ദേശീയ കായിക ദിനം; മീറ്റ് ദ ചാമ്പ്യൻ പരിപാടി സംഘടിപ്പിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ 25-ലധികം നഗരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മീറ്റ് ദ ചാമ്പ്യൻ’ പരിപാടി സംഘടിപ്പിച്ച് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം. രാജ്യത്തെ 26 വിദ്യാലയങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദേശീയ കായിക ദിനത്തോട് അനുബന്ധിച്ചാണ് നടപടി.

കോമൺവെൽത്ത് ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും സ്വർണമെഡൽ നേടിയ നിഖാത് സരീൻ, പാരാലിമ്പിക്‌സ്-കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവ് ഭാവിന പട്ടേൽ, ടോക്കിയോ ഒളിമ്പിക്‌സിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടിയ മൻപ്രീത് സിംഗ് തുടങ്ങിയവർ ഉൾപ്പെടെ രാജ്യത്തിന്റെ അഭിമാന കായിക താരങ്ങൾ പരിപാടിയിൽ പങ്കെടുക്കും.

വിവിധ മത്സരങ്ങളിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ മെഡൽ ജേതാക്കൾ രാജ്യത്തെ വിദ്യാലയങ്ങൾ സന്ദർശിക്കുന്ന പരിപാടിയാണ് ‘മീറ്റ് ദ ചാമ്പ്യൻ’. കഴിഞ്ഞ വർഷം ഡിസംബറിലാണ് പദ്ധതി ആരഭിച്ചത്. ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. വിദ്യാലയങ്ങൾ സന്ദർശിക്കുന്ന കായിക താരങ്ങൾ അവരുടെ അനുഭവങ്ങളും ജീവിത പാഠങ്ങളും ഭക്ഷണക്രമങ്ങളുമെല്ലാം വിദ്യാർത്ഥികളോട് പങ്കുവെയ്ക്കും. ദേശീയ കായിക ദിനത്തോടനുബന്ധിച്ചും ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായും കോമൺവെൽത്ത് ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുത്ത കായിക താരങ്ങളെ ഉൾപ്പെടുത്തി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ സംരംഭം വിപുലീകരിച്ചത്.