ചത്.

ഈയടുത്തായി നടന്ന ഒരു സ്‌റ്റേജ് പരിപാടിയില്‍ മോഹന്‍ലാല്‍ ശ്രീനിവാസന് മുത്തം നല്‍കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അസുഖം കാരണം ശ്രീനിവാസന്‍ ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു പൊതുവേദിയിലെത്തിയത്.

ചാനല്‍ നല്‍കുന്ന പുരസ്‌കാരം സ്വീകരിക്കാന്‍ വേദിയിലെത്തിയ ശ്രീനിവാസനെ സ്നേഹത്തോടെ മോഹന്‍ലാല്‍ സ്വീകരിക്കുകയും സ്നേഹ ചുംബനം നല്‍കുകയും ചെയ്തു. ‘പ്രിയപ്പെട്ട ശ്രീനിവാസന് നന്ദി, വിളിച്ച ഉടനെ അനാരോഗ്യം മാറ്റിവച്ച് എത്തിയതിന്’ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍, ‘രോഗശയ്യയിലായിരുന്നു, അല്ല രോഗമുള്ള ഞാന്‍ ശയ്യയിലായിരുന്നു’ എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള വാക്കുകളും തമാശകളും നമുക്ക് ഇനിയും കേള്‍ക്കാനാകുമെന്നായിരുന്നു ഇതുകേട്ട് സത്യന്‍ അന്തിക്കാടിന്റെ പ്രതികരണം.

നാഗ്പുര്‍: ബിസിനസിലായാലും സാമൂഹിക പ്രവര്‍ത്തനമോ രാഷ്ട്രീയമോ ആയാലും മനുഷ്യബന്ധങ്ങളാണ് വലിയ ശക്തിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ശനിയാഴ്ച നാഗ്പുരില്‍ സംരംഭകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരാളെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു രസിക്കരുത്. നല്ല കാലമോ ചീത്തകാലമോ ആകട്ടെ, നിങ്ങള്‍ ഒരാളുടെ കൈ പിടിച്ചാല്‍ എല്ലായ്പ്പോഴും മുറുകെപ്പിടിച്ചിരിക്കണം. അധികാരത്തിലുള്ളയാളെ ആരാധിക്കരുത്.
വിദ്യാര്‍ഥി നേതാവായിരിക്കെ എന്നോട് കോണ്‍ഗ്രസില്‍ ചേരാന്‍ മുതിര്‍ന്ന നേതാവ് ശ്രീകാന്ത് ജിച്കര്‍ ആവശ്യപ്പെട്ടിരുന്നു. കിണറ്റിലേക്കു ചാടി മരിക്കാന്‍ തയാറായാലും കോണ്‍ഗ്രസില്‍ ചേരാനില്ല. അവരുടെ പ്രത്യയശാസ്ത്രം എനിക്ക് ഇഷ്ടമല്ല എന്നായിരുന്നു എന്റെ മറുപടി. യുവ സംരംഭകര്‍ അഭിലാഷങ്ങളെ ഒരിക്കലും വിട്ടുകളയരുത്’- മന്ത്രി പറഞ്ഞു.

പരാജയപ്പെടുമ്പോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്പോഴാണ് ഒരു മനുഷ്യന്‍ തോല്‍ക്കുന്നതെന്നു മുന്‍ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്റെ ആത്മകഥയിലെ വാചകവും അദ്ദേഹം ആവര്‍ത്തിച്ചു.

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ഇടപെടലുമായി ഹൈക്കോടതി. മത്സ്യത്തൊഴിലാളികൾക്ക് എന്ത് പരാതിയുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതി തടസ്സപ്പെടുത്തിയാകരുത് പ്രതിഷേധമെന്ന് കോടതി അറിയിച്ചു. തുറമുഖ പദ്ധതി നിർമ്മാണം നിർത്തിവെക്കാൻ നിർദ്ദേശം നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

വിഴിഞ്ഞത്ത് പോലീസ് സംരക്ഷണം തേടിയാണ് അദിനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. മേഖലയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പോലീസ് സംരക്ഷണം വേണമെന്ന് കരാർ കമ്പനിയും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സേനയുടെയും പോലീസിന്റെയും സംരക്ഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നൂറ് കണക്കിന് സമരക്കാർ പദ്ധതി പ്രദേശത്തെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇരച്ച് കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കി. സമരക്കാർ അക്രമം അഴിച്ചുവിട്ടപ്പോൾ പോലീസ് നിഷ്‌ക്രിയരായി നോക്കി നിന്നെന്നും അദാനി ഗ്രൂപ്പ് ഹർജിയിൽ പറയുന്നു.

മത്സ്യത്തൊഴിലാളികൾക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം. എന്നാൽ പദ്ധതി തടസ്സപ്പെടുത്തരുത്. പദ്ധതിയെക്കുറിച്ച് പരാതി ഉണ്ടെങ്കിൽ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാം. പ്രതിഷേധം നിയമത്തിന്റെ പരിധിയിൽ നിന്നാകണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതിഷേധമുള്ളത് കൊണ്ട് നിർമ്മാണം നിർത്തിവെക്കാൻ നിർദ്ദേശിക്കാൻ ആകില്ലെന്നും കോടതി നിലപാടെടുത്തു.